എല്‍വിബി ടിയര്‍ 2 ബോണ്ട് എഴുതിത്തള്ളല്‍: സ്വകാര്യ ബാങ്കുകള്‍ക്ക് തലവേദനയാകും
ലക്ഷ്മി വിലാസ് ബാങ്ക് ലയന നടപടികളുടെ ഭാഗമായി ടിയര്‍ 2 ബോണ്ടുകള്‍ എഴുതിത്തള്ളിയത് ഈ രംഗത്തെ നിക്ഷേപകര്‍ക്കും സ്വകാര്യ ബാങ്കുകള്‍ക്കും ആശങ്ക ഉയര്‍ത്തുന്നു. ലക്ഷ്മി വിലാസ് ബാങ്ക്, വിദേശ ബാങ്കായ ഡിബിഎസില്‍ ലയിച്ചതോടെയാണ്, ടിയര്‍ 2 ബോണ്ടുകള്‍ എഴുതിത്തള്ളിയത്. ബേസല്‍ - 111 മാനദണ്ഡപ്രകാരമുള്ള ഈ നിക്ഷേപ മാര്‍ഗത്തിന്റെ റിസ്‌കുകളെ കുറിച്ച് ഇതോടെ നിക്ഷേപകര്‍ ബോധവാന്മാരായത് സ്വകാര്യ ബാങ്കുകള്‍ക്കും തിരിച്ചടിയാകും.
ബാങ്കുകളുടെ മൂലധന സമാഹരണത്തിനുള്ള, ഓഹരിയേതര വഴിയിലൂടെയുള്ള മാര്‍ഗങ്ങളാണ് അഡീഷണല്‍ ടിയര്‍ - 1 (എ ടി -1) ബോണ്ടുകളും ടിയര്‍ - 2 ബോണ്ടുകളും. 2014 സെപ്തംബറില്‍ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ചട്ടപ്രകാരം, ബാങ്കുകള്‍ ലാഭകരമല്ലാത്ത സാഹചര്യം വന്നാല്‍ ഇത്തരം നോണ്‍ ഇക്വിറ്റി കാപ്പിറ്റല്‍ ഇന്‍സസ്ട്രുമെന്റുകള്‍ പൂര്‍ണമായും എഴുതിതള്ളാനോ ഓഹരികളായി മാറ്റാനോ വകുപ്പുണ്ട്.
ഈ വര്‍ഷമാദ്യം യെസ് ബാങ്ക് പുനഃക്രമീകരണത്തിന്റെ ഭാഗമായി 8,415 കോടിയുടെ എ ടി - 1 ബോണ്ടുകള്‍ എഴുതിത്തള്ളിയിരുന്നു. ഇപ്പോള്‍ ലക്ഷ്മി വിലാസ് ബാങ്കിന്റെ 318 കോടി രൂപയുടെ ടിയര്‍ - 2 ബോണ്ടുകളാണ് എഴുതിത്തള്ളിയത്. ബേസല്‍-111 മാനദണ്ഡപ്രകാരമുള്ള നിക്ഷേപ മാര്‍ഗങ്ങളില്‍ കൂടുതല്‍ നേട്ടം പ്രതീക്ഷിച്ച് പണം നിക്ഷേപിക്കുന്നവരുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷം ഉണ്ടായ സംഭവ വികാസങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്. റിസര്‍വ് ബാങ്ക് ഇത്തരം നിക്ഷേപ മാര്‍ഗങ്ങളിലെ നിക്ഷേപങ്ങളിലെ റിസ്‌കിനെ കുറിച്ച് പറഞ്ഞിരുന്നതായിരുന്നുവെങ്കിലും ഭൂരിഭാഗം പേരും അത് ഗൗരവമായി എടുത്തിരുന്നില്ല. ഇന്ത്യയില്‍ ബാങ്ക് ലാഭകരമല്ലാതെ ആകാന്‍ റിസര്‍വ് ബാങ്കും കേന്ദ്ര മന്ത്രാലയങ്ങളും അനുവദിക്കില്ലെന്നും അതുകൊണ്ട് തന്നെ എഴുതിത്തള്ളല്‍ നടക്കില്ലെന്നുമായിരുന്നു ഒരു വിഭാഗം പേരുടെ വിശ്വാസം. എന്നാല്‍ അത്തരം വിശ്വാസത്തിന് അടിസ്ഥാനമില്ലെന്ന് വ്യക്തമായതോടെ താരതമ്യേന താഴ്ന്ന റേറ്റിംഗോടെ ഇത്തരം നിക്ഷേപമാര്‍ഗങ്ങള്‍ പുറപ്പെടുവിക്കുന്ന പൊതുമേഖലയ്ക്കു പുറത്തുള്ള ബാങ്കുകള്‍ക്ക് നിക്ഷേപം ലഭിക്കാന്‍ പ്രയാസമാകും.
