നിങ്ങള്‍ക്ക് ലോണുണ്ടോ? എങ്കില്‍ ഈ നിയമത്തെക്കുറിച്ച് അറിഞ്ഞിരിക്കണം!

2002 ലാണ് സര്‍ഫാസി നിയമം (THE SECURITISATION AND RECONSTRUCTION OF FINANCIAL ASSETS AND ENFORCEMENT OF SECURITY INTEREST ACT, 2002) നിലവില്‍ വന്നത്. ഇരുപത് വര്‍ഷം മുമ്പ്. എന്നാല്‍ ഇരുപതു വര്‍ഷം കഴിഞ്ഞിട്ടും ഇന്നും സര്‍ഫാസി നിയമത്തിന്റെ പ്രസക്തി ചര്‍ച്ച ചെയ്യപ്പെടുകയാണ്. പാവങ്ങളെ കുടിയൊഴിപ്പിച്ചു വഴിയാധാരമാക്കുന്ന ഒന്നായാണ് പലപ്പോഴും സര്‍ഫാസി നിയമത്തെ സമൂഹം കാണുന്നത്. ജപ്തിയും കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ടു അപൂര്‍വ്വമായെങ്കിലും ഉണ്ടാകുന്ന അത്യാഹിതങ്ങള്‍ ഈ ചര്‍ച്ചയെ വീണ്ടും സജീവമാക്കുന്നു.


എന്താണ് ഈ സര്‍ഫാസി (The SARFEASI Act, 2002)?


ബാങ്കുകളും മറ്റു ചില ധനകാര്യസ്ഥാപനങ്ങളും കൊടുത്തിട്ടുള്ള വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ഭാരതീയ റിസര്‍വ് ബാങ്കിന്റെ നിയമമനുസരിച്ചു അവ കിട്ടാക്കടത്തിന്റെ നിര്‍വചനത്തില്‍ എത്തുകയും ചെയ്യുമ്പോള്‍ ആ വായ്പകള്‍ക്കു ഇടപാടുകാര്‍ നല്‍കിയിരിക്കുന്ന ഈടു വസ്തുക്കള്‍ കോടതിയുടെ ഇടപെടലുകള്‍ കൂടാതെ കൈവശത്തിലെടുത്തു വില്‍ക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അധികാരം കൊടുക്കുന്ന നിയമമാണ് സര്‍ഫാസി. സിവില്‍ കോടതികളിലൂടെയുള്ള നടപടികളുടെ കാലതാമസം ഒഴിവാക്കി കിട്ടാക്കടം വേഗത്തില്‍ തിരിച്ചു പിടിക്കുകയെന്ന ഉദ്ദേശ്യമാണ് സര്‍ഫാസി നിയമത്തിനുള്ളത്. ഈ നിയമത്തിന്റെ സാധുത പലതവണ മേല്‍ക്കോടതികളില്‍ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ സര്‍ഫാസി നിയമം സാധുവാണ് എന്ന് തന്നെയാണ് കോടതികള്‍ വിധിച്ചിട്ടുള്ളത്.

എല്ലാ കടങ്ങള്‍ക്കും ബാധകമാണോ?

കിട്ടാക്കടം ഒരു ലക്ഷത്തിന് മുകളില്‍ ആണെങ്കില്‍ മാത്രമേ സര്‍ഫാസി നിയമമനുസരിച്ചു നടപടികള്‍ എടുക്കാന്‍ പാടുള്ളൂ. മുതലും പലിശയും സഹിതം ആകെ അടക്കേണ്ട തുകയുടെ ഇരുപത് ശതമാനത്തില്‍ കുറവാണ് കിട്ടാക്കടം ഇനത്തില്‍ ശേഷിക്കുന്നത് എങ്കിലും സര്‍ഫാസി നിയമം ബാധകമല്ല. കപ്പല്‍, വിമാനം എന്നിവയും ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ടിന്റെ പരിധിയില്‍ വരുന്ന മറ്റു ചില ഈടുകളും സര്‍ഫാസി നിയമത്തിന്റെ കീഴില്‍ വരുന്നില്ല. കൃഷി ഭൂമി സര്‍ഫാസി നിയമനത്തിന്റെ പരിധിയില്‍ വരില്ല.

