ധനം ബെസ്റ്റ് റീറ്റെയ്‌ലര്‍ 2017 - ഫാഷന്‍ & ലൈഫ് സ്റ്റൈല്‍ : മിലന്‍ ഡിസൈന്‍
കേരളത്തില്‍ നിന്നൊരു ഫാഷന്‍ ബ്രാന്‍ഡോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്ന പേരുകളില്‍ പ്രമുഖ സ്ഥാനമുണ്ട് മിലന്‍ ഡിസൈന്‍ എന്ന സ്ഥാപനത്തിന്. വളരെ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഫാഷന്‍ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ ഈ പേര് ഇന്ന് റീറ്റെയ്ല്‍ വിജയത്തിന്റെ മികച്ച ഉദാഹരണം കൂടിയാണ്.
ഫാഷന്‍ തലസ്ഥാനമായ കൊച്ചിയില്‍, കേരളത്തിലെ പ്രമുഖ ടെക്‌സ്‌റ്റൈല്‍ ബ്രാന്‍ഡുകളോട് മത്സരിച്ച് ഈ മേഖലയില്‍ സ്വന്തമായൊരു സ്ഥാനം കണ്ടെത്തിയ മിലന്റെ വിജയത്തിന് പിന്നില്‍ ഷേര്‍ലി റെജിമോന്‍ എന്ന സ്ഥാപകയുടെ ഡിസൈനിംഗ് മികവും സംരംഭകത്വത്തോടുള്ള പാഷനും ഒരുപോലെയാണ് ചേര്‍ന്നിരിക്കുന്നത്.
ഏറ്റവും പുതിയ ഫാഷനിലുള്ള വസ്ത്രങ്ങള്‍ തേടിയെത്തുന്നവരുടെ കേന്ദ്രം എന്നത് മാത്രമല്ല മിലന്റെ മേല്‍വിലാസം. സ്വന്തമായി ബൊട്ടീക്കുകള്‍ നടത്തുന്ന ഒട്ടേറെ സ്ത്രീ സംരംഭകര്‍ക്ക് ഏറ്റവും പുതിയ ഫാഷനിലുള്ള മെറ്റിരിയലുകള്‍ ശേഖരിക്കാനും മിലന്‍ വഴിയൊരുക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലേക്കും നഗരങ്ങളിലേക്കും ഇതിനു വേണ്ടിയുള്ള യാത്ര ഒഴിവാക്കാന്‍ കഴിയുന്നു എന്നത് മാത്രമല്ല, പുതിയ ഡിസൈനുകള്‍ പരിചയപ്പെടാനും അവ ഉപയോഗിക്കാന്‍ വേണ്ട സഹായം നേടാനും ഇവര്‍ക്ക് കഴിയുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.