ദുര്‍ബലമായ സ്വകാര്യ ബാങ്കുകള്‍ക്കാവും ഈ സംഭവവികാസങ്ങള്‍ കൂടുതല്‍ തിരിച്ചടിയാവുക. റേറ്റിംഗ് ഏജന്‍സികളുടെ താരതമ്യേന കുറഞ്ഞ റേറ്റിംഗോടെ വരുന്ന എ ടി - 1, ടിയര്‍-2 ബോണ്ടുകളില്‍ ഇനി നിക്ഷേപകര്‍ സൂക്ഷിച്ചുമാത്രമേ നിക്ഷേപിക്കൂ. ലക്ഷ്മി വിലാസ് ബാങ്കിന്റെ ടിയര്‍ - 2 ബോണ്ടുകള്‍ക്ക് കെയര്‍ റേറ്റിംഗ്‌സ് B റേറ്റിംഗാണ് നല്‍കിയിരുന്നത്. വീഴ്ച വരുത്താന്‍ ഉയര്‍ന്ന റിസ്‌കുള്ളതാണ് B കാറ്റഗറിയില്‍ വരിക.
യെസ് ബാങ്കിന്റെ എ ടി - 1 ബോണ്ട് പുറത്തിറക്കിയപ്പോള്‍ അതിന് AA റേറ്റിംഗായിരുന്നു. പിന്നീടത് BBB യിലേക്കും ഒടുവില്‍ D റേറ്റിംഗിലുമെത്തി.
റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കായി ഇത്തരമൊരു മാര്‍ഗം റി്‌സര്‍വ് ബാങ്ക് തുറന്നിട്ട് ആറുവര്‍ഷമായെങ്കിലും നിക്ഷേപകരുടെ പണം പൂര്‍ണമായും ഇല്ലാതാകുന്നത് യെസ് ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക് സംഭവ വികാസങ്ങളിലാണ്. മാത്രമല്ല ഇത്തരം ബോണ്ടുകളുടെ വില്‍പ്പനയില്‍ ഗൗരവമായ തോതില്‍ മിസ്സ് സെല്ലിംഗ് നടന്നതായും സൂചനകളുണ്ട്. ഉയര്‍ന്ന നേട്ടം പലരെയും ഇതിന് പിന്നിലെ റിസ്‌ക് നോക്കാതെ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. യെസ് ബാങ്ക് സംഭവവികാസങ്ങളെ തുടര്‍ന്ന് സെബി എ ടി - 1 ബോണ്ടിലെ റീറ്റെയ്ല്‍ പങ്കാളിത്തം നിയന്ത്രിക്കാന്‍ ചട്ടം കൊണ്ടുവന്നിട്ടുണ്ട്. സമീപഭാവിയില്‍ ടിയര്‍ - 2 ബോണ്ടുകളിലെ നിക്ഷേപത്തിന്റെ കാര്യത്തിലും നിയന്ത്രണങ്ങള്‍ വന്നേക്കാം.