ഈ എന്‍ബിഎഫ്‌സികള്‍ ഇനി ബാങ്കാകുമോ?

വലിയ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെ ബാങ്ക് ആക്കാമെന്ന റിസര്‍വ് ബാങ്കിന്റെ ആഭ്യന്തര സമിതിയുടെ ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ നിലവിലെ സാഹചര്യത്തില്‍ യോഗ്യതയുള്ളത് സ്വകാര്യ മേഖലയിലെ ഒന്‍പത് എന്‍ബിഎഫ്‌സികള്‍ക്കും സര്‍ക്കാര്‍ മേഖലയിലെ അഞ്ചെണ്ണത്തിനും.

മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന, പത്ത് വര്‍ഷമെങ്കിലും പ്രവര്‍ത്തനമുള്ള 50,000 കോടിയോ അതില്‍ കൂടുതലോ ആസ്തിയുള്ള ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളെ (എന്‍ബിഎഫ്‌സി) ബാങ്കാക്കി മാറ്റാമെന്നാണ് സമിതിയുടെ ശുപാര്‍ശ.

അങ്ങനെയെങ്കില്‍ സ്വകാര്യമേഖലയിലെ ഒന്‍പതെണ്ണത്തിനും പൊതുമേഖലയിലെ അഞ്ചെണ്ണത്തിനും നിലവില്‍ യോഗ്യതയുണ്ട്.

എച്ച്ഡിഎഫ്‌സി, ബജാജ് ഫിന്‍സെര്‍വ്, ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട്, എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ്, ഇന്ത്യ ബുള്‍സ് ഹൗസിംഗ്, എം ആന്‍ഡ് എം ഫിന്‍സെര്‍വ്, ആദിത്യ ബിര്‍ള കാപ്പിറ്റല്‍, ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ് എന്നിവയാണ് ശുപാര്‍ശ പ്രകാരം സ്വകാര്യ മേഖലയില്‍ നിന്ന് യോഗ്യതയുള്ള എന്‍ബിഎഫ്‌സികള്‍.

പൊതുമേഖലയിലെ എന്‍ബിഎഫ്‌സികളായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, ആര്‍ഇസി ലിമിറ്റഡ്, എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്, പിഎന്‍ബി ഹൗസിംഗ്, ഹഡ്‌കോ എന്നിവയും ബാങ്കിംഗ് ലൈസന്‍സ് സ്വന്തമാക്കാന്‍ യോഗ്യതയുള്ളവരാണ്.

കേരളത്തില്‍ നിന്ന് മണപ്പുറം ഫിനാന്‍സ് സമീപഭാവിയില്‍ തന്നെ ബാങ്കിംഗ് ലൈസന്‍സിന് യോഗ്യത നേടിയേക്കാം.

2012ല്‍ റിസര്‍വ് ബാങ്കില്‍ നിന്നുള്ള ബാങ്കിംഗ് ലൈസന്‍സിന് മുത്തൂറ്റ് ഫിനാന്‍സ് ഉള്‍പ്പടെയുള്ള പ്രമുഖ എന്‍ ബി എഫ് സികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. റിസര്‍വ് ബാങ്ക് സമിതിയുടെ ശുപാര്‍ശകളിന്മേല്‍ ജനുവരി 15 വരെ അഭിപ്രായം അറിയിക്കാന്‍ സമയമുണ്ട്.

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എം രാജേശ്വര്‍ റാവു, വലിയ എന്‍ബിഎഫ്‌സികള്‍ ഒന്നുകില്‍ ബാങ്കായി മാറുകയോ അല്ലെങ്കില്‍ വലുപ്പം കുറച്ച് പ്രവര്‍ത്തിക്കുകയോ വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനുള്ള നീക്കമെന്ന നിലയിലാണ് ഇത്തരമൊരു അഭിപ്രായപ്രകടനം റാവു നടത്തിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it