Begin typing your search above and press return to search.
'സംരംഭകരെ വളർത്തുന്നത് ശരിയായ നെറ്റ് വർക്കിംഗ്'
ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം ബിസിനസ് ബന്ധങ്ങളാണ് ഏറ്റവും വിലപ്പെട്ടത്. ഇന്നുമുതൽ തങ്ങളുടെ ബിസിനസ് ബന്ധങ്ങൾ വളർത്തിയെടുക്കണമെന്നും അതിന്റെ ശക്തി തിരിച്ചറിയണമെന്നും ബിഎൻഐ കൊച്ചി സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവിൽ സംസാരിക്കവെ ബിഎൻഐ നാഷണൽ ഡയറക്ടർ മുരളി ശ്രീനിവാസൻ പറഞ്ഞു.
കേരളത്തിനകത്തും പുറത്തുനിന്നുമുള്ള 600-ൽ പരം ബിഎൻഐ അംഗങ്ങളായ സംരംഭകരാണ് കോൺക്ലേവിൽ പങ്കെടുത്തത്.
ബിഎൻഐ അംഗങ്ങൾ ഒരു വലിയ നെറ്റ് വർക്കിന്റെ ഭാഗമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ലോകത്താകമാനം 2,35,600 അംഗങ്ങളുള്ള ബിഎൻഐയുടെ സാധ്യതകൾ അംഗങ്ങൾ പ്രയോജനപ്പെടുത്തണം. ബിഎൻഐക്ക് ഇന്ത്യയിൽ 21,000 ലധികം അംഗങ്ങളുണ്ട്. കൊച്ചിയിൽ 500 ലധികം പേരും. ഇതിൽ ഓരോ അംഗങ്ങളും ഓരോ ബിസിനസ് സാധ്യതയാണ്.
നമുക്ക് പരിചയമുള്ളവരെക്കണ്ടു ഹാൻഡ്‌ഷെയ്‌ക് നൽകുന്നതിന് മാത്രമല്ല, പുതിയ ആളുകളെ പരിചയപ്പെടുന്നതിനും അതിലൂടെ പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനുമാണ് ഇതുപോലുള്ള നെറ്റ് വർക്കിംഗ് പ്ലാറ്റ് ഫോമുകൾ ഉപയോഗപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുരളിയുടെ അഭിപ്രായത്തിൽ അഞ്ച് കാര്യങ്ങളാണ് പ്രധാനമായും സംരംഭകർ ഓർത്തിരിക്കേണ്ടത്: അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...
കൃത്യമായ 'ഫോക്കസ്' വേണം. എവിടെയൊക്കെയാണ് ഫോക്കസ് ചെയ്യേണ്ടത്. 1. ബന്ധങ്ങൾ വളർത്തുന്നതിൽ 2. ലക്ഷ്യങ്ങളിൽ 3. വിജയത്തിലേക്ക് നയിക്കുന്ന ശീലങ്ങളിൽ.
ബിഎൻഐ കൊച്ചിയിൽ 525 അംഗങ്ങളുണ്ട്. ഈ എല്ലാ അംഗങ്ങളെയും കണ്ട് പരിചയപ്പെട്ട എത്ര പേർ ഇക്കൂട്ടത്തിലുണ്ട്? വളരെ കുറച്ചുപേർ മാത്രം. അതുകൊണ്ട് ഇന്നുതന്നെ ഈ നെറ്റ് വർക്കിന്റെ ഭാഗമായ എല്ലാവരെയും പരിചയപ്പെടുക, ബന്ധങ്ങൾ, ശക്തമാക്കുക.
