സാധ്യതകളേറെ, മുന്നേറാം പുതിയ വഴികളിലൂടെ
സ്വര്‍ണ പണയ വായ്പാ രംഗത്ത് ഇനിയും ഏറെ സാധ്യതകള്‍ ശേഷിക്കുന്നുണ്ട്. രാജ്യത്തെ സ്വര്‍ണ പണയ ബിസിനസിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഇപ്പോഴും അസംഘടിത മേഖലയിലാണ്. അടുത്തിടെ മോര്‍ഗന്‍ സ്റ്റാന്‍ലി (അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനി)യുടെ റിപ്പോര്‍ട്ട് ഇക്കാര്യം വസ്തുനിഷ്ഠമായി വെളിപ്പെടുത്തിയിട്ടുണ്ട്.
ബാങ്കുകള്‍, കോ-ഓപ്പറേറ്റീവ് പ്രസ്ഥാനങ്ങള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പുറമെ കേരളത്തിലാണെങ്കില്‍ കെ.എസ്.എഫ്.ഇ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വര്‍ണ പണയ വായ്പാ രംഗത്ത് സജീവമാണ്. അപ്പോള്‍ സ്വാഭാവികമായും ഈ രംഗത്ത് വലിയ മത്സരമായെന്നും സാധ്യതകള്‍ കുറഞ്ഞുവരികയാണെന്നും തോന്നാം. പക്ഷേ ഇന്ത്യന്‍ കുടുംബങ്ങളിലുള്ളത് വലിയ സ്വര്‍ണ ശേഖരമാണ്.
ആദ്യം ആകര്‍ഷിച്ചത്
ഇന്ത്യയിലെ സ്വര്‍ണ പണയ വായ്പാ രംഗത്ത് പ്രവര്‍ത്തിക്കുന്ന എന്‍.ബി.എഫ്.സികളില്‍ ആദ്യമായി സ്വകാര്യ ഓഹരി നിക്ഷേപം ആകര്‍ഷിച്ചത് മണപ്പുറമാണ്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത സ്വര്‍ണ പണയ വായ്പാ രംഗത്തെ ആദ്യ എന്‍.ബി.എഫ്.സിയും മണപ്പുറം ഫിനാന്‍സാണ്. സ്വകാര്യ ഓഹരി ആകര്‍ഷിക്കാനുള്ള നീക്കങ്ങളുടെയെല്ലാം ഭാഗമായി ഞങ്ങള്‍ തന്നെയാണ് ആദ്യം പ്രമുഖ റിസര്‍ച്ച് സ്ഥാപനങ്ങളെ കൊണ്ട് 2007ല്‍ രാജ്യത്തെ ഗാര്‍ഹിക സ്വര്‍ണ ശേഖരത്തെ കുറിച്ച് പഠനം നടത്തിയത്. അങ്ങനെയാണ് 18,000-20,000 ടണ്‍ സ്വര്‍ണം ഇന്ത്യന്‍ കുടുംബങ്ങളിലുണ്ടെന്ന കണക്ക് പുറത്തുവരുന്നതും. വര്‍ഷം തോറും ഇറക്കുമതി ചെയ്യുന്ന സ്വര്‍ണവും കൂടി കണക്കാക്കുമ്പോള്‍ ഇപ്പോള്‍ അത് ഒരുപക്ഷേ 25,000 ടണ്‍ ഒക്കെ വന്നേക്കാം.
വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന്
ദേഹത്ത് അണിയാതെ വീട്ടില്‍ വെറുതെ ഇരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ പോലും അത്യാവശ്യത്തിന് പണയം വെച്ച് വായ്പയെടുക്കാന്‍ മടിയോ നാണക്കേടോ ഒക്കെ നമ്മുടെ കുടുംബങ്ങളിലുണ്ടായിരുന്നു. എന്നിട്ട് കൊള്ളപ്പലിശയ്ക്ക് മറ്റെവിടെ നിന്നെങ്കിലും പണം സ്വരൂപിക്കും. ഇത് മാറ്റിയെടുക്കാനാണ് 'വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന്...' എന്ന പരസ്യ ക്യാമ്പയ്ന്‍ മണപ്പുറം ഫിനാന്‍സ് ആരംഭിച്ചത്. പിന്നീട് അതിന് സ്വീകാര്യത കൂടി.
ഇപ്പോഴും സമൂഹത്തിലെ താഴേത്തട്ടിലുള്ളവരാണ് കൂടുതലും സ്വര്‍ണ വായ്പയെ ആശ്രയിക്കുന്നത്. കോവിഡ് കാലത്ത് ഞങ്ങള്‍ എം.എസ്.എം.ഇ വായ്പകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി. ഇന്ന് ആ മേഖലയില്‍ മികച്ച വളര്‍ച്ചയുണ്ടെന്ന് മാത്രമല്ല കിട്ടാക്കടം ഒരു ശതമാനത്തില്‍ താഴെയു മാണ്. ഇപ്പോള്‍ കച്ചവട മേഖലയിലുള്ളവര്‍ക്കായി സൂക്ഷ്മ വായ്പകള്‍ നല്‍കുന്നുണ്ട്. അതില്‍ കൂടുതലായി ശ്രദ്ധ നല്‍കുന്നുമുണ്ട്. ഉടനടി വായ്പ നല്‍കുന്ന ഇത്തരം സംവിധാനങ്ങളാണ് ഇടപാടുകാര്‍ക്ക് ആകര്‍ഷകമാവുക.
ടെക്നോളജി ഈ രംഗത്തെ അപ്പാടെ മാറ്റിമറിക്കും. നിര്‍മിത ബുദ്ധിയും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) റോബോട്ടിക്സും ഡാറ്റ അനലിറ്റിക്സുമെല്ലാമാണ് പുതിയ കാലത്തെ ബിസിനസുകളെ വ്യത്യസ്തമാക്കുക. അവസരങ്ങള്‍ എവിടെയും കുറവില്ല. പക്ഷേ അതിനെ മുതലെടുക്കാന്‍ വഴിമാറി നടക്കണമെന്നുമാത്രം.