ഭൂമി പണയം മാത്രമല്ല, വാഹനങ്ങളും കടമെടുത്തു നടത്തുന്ന കച്ചവട സാധനങ്ങളും ഫാക്ടറികളിലേയും വ്യവസായ ഇടങ്ങളിലെ മെഷിനറികളും എല്ലാം ഈ നിയമത്തിന്റെ കീഴില്‍ വരുന്നുണ്ട്.

സര്‍ഫാസി നടപടികള്‍ എപ്പോള്‍ എടുക്കാം?

വായ്പകള്‍ കിട്ടാക്കടത്തിന്റെ (NPA) പരിധിയില്‍ വന്നാല്‍ സര്‍ഫാസി നിയമനുസരിച്ചുള്ള നടപടികള്‍ എടുക്കാം. ചുരുക്കം ചില സാഹചര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍, തൊണ്ണൂറു ദിവസ്സം അടവ് മുടക്കം വന്നാല്‍ അത്തരം വായ്പകള്‍ കിട്ടാക്കടം ആവുമെന്നതാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്ന രീതി. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്തരം കര്‍ക്കശമായ നിബന്ധനകള്‍
ഉചിതമാണോയെന്ന ചര്‍ച്ചയും ചിലപ്പോള്‍ ഉയര്‍ന്നു കേള്‍ക്കാം. എങ്കിലും നിലവില്‍ ഈ രീതിയാണ് ഉള്ളത്.
വായ്പകള്‍ക്ക് ഈടായി എടുക്കുന്ന വസ്തുക്കളുടെ വിവരം സെന്‍ട്രല്‍ രെജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത് ബാങ്കിന്റെ ഉത്തരവാദിത്തമാണ്. സെന്‍ട്രല്‍ രെജിസ്ട്രിയില്‍ [The Central Registry of Securitisation Asset Reconstruction and Security Interest of India (CERSAI)] രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈട് വസ്തുക്കളില്‍ മാത്രമേ സര്‍ഫാസി നിയമനുസരിച്ചുള്ള നടപടികള്‍ എടുക്കാവൂ.

ആര്‍ക്കാണ് അധികാരം?

ബാങ്കുകളിലെ ചീഫ് മാനേജര്‍ മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സര്‍ഫാസി നിയമമനുസരിച്ചുള്ള നടപടികള്‍ എടുക്കാവുന്നതാണ്. അതാതു ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡ് നിശ്ചയിക്കുന്ന ഈ ഉദ്യോഗസ്ഥരാണ് ഓതറൈസ്ഡ് ഓഫീസര്‍ (Authorised officer) എന്ന ഉത്തരവാദിത്തത്തില്‍ നോട്ടീസ് അയക്കുന്നതും വസ്തു കൈവശത്തില്‍ എടുക്കുന്നതുമെല്ലാം.

എന്താണ് നിബന്ധനകള്‍?

സര്‍ഫാസി നിയമത്തിന്റെ പതിമൂന്നാം വകുപ്പനുസരിച്ചു കിട്ടാക്കടം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് നല്‍കണം. നോട്ടീസ് നേരിട്ട് കൊടുത്താല്‍ മതി. നേരിട്ട് കൊടുക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ രജിസ്റ്റേര്‍ഡ് തപാലിലോ സ്പീഡ് പോസ്റ്റ് ആയോ കൊറിയര്‍ ആയോ അയക്കാം. ഇടപാടുകാരന് ഈ വിധത്തില്‍ നോട്ടീസ് നല്‍കുവാന്‍ സാധിക്കുന്നില്ലെങ്കില്‍, അല്ലെങ്കില്‍ ഇടപാടുകാരന്‍ ഒഴിഞ്ഞുമാറുകയോ നോട്ടീസ് കൈപറ്റുവാന്‍ വിസ്സമ്മതിക്കുകയോ ചെയ്യുകയാണെങ്കില്‍, ഇടപാടുകാരന്റെ വീട്ടിലോ കച്ചവടസ്ഥലത്തോ നോട്ടീസ് പതിച്ചാല്‍ മതി. കൂടാതെ, നോട്ടീസ് കുറഞ്ഞത് രണ്ടു പത്രങ്ങളില്‍ പരസ്യപ്പെടുത്തണം. അതില്‍ ഒരെണ്ണം പ്രാദേശിക ഭാഷയിലായിരിക്കണമെന്ന് നിബന്ധനയുണ്ട്.

