95,000 രൂപ ബോണസ്‌! ബെവ്‌കോ ജീവനക്കാര്‍ക്ക് ഇത് ഓണം ബമ്പര്‍

ഓണക്കാലത്ത് ഇരട്ടി മധുരവുമായി ബിവറേജസ് കോര്‍പറേഷന്‍ (ബെവ്‌കോ). മദ്യ വില്‍പ്പനയിലെ റെക്കോഡ് നേട്ടത്തിനൊപ്പം ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നതിലും മുന്നിലാണ് ബെവ്‌കോ. ഈ ഓണക്കാലത്ത്‌ 95,000 രൂപ വരെയാണ് ബെവ്‌കോ ജീവനക്കാര്‍ക്ക് ബോണസായി ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷമിത് 90,000 രൂപയായിരുന്നു. കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന ബോണസാണിത്.

സര്‍ക്കാരിന്റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്റീവ്, എക്‌സ്‌ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ച് നല്‍കും. ഓഫീസിലും ഔട്ട്‌ലെറ്റിലുമായി 5,000 ജീവനക്കാരാണ് ബെവ്‌കോയിലുള്ളത്. സ്വീപ്പര്‍ തസ്തികയിലുള്ളവര്‍ക്ക് 5,000 രൂപ ബോണസ് ലഭിക്കും. എക്‌സൈസ് മന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയിലാണ് ബോണസ് തീരുമാനമായത്.

മദ്യവില്‍പ്പനയിലൂടെ നികുതിയിനത്തില്‍ മാത്രം 5,000 കോടിയിലേറെ രൂപയാണ് സര്‍ക്കാരിന് ലഭിക്കുന്നത്. മദ്യ നിരോധനം നിലനില്‍ക്കുന്ന ലക്ഷദ്വീപിലേക്കും ബെവ്‌കോ വഴി മദ്യം എത്തിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.




Related Articles
Next Story
Videos
Share it