Begin typing your search above and press return to search.
എടിഎമ്മില്‍ നിന്ന് ഉപയോഗിക്കാനാവാത്ത നോട്ടുകള്‍ കിട്ടിയാല്‍ എന്ത് ചെയ്യും? അറിയാം!
ഡിജിറ്റലായിട്ടാണ് ഇപ്പോൾ പണമിടപാടുകൾ കൂടുതലും നടക്കുന്നത്.എങ്കിലും ആവശ്യത്തിനായി ഒരു തുക കൈയിൽ വെക്കുന്നവരാണ് എല്ലാവരും. പണം ലഭിക്കാൻ ആശ്രയിക്കുന്നതാകട്ടെ തൊട്ടടുത്ത എ.ടി.എമ്മിനെയും.
ബാങ്കിൽ ക്യൂ നിന്നോ ചെക്ക് എഴുതി നൽകിയോ പണം സ്വീകരിക്കാതെ എ.ടി.എം കാർഡ് വഴി എളുപ്പത്തിൽ ഇപ്പോൾ പണം ലഭിക്കും. എന്നാൽ, ഈ നോട്ടുകൾ കീറിയതോ, ഒരു ഭാഗം നഷ്ടമായതോ അല്ലെങ്കിൽ കഷ്ണങ്ങളായി മാറിയ നോട്ടുകളോ ആണ് വികലമാക്കിയ നോട്ടുകളായി കണക്കാക്കുക. ഈ നോട്ടുകൾ ഉപയോഗിച്ച് യാതൊരു ഇടപാടുകളും നടത്താൻ കഴിയില്ല. ഇത്തരത്തിൽ കീറിയ നോട്ടുകൾ ലഭിച്ചാൽ നിങ്ങളുടെ പണം നഷ്ടമാകുമെന്ന ആശങ്ക വേണ്ട. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ നിർദേശങ്ങൾ പാലിച്ചാൽ മതി.
എന്താണ് ചെയ്യേണ്ടത്?
ഉപയോഗിക്കാനാവാത്ത നോട്ടുകൾ ലഭിച്ചാൽ ഏത് ബാങ്കിന്‍റെ എ.ടി.എമ്മിൽനിന്നാണോ പണം പിൻവലിച്ചത് ആ ബാങ്കിലെത്തണം. എ.ടി.എമ്മിൽനിന്ന് പണം ലഭിച്ചപ്പോൾ കിട്ടിയ സ്ലിപ്പിനൊപ്പം കീറിയ നോട്ടുകളും പണം പിൻവലിച്ച സമയം, തീയതി, എ.ടി.എം സ്ഥിതി ചെയ്യുന്ന സ്ഥലം എന്നിവ എഴുതിചേർത്ത അപേക്ഷയും നൽകണം. പണം പിൻവലിച്ചതിന്‍റെ സ്ലിപ്പ് ഇല്ലെങ്കിൽ മൊബൈൽ ഫോണിൽ പണം പിൻവലിച്ചത് സംബന്ധിച്ചുവന്ന മെസേജ് രേഖയായി നൽകിയാലും മതിയാകും. പിന്നീട് ബാങ്ക് അപേക്ഷ പരിശോധിച്ച ശേഷം കീറിയ നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ നൽകും.
തങ്ങൾ എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്നതിന് മുമ്പ് അത്യാധുനിക മെഷീൻ ഉപയോഗിച്ച് പരിശോധിക്കും. അതിനാൽ തന്നെ വികലമാക്കിയ നോട്ടുകൾ ലഭിക്കാൻ സാധ്യതയില്ല. എങ്കിലും ഇത്തരം നോട്ടുകൾ ലഭിക്കുകയാണെങ്കിൽ തൊട്ടടുത്ത ബ്രാഞ്ച് സന്ദർശിച്ചാൽ മതിയാകും' -ഒരു ഉപഭോക്താവ് ട്വിറ്ററിൽ പങ്കുവെച്ച ചോദ്യത്തിന് മറുപടിയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതിനിധി കുറിച്ചു.
എസ് ബി ഐയുടെ *https://crcf.sbi.co.in/ccf/* എന്ന ലിങ്ക് വഴിയും നോട്ടുകളുമായി ബന്ധപ്പെട്ട പരാതികൾ ഉന്നയിക്കാം. എസ്.ബി.ഐയുടെ എ.ടി.എം സേവനങ്ങൾക്കായിരിക്കും ഈ ഓൺലൈൻ സേവനം ലഭ്യമാകുക.
വികലമാക്കപ്പെട്ട നോട്ടുകൾ മാറി നൽകുന്നതിനുള്ള റിസർവ് ബാങ്കിന്‍റെ നിർദേശങ്ങൾ ബാങ്ക് ജീവനക്കാർ ലംഘിച്ചാൽ ഉപഭോക്താക്കൾക്ക് പരാതി നൽകാൻ സാധിക്കും. ബാങ്കിനെതിരെ 10,000 രൂപ വരെ പിഴ ഈടാക്കാനും കഴിയും.
Next Story
Videos