Begin typing your search above and press return to search.
പറക്കുന്നതിനിടെ വാതില്‍ അടര്‍ന്നുപോയി; സര്‍വീസ് കൂട്ടത്തോടെ റദ്ദാക്കി ഈ വിമാനക്കമ്പനി
അമേരിക്കന്‍ വിമാനക്കമ്പനിയ അലാസ്‌ക എയര്‍ലൈന്‍സ് ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി റദ്ദാക്കിയത് 200ലധികം വിമാനസര്‍വീസുകള്‍. സാങ്കേതിക പരിശോധനയ്ക്കായി 170 ബോയിംഗ് 737 മാക്‌സ് 9 വിമാനങ്ങള്‍ ഹാജരാക്കാന്‍ യു.എസ് ഫെഡറല്‍ ഏവിയേഷന്‍ (FAA) നിര്‍ദേശിച്ചതാണ് കാരണം.
ഈ ആഴ്ചയും റദ്ദാക്കല്‍ തുടരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച വിമാനങ്ങള്‍ റദ്ദാക്കിയത് 25,000ത്തിനടുത്ത് യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം പറക്കുന്നതിനിടെ വാതില്‍ അടര്‍ന്നുപോയിരുന്നു. ഇതോടെ അടിയന്തര ലാന്‍ഡിംഗ് നടത്തേണ്ടി വന്നതിന് പിന്നാലെയാണ് വിമാനങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചത്. പോര്‍ട്ട്‌ലാന്‍ഡില്‍ നിന്ന് ഒന്റാരിയോയിലേക്ക് പറക്കുകയായിരുന്ന അലാസ്‌ക എയറിന്റെ ബോയിംഗ് 737-9 മാക്‌സ് വിമാനത്തിന്റെ വാതിലാണ് തകര്‍ന്നത്. അലാസ്‌ക സര്‍വീസ് നടത്തുന്നതില്‍ 65ഓളം 737 മാക്‌സ് 9 വിമാനങ്ങളുണ്ട്.
ഇന്ത്യന്‍ കമ്പനികള്‍ക്കും നിര്‍ദേശം
സംഭവത്തിന് പിന്നാലെ ഇന്ത്യന്‍ വിമാനക്കമ്പനികളോടും വിമാനങ്ങള്‍ പരിശോധിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആവശ്യപ്പെട്ടിട്ടുണ്ട്. ബോയിംഗ് 737-8 മാക്‌സ് വിമാനങ്ങളാണ് പരിശോധിക്കുന്നത്.
നിലവില്‍ ഇന്ത്യയില്‍ ഒരു കമ്പനിയും 737-9 വിമാനങ്ങള്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍ 40 ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ 22 എണ്ണം ആകാശ എയറിന്റെ കൈയിലാണ്. സ്‌പൈസ് ജെറ്റും എയര്‍ ഇന്ത്യ എക്‌സ്പ്രസും 9 എണ്ണം വീതവും ഉപയോഗിക്കുന്നുണ്ട്.
മുന്‍കരുതലിന്റെ ഭാഗമായാണ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
Next Story
Videos