സോഷ്യല്‍ മീഡിയ കാലത്തെ പരസ്യ ബോര്‍ഡുകള്‍

അടുത്തിടെ സിനിമാതാരം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്റെ ഗ്യാരേജില്‍ പുതുതായി എത്തുന്ന അള്‍ട്രാവയലറ്റ് എഫ്77 എന്ന ഇ-ബൈക്ക് ആരാധകരെ പരിചയപ്പെടുത്തുകയായിരുന്നു താരത്തിന്റെ ലക്ഷ്യം. അതുവരെ ഭൂരിഭാഗം മലയാളികളും കേള്‍ക്കാത്ത ഒരു പേര് അള്‍ട്രാവയലറ്റ്, ദുല്‍ഖറിന്റെ വീഡിയോ വന്നതോടെ വാര്‍ത്തകളില്‍ നിറഞ്ഞു. ദുല്‍ഖറിന് നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പായ അള്‍ട്രൈവയലറ്റിന്റെ പരസ്യം കൂടിയായിരുന്നു ആ വീഡിയോ. ടിവി പരസ്യമോ എന്തിനേറെ ഒരു ഫ്ലക്സ് ബോര്‍ഡ് ( out of home advertising-OOH) പോലും വെയ്ക്കാതെ അള്‍ട്രാവയലറ്റ് കേരളത്തിലെ യുവാക്കള്‍ക്ക് പരിചിതമായ ബ്രാന്‍ഡായി മാറി.

സോഷ്യല്‍ മീഡിയ എത്തിയതോടെ ബ്രാന്‍ഡുകള്‍ പരസ്യം ചെയ്യു രീതികളില്‍ വലിയ മാറ്റമാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് വീടുകള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ നമ്മള്‍ സ്ഥിരം കാണുന്ന ഫ്ലക്സ് ബോര്‍ഡുകളും പോസ്റ്ററുകളും അടക്കമുള്ള OOH പരസ്യങ്ങളുടെ സാധ്യതകള്‍ ഇപ്പോള്‍ എത്രത്തോളം ആണെന്ന സംശയം ഉയരുന്നത്. കോവിഡ് ലോക്ക്ഡൗണ്‍ മറ്റെല്ലായിടത്തെയും പോലെ കേരളത്തിലെ OOH പരസ്യമേഖലയെയും ബാധിച്ചിരുന്നു. ജനം പുറത്തിറങ്ങാതിരുന്ന കാലത്ത് ആര് പരസ്യ ബോര്‍ഡ് വെയ്ക്കാനാണ്.....ഇപ്പോള്‍ വിപണി വീണ്ടും തിരിച്ചുവരുകയാണ്.

സിനിമാ താരങ്ങളുടെയും ഇന്‍ഫ്ലുവന്‍സേഴ്‌സിന്റെയും സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് ചൂണ്ടിക്കാട്ടിയപ്പോള്‍ കൊച്ചി നഗരത്തിലെ ഒരു പരസ്യ ഏജന്‍സി ഉടമ പറഞ്ഞത് OOH മേഖലയിലെ 20-30 ശതമാനവും സിനമ പ്രൊമോഷനുകളുടെ ഭാഗമാണെന്നാണ്. ഡിജിറ്റല്‍ പരസ്യത്തിന്റെ പ്രാധാന്യം വര്‍ധിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ ഏജന്‍സികള്‍ക്ക് സംശയമില്ല. എന്നാല്‍ ഡിജിറ്റല്‍ പരസ്യവിപണി ശക്തിപ്പെടുന്നത് കൊണ്ട് OOH മേഖലയുടെ പ്രാധാന്യം നഷ്ടപ്പെടില്ലെന്നാണ് കേരള അഡ്വർട്ടൈസിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ജന.സെക്രട്ടറി രമേശ് ബാബു പറയുന്നത്. ഡിജിറ്റല്‍ പരസ്യങ്ങളുടെ ആയുസ് കുറവാണ്. അതേ പോലെയായിരിക്കില്ല ഒരു മാസമോ അല്ലെങ്കില്‍ ഒരു വര്‍ഷമോ ഒക്കെ തുടര്‍ച്ചയായി കാണുന്ന പരസ്യ ബോര്‍ഡുകള്‍. യാത്രയ്ക്കിലെ പതിവായ് കാണുന്ന പരസ്യ ബോര്‍ഡുകള്‍ ഉപഭോക്താക്കളുടെ ഉള്ളില്‍ പതിയുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ടിവി ചാനലുകൾ, സീരിയലുകള്‍ക്കിടയില്‍ പരസ്യ ബോര്‍ഡുകള്‍ കാണിക്കുന്നത് അതിന്റെ സ്വാധീനത്തിന്റെ തെളവാണെന്ന് മറ്റൊരു പരസ്യ ഏജന്‍സി ഉടമ ചൂണ്ടിക്കാട്ടി. ശരാശരി 10-20 ലക്ഷം രൂപയുണ്ടെങ്കില്‍ കേരളത്തില്‍ ഒരു പരസ്യ ക്യാമ്പെയില്‍ ചെയ്യാം. പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഏറ്റവും ചെലവേറിയ ഇടം കൊച്ചി നഗരമാണ്. സ്‌ക്വയര്‍ഫീറ്റിന് ശരാശരി 300 രൂപയോളമാണ് കൊച്ചിയില്‍ പര്‌സബോര്‍ഡുകല്‍ സ്ഥാപിക്കാന്‍ ചെലവാകുന്നത്. ഏകദേശം 300 കോടി രൂപയുടേതാണ് കേരളത്തിലെ OOH വിപണി.

പരമ്പരാഗത രീതി പിന്തുടരുന്നതാണ് സംസ്ഥാനത്തെ OOH മേഖലയുടെ പ്രധാന പോരായ്മ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡിജിറ്റല്‍ ബോര്‍ഡുകളും പുതിയ ആശയങ്ങളും എത്തുമ്പോള്‍ കേരളത്തില്‍ ഈ മാറ്റങ്ങളൊക്കെ വിരളമാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഡിസൈനും രീതികളും തന്നെയാണ് ഇപ്പോഴും. കാറുകളുടെയും ജൂവലറികളുടെയുമൊക്കെ പരസ്യ ബോര്‍ഡുകള്‍ കണ്ടാല്‍ നിങ്ങള്‍ക്കിത് മനസിലാവും. ഡിജിറ്റല്‍ പരസ്യ ബോര്‍ഡുകള്‍ വ്യാപകമായാല്‍ ചുരുങ്ങിയ ചിലവില്‍ ക്യാമ്പെയിനുകള്‍ നടത്താന്‍ സാധിക്കുമെന്നാണ് ഏജന്‍സികള്‍ പറയുന്നത്. പരസ്യങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാക്കുകയും ചെയ്യാം.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it