380 ദശലക്ഷം ഉപയോക്താക്കളുമായി ഫോണ്‍പേ; മറ്റൊരു പുതിയ മുന്നേറ്റവും പങ്കുവച്ച് കമ്പനി

380 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഡിജിറ്റല്‍ പേയ്മെന്റ് ആപ്പായി മുന്‍നിരയില്‍ വീണ്ടും ഫോണ്‍പേ. PhonePe, വാര്‍ഷിക TPV റണ്‍ റേറ്റില്‍ 830 ബില്യണ്‍ ഡോളര്‍( $830 Bn) വരെ ചേര്‍ക്കുന്ന 3 Bn പ്രതിമാസ ഇടപാടുകള്‍ നടത്തിയതായി കമ്പനിയുടെ പുതിയ ട്വീറ്റ്. ഒപ്പം യുഎസില്‍ പുതിയ ഓഫീസ് തുറക്കുന്നകാര്യവും കമ്പനി അറിയിച്ചു.

ഇന്ത്യയില്‍ 99% പിന്‍ കോഡുകളും പിന്നിട്ട് ഓണ്‍ലൈന്‍ ഇടപാടുകാര്‍ക്കൊപ്പം 30 ദശലക്ഷത്തോളം ഓഫ്ലൈന്‍ വ്യാപാരികളെ വിജയകരമായി ഡിജിറ്റൈസ് ചെയ്തതായും കമ്പനി അവകാശപ്പെടുന്നു. ഫോണ്‍പേ കൂടാതെ, ഗൂഗിള്‍ പേ, പേടിഎം പേയ്മെന്റ് ബാങ്ക് ആപ്പ്, ആമസോണ്‍ പേ, ആക്സിസ് ബാങ്ക്‌സ് ആപ്പ് തുടങ്ങിയ മുന്‍നിര യുപിഐ ആപ്പുകള്‍ ആണ് ഏറ്റവും കൂടുതല്‍ കഴിഞ്ഞ പാദത്തില്‍ രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ഉപയോഗിക്കപ്പെട്ടിട്ടുള്ളത്.

യുപിഐ ഇടപാടുകളുടെ 94.8 ശതമാനവും ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം എന്നിവയിലൂടെയാണ് നടന്നിരിക്കുന്നത്. ഇതില്‍ ഫോണ്‍പേ ആണ് മുന്നിലെത്തിയത്.

രാജ്യത്ത് 9.3 ശതകോടി ഡിജിറ്റല്‍ പണമിടപാട്

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 9.3 ശതകോടി ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകള്‍ നടന്നതായി വേള്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. 9.3 ബില്യണിലധികം ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകളിലായി 10 ലക്ഷം കോടിയിലേറെ രൂപ കൈമാറിയതായാണ് റിപ്പോര്‍ട്ട്.

യുപിഐ പേഴ്സണ്‍ ടു മര്‍ച്ചന്റ് കൂടാതെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ വാലറ്റുകള്‍, പ്രീപെയ്ഡ് കാര്‍ഡുകള്‍ പോലുള്ള പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണങ്ങള്‍ തുടങ്ങിയ മോഡുകള്‍ വഴിയാണ് ഇടപാടുകള്‍ നടന്നിരിക്കുന്നത്.

യുപിഐ വഴി 14.55 ബില്യണിലധികം ഇടപാടുകളും നടന്നിട്ടുണ്ട്. 26.19 ട്രില്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് നടന്നിരിക്കുന്നത്

2022 ലെ ഒന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടന്നിരുന്ന ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക്, പേടിഎം പേയ്മെന്റ് ബാങ്ക് എന്നിവയാണ്.

ഏറ്റവും മികച്ച ഗുണഭോക്തൃ ബാങ്കുകള്‍ പേടിഎം പേയ്മെന്റ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ്.

Dhanam News Desk
Dhanam News Desk  
Next Story
Share it