വിസ, മാസ്റ്റര്‍കാര്‍ഡ്, അല്ലെങ്കില്‍ രൂപെ? കാര്‍ഡ് ഏതു വേണമെന്ന് ഇന്ന് മുതല്‍ ഇടപാടുകാര്‍ക്ക് നിശ്ചയിക്കാം

ഇടപാടുകാര്‍ക്ക് ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് കാര്‍ഡ് എന്നിവ നല്‍കുമ്പോള്‍ അത് വിസ കാര്‍ഡ് വേണാ, മാസ്റ്റര്‍കാര്‍ഡ് വേണാ, രൂപെ കാര്‍ഡ് വേണാ എന്നെല്ലാം നിശ്ചയിച്ചിരുന്നത് ഇത് വരെ കാര്‍ഡ് കൊടുക്കുന്ന ബാങ്കുകളും മറ്റു സ്ഥാപനങ്ങളുമാണ്. എന്നാല്‍ ഇന്ന് മുതല്‍ ഇത് ഇടപാടുകാര്‍ക്ക് നിശ്ചയിക്കാം.

റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമനുസരിച്ച് ഇന്ന് മുതല്‍ പുതിയ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ഏത് കാര്‍ഡ് വേണമെന്ന് തെരെഞ്ഞെടുക്കാനുള്ള സൗകര്യവും ഇടപാടുകാരന് നല്‍കണം. ഇത് വരെ ബാങ്കുകള്‍ കാര്‍ഡ് നെറ്റ്‌വർക്ക് നിശ്ചയിച്ചിരുന്നത് അതാത് ബാങ്കുകള്‍ കാര്‍ഡ് നെറ്റ്‌വർക്ക് കമ്പനികളുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണയുടെ അടിസ്ഥാനത്തിലാണ്.

സൗകര്യം പ്രധാനം

കാര്‍ഡുകളുടെ ജനസമ്മതി, കൂടുതല്‍ രാജ്യങ്ങളില്‍ ഉപയോഗിക്കുവാനുള്ള സൗകര്യം, കാര്‍ഡ് ഉപയോഗത്തിന് ഇടപാടുകാര്‍ക്ക് കമ്പനികള്‍ നല്‍കുന്ന ഇന്‍സെന്റീവുകള്‍, എയര്‍പോര്‍ട്ട് ലോഞ്ച് പോലുള്ള സൗകര്യങ്ങള്‍, മറ്റു കൊമേര്‍ഷ്യല്‍ നിബന്ധനകള്‍ എന്നിവയെല്ലാം പരിഗണിച്ചാണ് ഓരോ ബാങ്കും നെറ്റ്‌വർക്ക് കമ്പനി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനം ബാങ്കുകളുടെ വിലയിരുത്തുകളില്‍ മാത്രം അനുസരിച്ച് പാടില്ല എന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം.

ഇടപാടുകാര്‍ക്ക് തെരഞ്ഞെടുക്കാന്‍ കഴിയുന്ന വിധം വിസയുടെയും, മാസ്റ്റര്‍കാര്‍ഡിന്റെയും, രൂപേയുടെയും കാര്‍ഡുകള്‍ ഇന്നു മുതല്‍ ബാങ്കുകള്‍ നല്‍കണം. ഈ വിധം എല്ലാ കാര്‍ഡുകളും നല്‍കുന്നതിന് തടസ്സമായി നില്‍ക്കുന്ന രീതിയിലുള്ള കരാറുകളില്‍ ഒന്നും ഒരു പ്രത്യേക നെറ്റ്‌വർക്ക് കമ്പനിയുമായും ബാങ്കുകള്‍ ഏര്‍പ്പെടുവാന്‍ പാടില്ല.

ബാങ്കുകളെ സംബന്ധിച്ചേടത്തോളം പുതിയ സംവിധാനത്തിലേക്കുള്ള മാറ്റം രണ്ടു രീതിയില്‍ വെല്ലുവിളിയാണ്. ഒന്ന്, എല്ലാ കാര്‍ഡ് നെറ്റ്‌വർക്കുകളുമായും പങ്കാളികളായി പ്രവര്‍ത്തിക്കണം. രണ്ട്, സാങ്കേതികവിദ്യയില്‍ കൂടുതല്‍ മുതല്‍ മുടക്കണം. എന്നാല്‍ ഇടപാടുകാര്‍ ഈ മാറ്റം തീര്‍ച്ചയായും ഇഷ്ടപ്പെടും. കാരണം, ഏത് കാര്‍ഡ് വേണമെന്ന് ഇനി അവര്‍ തീരുമാനിക്കും!

Babu K A
Babu K A is a Banking and Financial Expert  

Related Articles

Next Story

Videos

Share it