പെന്‍ഷന്‍ പദ്ധതി വരിക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

വ്യക്തികള്‍, കോര്‍പ്പറേറ്റ് മേഖല വിഭാഗങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാരിതര മേഖലയില്‍ നിന്നും കൂടുതല്‍ ആളുകള്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്നതോടെ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (NPS), അടല്‍ പെന്‍ഷന്‍ യോജന (APY) എന്നിവയുടെ മൊത്തത്തിലുള്ള കൈകാര്യ ആസ്തി മാര്‍ച്ച് വരെ ഏകദേശം 9,00,000 കോടി രൂപയിലെത്തി. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (PFRDA) കണക്കുകള്‍ വ്യക്തമാക്കി.

പത്ത് ലക്ഷം പുതിയ വരിക്കാര്‍

2022-23 കാലയളവില്‍ വ്യക്തികള്‍, കോര്‍പ്പറേറ്റ് വിഭാഗങ്ങളിലായി പത്ത് ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്തതിലൂടെ 2023 മാര്‍ച്ച് വരെയുള്ള മൊത്തം കൈകാര്യ ആസ്തി 8,98,000 കോടി രൂപ വര്‍ധിച്ചു. ഒരു സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിതര വിഭാഗങ്ങളില്‍ പത്ത് ലക്ഷം പുതിയ വരിക്കാരെ എന്‍പിഎസ് കാണുന്നത് ഇത് ആദ്യമാണെന്ന് ഔദ്യഗിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്‍പിഎസ് വരിക്കാരുടെ എണ്ണം 2.11 കോടിയില്‍ നിന്ന് 6.33 കോടിയായി ഉയര്‍ന്നു.

അവബോധം വര്‍ധിച്ചു

കൊവിഡിന് ശേഷം കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ എന്നത് ലക്ഷക്കണക്കിന് മധ്യവര്‍ഗ കുടുംബങ്ങളുടെ പ്രധാന ജീവിത ലക്ഷ്യമായി മാറി. വിരമിച്ചതിന് ശേഷമുള്ള സാമ്പത്തിക ഭാവി സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ജനങ്ങളില്‍ അവബോധം വര്‍ധിച്ചു. ഇതാണ് എന്‍പിഎസിലെ സമീപ വര്‍ഷങ്ങളിലെ ശക്തമായ പ്രകടനത്തിന്റെ പ്രധാന കാരണം.

ജനപ്രിയമായ പെന്‍ഷന്‍ നിക്ഷേപ സംവിധാനം

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പെന്‍ഷന്‍ നിക്ഷേപ സംവിധാനങ്ങളിലൊന്നാണ് എന്‍പിഎസ്. പിഎഫ്ആര്‍ഡിഎ ആണ് ഇത് നിയന്ത്രിക്കുന്നത്. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇത് നിര്‍ബന്ധമാണ്. 18 മുതല്‍ 60 വയസ്സുവരെയുള്ള ഏതൊരു ഇന്ത്യന്‍ പൗരനും എന്‍പിഎസ് അക്കൗണ്ട് തുറക്കാന്‍ കഴിയും. രണ്ട് പതിറ്റാണ്ട് പഴക്കമുള്ള എന്‍പിഎസ് ഇപ്പോള്‍ 6.33 കോടി വരിക്കാരോടെ ഏകദേശം 9,00,000 കോടി രൂപ കൈകാര്യം ചെയ്യുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it