ഈ നോട്ടീസിലെ തീയതി മുതല്‍ അറുപത് ദിവസത്തിനുള്ളില്‍ കടം തിരിച്ചടക്കണം. ഈ അറുപത് ദിവസ്സം നിയമപ്രകാരം തന്നെ ഇടപാടുകാരന് അവകാശപ്പെട്ടതാണ്. ഈ കാലയളവിനുള്ളില്‍ കടം തിരിച്ചടച്ചില്ലെങ്കില്‍ മാത്രമേ മറ്റു നടപടികള്‍ സ്വീകരിക്കാവൂ.

നോട്ടീസ് പ്രകാരമുള്ള അറുപത് ദിവസ്സം കഴിഞ്ഞിട്ടും കടം അടച്ചു തീര്‍ത്തില്ലെങ്കില്‍ ബാങ്കിന് വസ്തു കൈവശത്തിലെടുക്കാം. ആവശ്യമെങ്കില്‍ വസ്തു എടുത്തു തരുവാന്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെയോ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെയോ സഹായം തേടാവുന്നതാണ്.

നോട്ടീസ് കാലാവധി കഴിഞ്ഞു വസ്തു കൈവശത്തിലെടുക്കുമ്പോള്‍ ബാങ്ക് അത് സംബന്ധിച്ച ഒരു നോട്ടീസ് ഇടപാടുകാരന് നല്‍കണം. കൂടാതെ ഈ നോട്ടീസ് വസ്തുവിന്റെ മുന്‍വശത്തോ ആളുകള്‍ക്ക് എളുപ്പം കാണാവുന്ന മറ്റൊരിടത്തോ പതിക്കണം. വസ്തു കൈവശത്തിലെടുത്തു ഏഴു ദിവസത്തിനുള്ളില്‍ ഈ നോട്ടീസ് രണ്ട് പത്രങ്ങളില്‍ പരസ്യപ്പെടുത്തണം. അതിലൊന്ന് പ്രാദേശിക ഭാഷയിലായിരിക്കണം.

വസ്തു വില്‍ക്കുന്നതിന് മുപ്പതു ദിവസ്സം മുമ്പ് ഇടപാടുകാരന് നോട്ടീസ് കൊടുക്കുകയും മേല്‍പ്പറഞ്ഞവിധം പത്രപ്പരസ്യം കൊടുക്കുകയും ചെയ്യണം. വില്‍പ്പന സംബന്ധിച്ച നോട്ടീസ് വസ്തുവില്‍ ആളുകള്‍ക്ക് എളുപ്പം കാണാവുന്ന രീതിയില്‍ പതിക്കണം. പത്രപ്പരസ്യം കൊടുത്തു് മുപ്പതു ദിവസ്സം കഴിഞ്ഞു മാത്രമേ വസ്തു വില്‍ക്കാന്‍ പാടുള്ളൂ.
ഇങ്ങനെ കൈവശത്തിലെടുത്തിട്ടുള്ള വസ്തു ലേലം വഴിയോ പരസ്പരം സംസാരിച്ചുറപ്പിച്ച വ്യവസ്ഥകള്‍ക്കനുസരിച്ചു ഒരാള്‍ക്ക് നേരിട്ടോ വസ്തുവിന്റെ മതിയായ വിലക്ക് വില്കാം. വില്‍ക്കാനായി നോട്ടീസ് നല്‍കുന്നതിന് മുമ്പായി ഇടപാടുകാരന് കടം തീര്‍ത്തു വസ്തു തിരിച്ചെടുക്കാവുന്നതാണ്. വസ്തു വിറ്റു കിട്ടുന്ന തുകകൊണ്ട് മാത്രം കടം പൂര്‍ണമായി തീര്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ബാക്കി കടം തിരിച്ചുപിടിക്കാന്‍ ബാങ്കിന് ഡെബ്‌റ് റിക്കവറി ട്രിബുണലില്‍ (DRT) കേസ് കൊടുക്കാം.

