Begin typing your search above and press return to search.
ഐ.പി.ഒ ലക്ഷ്യവുമായി മറ്റൊരു കേരള കമ്പനി, അടുത്ത വര്‍ഷം മധ്യത്തോടെ ലിസ്റ്റിംഗ് പ്രതീക്ഷ
പത്താം വര്‍ഷത്തിലേക്ക് കടന്ന് സഫ ഗ്രൂപ്പ് സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജുവലറി
കേരളം ആസ്ഥാനമായ സഫ ഗ്രൂപ്പ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ലക്ഷ്യമിടുന്നതായി ചെയര്‍മാന്‍ കെ.ടി.എം.എ സലാം. 2025-26 സാമ്പത്തിക വര്‍ഷത്തോടെ ഐ.പി.ഒ നടത്താനുള്ള ഒരുക്കത്തിലാണ് ഗ്രൂപ്പ് എന്ന് അദ്ദേഹം പറഞ്ഞു. സഫ ഗ്രൂപ്പിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ ഇന്‍സ്റ്റ്‌റിറ്റിയൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജുവലറി (ഐ.ജി.ജെ) യുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന പദ്ധതികളുടെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എം.ഇ വിഭാഗത്തിലാണ് ലിസ്റ്റിംഗ് ഉദ്ദേശിക്കുന്നത്. കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഐ.പി.ഒ നടത്താനുദ്ദേശിക്കുന്നതെന്നും കൂടുതല്‍ കാര്യങ്ങളിലേക്ക് കമ്പനി കടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വര്‍ണവ്യാപാര മേഖലയില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ഥാപനമാണ് മലപ്പുറം പെരിന്തല്‍മണ്ണ ആസ്ഥാനമായുള്ള സഫ ഗ്രൂപ്പ്. ലക്ഷ്വറി ലൈഫ് സ്റ്റൈല്‍ രംഗത്ത് സജീവമായ ഗ്രൂപ്പിന് കീഴില്‍ സഫ ജുവലറി, ക്ലാരസ് ഡിസൈനര്‍ ജുവലറി, ഹോള്‍സെയില്‍ വിഭാഗമായ ലോറല്‍, കോസ്‌മെറ്റിക് റീറ്റെയ്ല്‍ ഫ്രാഞ്ചൈസിയായ കോസ്‌മെഡിക്‌സ്, മാനുഫാക്ചറിംഗ് കമ്പനിയായ സഫ മാനുഫാക്ചറിംഗ് എന്നിവയുമുണ്ട്. 1,500 കോടി രൂപയാണ് ഗ്രൂപ്പിന്റെ വിറ്റു വരവ് കണക്കാക്കുന്നത്.
പത്താം വര്‍ഷത്തില്‍ വിപുലമായ പദ്ധതികളുമായി ഐ.ജി.ജെ
ജി.സി.സി വിപണിയിലടക്കം വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ട് ആഗാള വിപുലീകരണത്തിന് ഒരുങ്ങുകയാണ് ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജുവലറി. പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളും കമ്പനി വിഭാവനം ചെയ്യുന്നുണ്ട്. ക്യാംപസിലുടനീളം ഡയമണ്ട് ടെസ്റ്റിംഗ് ലാബുകളും ഹാള്മാര്ക്കറ്റിംഗ് സെന്ററുകളും നടപ്പാക്കാനും ജുവലറി മേഖലയിലെ റിക്രൂട്ട്‌മെന്റിന് സഹായിക്കാനായി പ്ലേസ്‌മെന്റ് പോര്‍ട്ടല്‍, കോളജുകളിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും വിദ്യാര്‍ത്ഥികള്‍ക്കായി ആഡ് ഓണ്‍ കോഴസ്, എം.ബി.എ വര്‍ക്ക് ഇന്റഗ്രേറ്റഡ് ലേണിംഗ് പ്രോഗ്രാം ഇന്‍ ജുവലറി റീട്ടെയില്‍ തുടങ്ങിയവയാണ് ഇവയില്‍ ചിലത്.
മലപ്പുറത്തെ ഇന്‍കെല്‍ ഗ്രീന്‍സ് എജ്യൂസിറ്റി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐ.ജി.ജെയ്ക്ക് നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ജെം ആന്‍ഡ് ജുവലറി സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അഫിലിയേഷനുണ്ട്. ജെം ആന്‍ഡ് ജുവലറി രംഗത്ത് സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയും ചാംപ്യന്‍ സ്‌കില്‍ ട്രെയിനിംഗ് സെന്ററായും സ്ഥാപനത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. മേധാവി സ്‌കില്‍ യൂണിവേഴ്‌സിറ്റിയുടെ (സിക്കിം) അഫിലിയേഷനും ഐ.ജി.ജെയ്ക്കുണ്ട്.
Next Story
Videos