മണപ്പുറത്തിന്റെ ആശിര്‍വാദ് ഫിനാന്‍സ് ഐ.പി.ഒ മാറ്റിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇതാണ്

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (NBFC) മണപ്പുറം ഫിനാന്‍സിന്റെ ഉപസ്ഥാപനമായ ആശീര്‍വാദ് മൈക്രോഫിനാന്‍സ് (Asirvad Microfinance) പ്രാരംഭ ഓഹരി വില്പ്പന (ഐ.പി.ഒ) തല്‍ക്കാലം മാറ്റിവച്ചേക്കുമെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ മാസം അവസാനത്തോടെ ഐ.പി.ഒ നടത്താനായിരുന്നു ആശിര്‍വാദിന്റെ പ്രമോട്ടര്‍ കമ്പനിയായ മണപ്പുറം ഫിനാന്‍സ് തീരുമാനിച്ചിരുന്നതെങ്കിലും വിപണി കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ പദ്ധതിയില്‍ നിന്ന് ഇപ്പോള്‍ പിന്മാറുന്നതായാണ് സൂചന. ആശീര്‍വാദ് ഫിനാന്‍സില്‍ 95 ശതമാനം ഓഹരി വിഹിതവും മണപ്പുറം ഫിനാന്‍സിനാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ മുന്‍പ് വരെ സ്ഥാപക നിക്ഷേപകര്‍ക്കിടയില്‍ ഐ.പി.ഒ പ്രചാരണങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ അത് താത്കാലികമായി നിറുത്തിയിരിക്കുകയാണ്.
ഐ.പി.ഒ മാറ്റിവയ്ക്കുന്നതിനെ കുറിച്ച് പ്രതികരണം ആരാഞ്ഞ് ധനം ഓണ്‍ലൈന്‍ മണപ്പുറം ഫിനാന്‍സിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിവരങ്ങള്‍ ലഭ്യമായില്ല.

ആശങ്കയില്‍ മൈക്രോ ഫിനാന്‍സ് മേഖല

ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ മൈക്രോ ഫിനാന്‍സ് മേഖല ആശങ്കയിലാണ്. മിക്ക വായ്പക്കാര്‍ക്കും തിരിച്ചടവ് പ്രശനങ്ങളുണ്ടാകുന്നുണ്ട്. അടുത്തിടെ ഫ്യൂഷന്‍ ഫിനാന്‍സ് ലിമിറ്റഡ് കടബാധ്യതകള്‍ക്കായുള്ള നീക്കിയിരിപ്പ് തുക 348 കോടിയില്‍ നിന്ന് 550 കോടിയാക്കിയിരുന്നു. കിട്ടാക്കട തോത് ഉയര്‍ന്നേക്കുമെന്നുള്ള സൂചനയാണ് ഇത് നല്‍കുന്നത്.
നിക്ഷേപകര്‍ക്കിടയില്‍ മൈക്രോഫിനാന്‍സ് കമ്പനികളെ കുറിച്ചുള്ള വിശ്വാസം കുറയ്ക്കാന്‍ ഇതിടയാക്കുന്നുണ്ടെന്നാണ് ഇന്‍ഡസ്ട്രി വിദഗ്ധരുടെ നിരീക്ഷണം. മൈക്രോഫിനാന്‍സ് മേഖലയിലെ പ്രശ്‌നങ്ങള്‍ ആശിര്‍വാദ് ഫിനാന്‍സിനും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കമ്പനിയുടെ വാല്വേഷന്‍ പ്രതീക്ഷകളില്‍ ഇത് മങ്ങലേല്‍പ്പിച്ചേക്കാം. കാരണം നിലവിലെ അവസ്ഥയില്‍ വിപണി എത്രത്തോളം പണം മുടക്കാന്‍ തയാറാകുമെന്നത് സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഐ.പി.ഒയില്‍ നിന്ന് തത്കാലം വിട്ടു നില്‍ക്കാനാണ് പ്രമോട്ടര്‍ കമ്പനിയുടെ ഉദ്ദേശമെന്നാണ് അറിയുന്നത്.