അതുപോലെതന്നെ ലക്ഷ്യത്തിലൂന്നിയ പ്രവർത്തനം വളരെ പ്രധാനമാണ്. എത്രമാത്രം വലുതാണ് നിങ്ങളുടെ ലക്ഷ്യം? അത് നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടോ? ലക്ഷ്യങ്ങൾ നിങ്ങളെ ഭയപ്പെടുത്തുന്നില്ലെങ്കിൽ അത് നിങ്ങളെ മുന്നോട്ടുകൊണ്ടുപോകാൻ പോന്നത്ര വലുതല്ല. വലിയ ഭ്രാന്തമായ ലക്ഷ്യങ്ങൾ നിങ്ങളുടെ ഡയറിയിൽ എഴുതിച്ചേർക്കണം. അതിൽത്തന്നെ ഉറച്ചു നിൽക്കണം.
വിജയത്തിലേക്ക് നയിക്കുന്ന ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണം. നല്ല ബ്രാൻഡ് ഇമേജ് നിലനിർത്തുക, അർത്ഥവത്തായ കൂടിക്കാഴ്ചകൾക്കു മാത്രം സമയം ചെലവിടുക, നെറ്റ് വർക്കിംഗ് വഴി പുതിയ ബിസിനസ് ബന്ധങ്ങൾ വളർത്തിയെടുക്കുക, വൺ-ടു-വൺ മീറ്റിംഗുകൾ വ്യക്തമായ തീരുമാനങ്ങളിലേക്ക് നയിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടേയിരിക്കുക.
ബിഎൻഐ കൊച്ചിയുടെ വിഷൻ
അഞ്ചര വർഷം പിന്നിടുന്ന ബിഎൻഐ കൊച്ചിയുടെ സ്വപ്നതുല്യമായ യാത്രയുടെ വിശദാംശങ്ങളാണ് ബിഎൻഐ കൊച്ചി ഡയറക്ടർ ജി അനിൽകുമാർ അദ്ദേഹത്തിന്റെ സ്വാഗതപ്രസംത്തിൽ പങ്കുവെച്ചത്. ഈ സംരംഭം തുടങ്ങിയപ്പോൾ മുൻപിൽ ഉറപ്പിച്ച ലക്ഷ്യമായിരുന്നു 2020 ആകുമ്പോഴേക്കും 20 ചാപ്റ്ററുകളും 1,000 റെഫെറൽ പാർട്ണർമാരും 1,000 കോടി രൂപയുടെ ബിസിനസ്സും നടപ്പാക്കുക എന്നത്. ഏകദേശം 10,000 ഓളം കുടുംബങ്ങളെ നേരിട്ട് സ്വാധീനിക്കുന്നതായിരിക്കും ഈ വളർച്ച.
പത്തു ചാപ്‌റ്ററുകളും 500 ലധികം അംഗങ്ങളും 400 കോടിയിലധികം ബിസിനസ്സും നേടി വളർന്നു കൊണ്ടിരിക്കുകയാണ് ഇന്ന് ബിഎൻഐ കൊച്ചി. ഓരോ ചാപ്റ്ററുകളിലും ശരാശരി 53 അംഗങ്ങൾ ഉണ്ട്. എല്ലാ ചാപ്‌റ്റേഴ്‌സും ഇന്ത്യയിൽത്തന്നെ മുൻനിരയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഎൻഐ കൊച്ചിയുടെ 74 ശതമാനം റീറ്റെൻഷൻ റേറ്റ് ഇന്ത്യയിലെതന്നെ ഏറ്റവും ഉയർന്ന നിരക്കാണ്.
പ്രാദേശിക തലത്തിൽ സ്വയം വളർച്ച നേടുകയും അതോടൊപ്പം മറ്റുള്ള ബിസിനസ്സുകളെ വളരാൻ സഹായിക്കുകയും ചെയ്ത സംരംഭകരെ കോൺക്ലേവിൽ ആദരിച്ചു. ഏറ്റവും കൂടുതൽ ബിസിനസ്, റെഫറൽസ് എന്നിവ കൊടുക്കുകയും മറ്റുള്ളവരെ വളർച്ചയിൽ സഹായിക്കുകയും ചെയ്തവർക്കായിരുന്നു അവാർഡ്. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോസിബിലിറ്റിയുടെ ഭാഗമായി അനുവദിച്ച സംഭാവനകളും ചടങ്ങിൽ സമ്മാനിച്ചു.
Next Story