Begin typing your search above and press return to search.
എയര്‍ കേരള പുതുവര്‍ഷത്തില്‍ ചിറകു വിരിച്ചുയരും, നിര്‍ണായക സ്ഥാനങ്ങളിലേക്ക് നിയമനങ്ങളായി
കേരളത്തിന്റെ ആദ്യ സ്വകാര്യ വിമാന സര്‍വീസ് കമ്പനിയായ എയര്‍കേരള പുതുവര്‍ഷത്തില്‍ ചിറകുവിരിക്കും. ഓപ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ കമ്പനിയുടെ നിര്‍ണായക സ്ഥാനങ്ങളിലേക്ക് നിയമനങ്ങള്‍ തകൃതിയായി നടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (സി.ഇ.ഒ) ആയി ഹരീഷ് കുട്ടി ഉള്‍പ്പെടെ പ്രധാന തസ്തികകളിലേക്ക് നിയമനം നടന്നു കഴിഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റും ഏവിയേഷന്‍ മേഖലയില്‍ ദീര്‍ഘകാല പരിചയവുമുള്ള കീര്‍ത്തി റാവു ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി കമ്പനിയില്‍ പ്രവേശിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയില്‍ ഫിനാന്‍ഷ്യല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു കീര്‍ത്തി.
ക്വാളിറ്റി മാനേജറായി ജെയിംസ് ജോര്‍ജിനെയാണ് നിയമിച്ചിരിക്കുന്നത്. എയര്‍ക്രാഫ്റ്റ് എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റില്‍ മൂന്ന് ദശാബ്ദത്തെ പരിചയമാണ് ജെയിംസിനുള്ളത്. ഡി.ജി.സി.എയില്‍ എയര്‍വര്‍ത്തിനസ് ഡയറക്ടറായിരുന്നു.
ഗ്രൗണ്ട് ഓപ്പറേഷന്‍സ് മേധാവിയായി ഷാമോന്‍ പട്ടവാതുക്കല്‍ സയ്യിദ് മുഹമ്മദ്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് മേധാവിയായി പരാര്‍ത്ഥപറമ്പില്‍ രംഗരാജ മല്യ കമലേഷ് എന്നിവരും എയര്‍കേരള ടീമിലേക്ക് പുതുതായി എത്തിയിട്ടുണ്ട്.
തുടക്കത്തില്‍ ആഭ്യന്തര സര്‍വീസ്
ആഭ്യന്തര സര്‍വീസാണ് തുടക്കത്തില്‍ ലക്ഷ്യമിടുന്നത്. കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്കായിരിക്കും ആദ്യ സര്‍വീസ്. രാജ്യത്തെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളെ ബന്ധിപ്പിച്ചാകും സര്‍വീസുകള്‍. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് ഉണ്ടാകും.
സര്‍വീസുകള്‍ക്കായി മൂന്നു എ.ടി.ആര്‍ 72-600 വിമാനങ്ങളാണ് പരിഗണിക്കുന്നത്. 78 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിമാനങ്ങളാണിവ. 2026 ഓടെ വിദേശ രാജ്യങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. അതിനായി വിമാനങ്ങളുടെ എണ്ണം അധികം വൈകാതെ 20 ആക്കി ഉയര്‍ത്തും. ദുബൈയിലേക്കാകും ആദ്യ സര്‍വീസ്.
മാര്‍ച്ചില്‍ ആദ്യ സര്‍വീസ് നടത്താനാകുമെന്നാണ് കമ്പനിയുടെ അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആഭ്യന്തര സര്‍വീസ് തുടങ്ങുന്നതിനുള്ള എന്‍.ഒ.സി കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ലഭിച്ചിരുന്നു. ഇനി എയര്‍ ഓപ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് (എ.ഐസി) കൂടി ലഭിക്കണം. അതിനു ശേഷമാണ് സര്‍വീസ് ആരംഭിക്കാനാകുക.
യാത്രാ സര്‍വീസുകള്‍ക്ക് പുറമേ നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ചരക്കു നീക്ക സാധ്യതകളും കമ്പനി പരിശോധിക്കുന്നുണ്ട്.
യു.എ.ഇ സംരംഭക കൂട്ടായ്മ
ദുബൈയിലെ ഒരു കൂട്ടം വ്യവസായികള്‍ ചേര്‍ന്നാണ് സെറ്റ്ഫ്‌ളൈ എന്ന കമ്പനി രൂപീകരിച്ച് മലയാളികളുടെ സ്വപ്നമായ എയര്‍കേരളയ്ക്ക് തുടക്കമിടുന്നത്. ഇതിനായി കഴിഞ്ഞ വര്‍ഷം എയര്‍കേരള ഡൊമെയിന്‍ സെറ്റ്ഫ്‌ളൈ ഏവിയേഷന്‍ സ്വന്തമാക്കി. കൊച്ചി ആസ്ഥാനമായിട്ടാകും കമ്പനിയുടെ പ്രവര്‍ത്തനം. അഫി അഹമ്മദ് യു.പി.സിയാണ് എയര്‍കേരളയുടെ ചെയര്‍മാന്‍. അയൂബ് കല്ലട വൈസ് ചെയര്‍മാനും ഹരീഷ് മൊയ്ദീന്‍ കുട്ടി സി.ഇ.ഒയും കനിക ഗോയല്‍ ഡയറക്ടറുമാണ്.
Next Story
Videos