മൂലധനം വേറെ കണ്ടെത്തണം

2023 ഒക്ടോബറിലാണ് ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ഐ.പി.ഒയ്ക്കായുള്ള കരട് രേഖകള്‍ സെബിക്ക് സമര്‍പ്പിച്ചത്. 2024 ഏപ്രില്‍ 30ന് സെബി അനുമതിയും നല്‍കി. ഐ.പി.ഒയുടെ ലീഡ് മാനേജര്‍മാര്‍മാരായി ജെ.എം ഫിനാന്‍ഷ്യല്‍, കോട്ടക്, നോമുറ, എസ്.ബി.ഐ ക്യാപ്‌സ് എന്നിവയെ നിയമിക്കുകയും ചെയ്തു.
1,500 കോടി രൂപയായിരുന്നു ഐ.പി.ഒ വഴി സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. സെപ്റ്റംബറില്‍ ഐ.പി.ഒ നടന്നില്ലെങ്കില്‍ ആശിര്‍വാദ് മൈക്രോ ഫിനാന്‍സിന്റെ ഹ്രസ്വകാല ആവശ്യങ്ങള്‍ക്കായി മണപ്പുറം ഫിനാന്‍സ് മൂലധനം ഇറക്കേണ്ടി വരും.

ആശീര്‍വാദ് ഫിനാന്‍സ്

വി.പി നന്ദകുമാര്‍ നയിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ എന്‍.ബി.എഫ്.സികളിലൊന്നായ മണപ്പുറം ഫിനാന്‍സ് 2015ലാണ് വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി ആശീര്‍വാദ് മൈക്രോ ഫിനാന്‍സിന്റെ ഓഹരികള്‍ വാങ്ങുന്നത്.
2008ല്‍ ചെന്നൈയില്‍ എസ്.വി രാജാ വൈദ്യനാഥന്‍ സ്ഥാപിച്ച മൈക്രോഫിനാന്‍സ് സ്ഥാപനമാണ് ആശീര്‍വാദ് മൈക്രോഫിനാന്‍സ്. 48.63 കോടി രൂപയ്ക്ക് 71 ശതമാനം ഓഹരികളാണ് ആദ്യ ഘട്ടത്തില്‍ വാങ്ങിയത്. പിന്നാലെ ഓഹരി പങ്കാളിത്തം 95 ശതമാനത്തിലേക്ക് ഉയര്‍ത്തി. ബാക്കി അഞ്ച് ശതമാനം രാജാ വൈദ്യനാഥന്റെ പക്കലാണുള്ളത്.
കുറഞ്ഞ വരുമാനമുള്ള സ്ത്രീകളുടെ ഉന്നമനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ആശീര്‍വാദ്. 22 സംസ്ഥാനങ്ങളിലും നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലും സാന്നിധ്യമുണ്ട്. ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് ആശീര്‍വാദിന്റെ ലാഭം 1,340 കോടി രൂപയും വരുമാനം 7,530 കോടി രൂപയുമാണ്. കമ്പനിയുടെ മൂലധന പര്യാപ്തത 21.8 ശതമാനവുമാണ്.

മണപ്പുറം ഓഹരി

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി ഉടമകള്‍ക്ക് 41 ശതമാനത്തിലധികം നേട്ടം നല്‍കിയിട്ടുണ്ട് മണപ്പുറം ഫിനാന്‍സ് ഓഹരികള്‍. 16,818 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. ഇന്ന് മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ ഒരു ശതമാനത്തിലധികം ഇടിഞ്ഞാണ് വ്യാപാരം നടത്തുന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ മണപ്പുറം ഫിനാന്‍സ് 11.7 ശതമാനം വളര്‍ച്ചയോടെ 557 കോടി രൂപയുടെ ലാഭം നേടിയിരുന്നു. മൊത്ത വരുമാനം മുന്‍വര്‍ഷത്തെ സമാനപാദത്തേക്കാള്‍ 22 ശതമാനം വര്‍ധിച്ച് 2,484 കോടിയുമായി.



Related Articles
Next Story
Videos
Share it