ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ ഹോം ലോണ്‍ നല്‍കുന്ന ബാങ്കുകള്‍ ഏതൊക്കെ?

വീടും ഫ്‌ളാറ്റും വാങ്ങുന്നവര്‍ക്ക് ഇത് നല്ല കാലമാണ്. എക്കാലത്തെയും കുറഞ്ഞ നിരക്കിലാണ് ബാങ്കുകള്‍ ഭവനവായ്പകള്‍ നല്‍കുന്നത്. ഇപ്പോഴത്തെ കുറഞ്ഞ നിരക്കുകള്‍ പ്രയോജനപ്പെടുത്തി വീടോ ഫ്‌ളാറ്റോ വാങ്ങുന്നവര്‍ക്ക് വിവിധ ബാങ്കുകളിലെ പലിശ നിരക്കുകള്‍ താരതമ്യം ചെയ്ത് നോക്കി വാങ്ങാം.

കുറഞ്ഞ പലിശയുള്ള ബാങ്കുകളിലേക്ക് ഇപ്പോഴുള്ള ഭവനവായ്പ മാറാന്‍ ആഗ്രഹിക്കുന്നവര്‍ പ്രോസസിംഗ് ചാര്‍ജുകള്‍ മനസ്സിലാക്കണം. അതു പോലെ ഏത്രനാളത്തേക്കുള്ളതാണ് ഈ ഓഫറുകള്‍ പിന്നീട് വര്‍ധിപ്പിക്കുമോ എന്നിവ പോലുള്ള കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കിയിരിക്കണം. വനിതകള്‍ക്ക് നിരക്കിളവുമുണ്ട് പല ബാങ്കുകളിലും. ഇതാ വിവിധ ഹോംലോണ്‍ നിരക്കുകളും ഓഫറുകളും പരിശോധിക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വെറും 6.70%നിരക്കില്‍ ക്രെഡിറ്റ് സ്‌കോര്‍-ലിങ്ക്ഡ് ഹോം ലോണുകള്‍ വാഗ്ദാനം ചെയ്യുന്നു. നേരത്തെ 75 ലക്ഷം രൂപയില്‍ കൂടുതല്‍ വായ്പ എടുക്കുന്ന ഒരു വായ്പക്കാരന് 7.15%പലിശ നല്‍കേണ്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരക്കാര്‍ക്കും 6.7 ശതമാനമാക്കിയിട്ടുണ്ട്.
പഞ്ചാബ് നാഷണല്‍ ബാങ്ക്:
പിഎന്‍ബി 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭവന വായ്പകളുടെ പലിശ നിരക്കുകള്‍ 0.50 ശതമാനം കുറച്ച് 6.60% മുതലാക്കിയിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവും കുറഞ്ഞ ഹോം ലോണ്‍ നിരക്ക് ഇതാണെന്നും ബാങ്ക് അവകാശപ്പെടുന്നു.
ഐസിഐസിഐ:
ഐസിഐസിഐ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് 6.70% മുതല്‍ ആകര്‍ഷകമായ പലിശ നിരക്കില്‍ (റിപ്പോ നിരക്ക് ലിങ്ക് ചെയ്തത്) വായ്പകള്‍ ലഭ്യമാണ്. 1,100 രൂപ മുതല്‍ പ്രോസസിംഗ് ചാര്‍ജുകളില്‍ പുതിയ ഹോം ലോണുകളും മറ്റ് ബാങ്കുകളില്‍ നിന്നുള്ള ഹോം ലോണുകളുടെ ബാലന്‍സ് ട്രാന്‍സ്ഫറും ലഭിക്കും.
യെസ് ബാങ്ക് :
ഉത്സവ സീസണിലെ പരിമിതമായ കാലയളവില്‍ ഭവന വായ്പ നിരക്കുകള്‍ പ്രതിവര്‍ഷം 6.7% ആയി കുറയ്ക്കുമെന്ന് യെസ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കില്‍ നിന്നുള്ള 90 ദിവസത്തെ ഓഫര്‍ ആണ് ലഭിക്കുക. സാലറീഡ് വനിതകള്‍ക്ക് 0.05% അധിക ആനുകൂല്യം (6.65% പലിശ നിരക്ക്) നല്‍കുന്നു.
എച്ച്ഡിഎഫ്‌സി
ഭവനവായ്പാ ദാതാക്കളായ എച്ച്ഡിഎഫ്‌സിയും ഉത്സവ സീസണുമായി ബന്ധപ്പെടുത്തി പ്രത്യേക പരിമിത കാലയളവിലേക്ക് ഓഫര്‍ അവതരിപ്പിച്ചു. ഈ പ്രത്യേക ഓഫറിന് കീഴില്‍, ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 6.70% മുതല്‍ HDFC ഭവനവായ്പകള്‍ പ്രയോജനപ്പെടുത്താം.
കൊട്ടക് മഹീന്ദ്ര
6.5 ശതമാനം (നിബന്ധനകളോടെ) ഭവനവായ്പാ പലിശ നിരക്കുകള്‍ കൊട്ടക് മഹീന്ദ്രയും അവതരിപ്പിച്ചു. സെപ്റ്റംബര്‍ 10 മുതല്‍ നവംബര്‍ 8 വരെയാണ് ഓഫര്‍ കാലാവധി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it