ബാങ്ക് നടപടികളെക്കുറിച്ചു പരാതിയുണ്ടെങ്കില്‍?

സര്‍ഫാസി നിയമത്തിന്റെ പതിമൂന്നാം വകുപ്പനുസരിച്ചുള്ള നോട്ടീസ് പ്രകാരം ബാങ്ക് ആവശ്യപ്പെടുന്ന കടത്തിനെ കുറിച്ചോ, അതുമായി ഒപ്പിട്ടുനല്‍കിയ രേഖകളെക്കുറിച്ചോ, തിരിച്ചടക്കാനുള്ള തുകയെക്കുറിച്ചോ, ഈട് നല്‍കിയ വസ്തുവിനെക്കുറിച്ചോ അല്ലെങ്കില്‍ തക്കതായ മറ്റെന്തെങ്കിലും കാര്യത്തിലോ ഇടപാടുകാരന് വിയോജിപ്പുണ്ടെങ്കില്‍, അക്കാര്യം രേഖാമൂലം ബാങ്കിനെ അറിയിക്കാവുന്നതാണ്. ഇങ്ങനെ ഒരു കത്ത് കിട്ടിയാല്‍ അന്ന് മുതല്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ അത് പരിശോധിച്ചു ഉചിതമായ മറുപടി ബാങ്ക് ഇടപാടുകാരന് നല്‍കണം. കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ കഴമ്പില്ലെന്ന് ബാങ്ക് കണ്ടെത്തുന്ന പക്ഷം അക്കാര്യം മറുപടിയില്‍ കാണിക്കണം. എന്നാല്‍ ഈ അവസരത്തില്‍ ഇത് സംബന്ധിച്ച് അപ്പീല്‍ കൊടുക്കാന്‍ ഇടപാടുകാരന് അവസരമില്ല.

ബാങ്ക് കൈവശത്തിലെടുത്ത വസ്തു സംബന്ധിച്ച് ഇടപാടുകാരന് പരാതിയുണ്ടെങ്കില്‍ അത് വസ്തു കൈവശത്തിലെടുത്ത ശേഷം നാല്‍പ്പത്തിയഞ്ച് ദിവസത്തിനുള്ളില്‍ ഡെബ്‌റ് റിക്കവറി ട്രിബുണലില്‍ നല്‍കാവുന്നതാണ്. ഡെബ്‌റ് റിക്കവറി ട്രിബുണലിന്റെ തീരുമാനം അംഗീകരിക്കുന്നില്ലെങ്കില്‍ ഇടപാടുകാരന് ഡെബ്‌റ് റിക്കവറി അപ്പലറ്റ് ട്രിബുണലില്‍ (DRAT) അപ്പീല്‍ കൊടുക്കാം. ഇങ്ങനെ അപ്പീല്‍ കൊടുക്കുമ്പോള്‍ തിരിച്ചടക്കാന്‍ ബാങ്ക് ആവശ്യപ്പെട്ടിട്ടുള്ള തുകയുടെ പകുതി ആദ്യമേ കെട്ടിവെക്കണം. ഈ തുകയില്‍ കുറവ് ചെയ്യുവാന്‍ ഡെബ്‌റ് റിക്കവറി ട്രിബുണലിനും അപ്പലെറ്റ് ട്രിബുണലിനും അധികാരമുണ്ട്. എന്നാല്‍ കുറഞ്ഞത്, കടത്തിന്റെ നാലിലൊന്നെങ്കിലും അടക്കേണ്ടിവരും.

ബാങ്കിന്റെ നടപടികളില്‍ എന്തെങ്കിലും വീഴ്ചയുണ്ടെങ്കില്‍ അതുവരെയുള്ള നടപടികള്‍ അസാധുവാക്കാനും വസ്തു തിരിച്ചു ഇടപാടുകാരന്റെ കൈവശത്തിലേക്കു കൊടുക്കുവാനും ഡെബ്‌റ് റിക്കവറി ട്രിബുണലിനും അപ്പലറ്റ് ട്രിബുണലിനും അധികാരമുണ്ട്. ഈയവസരത്തില്‍ യുക്തമായ നഷ്ടപരിഹാരവും ഇടപാടുകാരന് നല്‍കാന്‍ ഉത്തരവിടാവുന്നതാണ്. സര്‍ഫാസി നിയമത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ ഇടപെടുവാന്‍ സാധാരണ സിവില്‍ കോടതികള്‍ക്ക് അധികാരമില്ല.

നിയമത്തിനപ്പുറത്തു മനുഷ്യത്വം സാധ്യമാണോ?

ദരിദ്രനായിരിക്കുക എന്നത് പാപമല്ല. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ നമ്മുടെയെല്ലാം ജീവിതത്തില്‍ ഉണ്ടാകാം. സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തു വീട് വെക്കുന്നതോ ബിസിനസ് ചെയ്യുന്നതോ ഒന്നും തെറ്റല്ല. ജോലി നഷ്ടപ്പെടുകയോ ബിസിനസ് കരുതിയപോലെ നടക്കാതെ വരുമാനം കുറയുകയോ നിലച്ചുപോകുകയോ വന്നേക്കാം. ഇതെല്ലാം നിര്‍ഭാഗ്യകരമാണ്. എന്നാലും, പാപമല്ല. വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ അതിന്റെ കാരണങ്ങള്‍ ബാങ്കുമായി സംസാരിക്കുകയും വായ്പ പുനഃക്രമീകരണത്തിനുള്ള ഉപാധികള്‍ ആരായുകയും ചെയ്യുക.
തവണ തുക കുറക്കുവാന്‍ കഴിയുന്ന രീതിയില്‍ ഉള്ള സംവിധാനങ്ങള്‍ക്കു ശ്രമിക്കുക. ഡെബ്‌റ് റിക്കവറി ട്രിബൂണില്‍ നിന്നും കടം തവണകളായി അടക്കുവാനുള്ള ഉത്തരവ് കിട്ടുമോയെന്ന് നോക്കുക. ഒരു രീതിയിലും തുടര്‍ന്ന് തിരിച്ചടവ് സാധ്യമല്ല എന്നാണെങ്കില്‍ ഈട് വസ്തു സ്വമേധയാ മറ്റൊരാള്‍ക്ക് വില്‍ക്കാനുള്ള സാധ്യതകള്‍ നോക്കുക. താമസിക്കുന്ന വീടാണെങ്കില്‍, കടം തീര്‍ന്നു ഉള്ള തുകക്ക് സൗകര്യപ്രദമായ മറ്റൊരു വീട് കണ്ടെത്തുക. ബാങ്കുകള്‍ നല്‍കുന്ന ഒറ്റതീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം തേടുക.

ബാങ്കില്‍ കിട്ടാക്കടത്തിന്റെ അളവ് കൂടിയിരിക്കുന്നത് അതിന്റെ സാമ്പത്തിക ആരോഗ്യത്തിന് നല്ലതായല്ല കണക്കാക്കുന്നത്. അതിനാല്‍ കിട്ടാക്കടമായ വായ്പകള്‍ എത്രയും വേഗത്തില്‍ തിരിച്ചു പിടിക്കുക എന്ന യജ്ഞത്തിലാണ് ബാങ്കുകള്‍. ഇവിടെയാണ് വായ്പ തിരിച്ചടക്കുവാന്‍ വഴി കാണാതെ വലയുന്ന ഇടപാടുകാരന്റേയും ബാങ്കിന്റെയും താല്പര്യങ്ങള്‍ തമ്മിലുള്ള അന്തരം. അപ്പോഴും മനുഷ്യജീവിതത്തിന്റെ വേപഥുകള്‍ നാം കാണാതെ പോകരുത്. ഇവിടെയാണ് നിയമം നടപ്പിലാക്കുമ്പോഴും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമ്പോഴും സഹാനുഭൂതിയും സ്‌നേഹവും കരുണയും കൈവിടരുത് എന്ന് സമൂഹ മനഃസാക്ഷി നമ്മോടു വീണ്ടും വീണ്ടും അപേക്ഷിക്കുന്നത്.

(ബാങ്കിംഗ്, ധനകാര്യ വിദഗ്ധനാണ് ലേഖകന്‍)


Babu K A
Babu K A  

Related Articles

Next Story

Videos

Share it