മുഖച്ഛായ മിനുക്കി മലബാര്‍ ജില്ലകള്‍, പൂക്കുന്നത് ആധുനിക സംരംഭക വസന്തം
അടുത്തിടെയാണ് കാസര്‍കോട്ടുകാരനായ മുഹമ്മദ് ഹിസാമുദ്ദീന്‍ തുടക്കമിട്ട കേരളത്തിലെ മുന്‍നിര എഡ്‌ടെക് കമ്പനിയായ എന്‍ട്രി ആപ്പിന് സീരീസ് എ റൗണ്ട് ഫണ്ടിംഗില്‍ ഏഴ് ദശലക്ഷം ഡോളറിന്റെ നിക്ഷേപം എത്തിയത്. ആയിരത്തിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു കോടിയോളം യൂസേഴ്‌സുള്ള വലിയ കമ്പനിയായി മാറിയിരിക്കുന്നു മുഹമ്മദ് ഹിസാമുദ്ദീനും സുഹൃത്ത് രാഹുല്‍ രമേഷും ചേര്‍ന്ന് രൂപം നല്‍കിയ എന്‍ട്രി ആപ്പ്.
ഇത് ഒരു എന്‍ട്രി ആപ്പിന്റെ മാത്രം കഥയല്ല. നിരവധി പുതു സംരംഭങ്ങളും സംരംഭകരുമാണ് പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്ന് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. സമീപ കാലം വരെ വ്യാവസായിക രംഗത്ത് എറണാകുളവും തിരുവനന്തപുരവുമടക്കമുള്ള തെക്കന്‍ ജില്ലകള്‍ മുന്നേറുന്നത് നോക്കിനിന്ന മലബാര്‍ മേഖലയില്‍ നിന്നും ദേശീയ, രാജ്യാന്തര നിലവാരത്തിലുള്ള സംരംഭങ്ങള്‍ ഉയര്‍ന്നുവരുന്നു.
ഒരു കാലത്ത് ഹാന്‍ഡ്‌ലൂം, പ്ലൈവുഡ്, തടി, ഓട് തുടങ്ങിയ വ്യവസായങ്ങളിലൂടെ കേരളത്തിന്റെ വ്യാവസായിക രംഗത്ത് വലിയ സ്ഥാനം കോഴിക്കോട്, കണ്ണൂര്‍ അടക്കമുള്ള ജില്ലകള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ തൊഴില്‍ സമരങ്ങളും സര്‍ക്കാര്‍ തലത്തിലുള്ള ഈ മേഖലയോടുള്ള അവഗണനയും കാലാനുസൃതമായി നവീകരിക്കാന്‍ കൂട്ടാക്കാതെയിരുന്നതുമൊക്കെ പരമ്പരാഗത വ്യവസായത്തെ തളര്‍ത്തി.
എന്നാല്‍ സംരംഭകത്വം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്ന മലബാറിന് അവഗണനയ്ക്കിടയിലും ഉയര്‍ന്നുവരാതിരിക്കാനാവില്ലല്ലോ. വികെസി, മലബാര്‍ ഗോള്‍ഡ്, പാരിസണ്‍സ് ലിബര്‍ട്ടി തുടങ്ങിയ ദേശീയ, രാജ്യാന്തര തലത്തില്‍ സാന്നിധ്യ മറിയിച്ച സംരംഭങ്ങള്‍ക്ക് പിന്നാലെ പോപ്പീസ്, മൈജി, ഇംപെക്‌സ് തുടങ്ങിയ പുതുതലമുറ സംരംഭങ്ങളും അവയ്ക്ക് പിന്നാലെ എന്‍ട്രി ആപ്പ്, സൈലം തുടങ്ങിയ പുതു സ്റ്റാര്‍ട്ടപ്പുകളുമായി വീണ്ടും കളത്തില്‍ സജീവമാകുകയാണ് മലബാറിന്റെ സംരംഭക രംഗം. ഇന്ന് സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനമായ എറണാകുളത്തിനോടും തിരുവനന്തപുരത്തിനോടുമൊക്കെ സംരംഭക രംഗത്ത് മത്സരിക്കാന്‍ മലബാര്‍ ജില്ലകള്‍ക്ക് ആകുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ മാറ്റം.
വ്യവസായ വകുപ്പിന്റെ കണക്കനുസരിച്ച് പാലക്കാട് ജില്ലയില്‍ 2021-22ല്‍ 1,413 പുതിയ സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മലപ്പുറത്ത് 1,236, കോഴിക്കോട്ട് 1,455, കണ്ണൂരില്‍ 1,275 സംരംഭങ്ങള്‍ എന്നിങ്ങനെയാണ്. അതേസമയം തിരുവനന്തപുരത്ത് 1,420 പുതിയ സംരംഭങ്ങള്‍ തുടങ്ങിയപ്പോള്‍ എറണാകുളത്ത് 1,308 പുതിയ സംരംഭങ്ങള്‍ തുറന്നു.
സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തിലും മലബാര്‍ ജില്ലകള്‍ മികവ് കാട്ടുന്നുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷനില്‍ (DIPP) കഴിഞ്ഞ വര്‍ഷം മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കോഴിക്കോട്ടു നിന്നു മാത്രം 447 സ്റ്റാര്‍ട്ടപ്പുകളാണ്. മലപ്പുറം (232), കണ്ണൂര്‍ (185), കാസര്‍കോട്, വയനാട് (61 വീതം) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ നേട്ടം. സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ എറണാകുളവും (1,659) തിരുവനന്തപുരവും (827) ബഹുദൂരം മുന്നിലുണ്ടെങ്കിലും മലബാര്‍ ജില്ലകളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം കൂടിവരുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. ഡി.ഐ.പി.പിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത നൂറുകണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍ വേറെയുമുണ്ട്.
സംരംഭക സൗഹൃദം എന്തുകൊണ്ട്?
വടക്കന്‍ ജില്ലകള്‍ക്ക് അനുകൂലമായ നിരവധി ഘടകങ്ങള്‍ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം മുതല്‍ സമൂഹത്തില്‍ നിന്നുള്ള പിന്തുണ വരെ നീളുന്നു അത്. ഇതിലെ ചില ഘടകങ്ങള്‍ പരിശോധിക്കാം. വിദേശ മാതൃകകള്‍ ഗള്‍ഫ് രാജ്യങ്ങളിലടക്കമുള്ള ലോകത്തെ ഏറ്റവും പുതിയ സംരംഭക മാതൃകകള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. അത് ഇവിടെയും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത സാധനങ്ങളും സേവനങ്ങളും ലഭ്യമാകുന്നു. മാള്‍ സങ്കല്‍പ്പവും പാക്കേജ്ഡ് ഫുഡും അടക്കമുള്ളവ ഇത്തരത്തില്‍ കേരളത്തില്‍ സാധാരണമായവയാണ്. എസി ഫാര്‍മസി, എസി സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയവയും വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തി ഇവിടെ സാധാരണമായവ തന്നെ.
ഗള്‍ഫ് സ്വാധീനം
പണമായിരുന്നു ഒരുകാലത്ത് സംരംഭകര്‍ക്ക് വിലങ്ങുതടിയായിരുന്നതെങ്കില്‍ കാലക്രമേണ ഗള്‍ഫിലേക്ക് ജോലി തേടി പോയിരുന്നവര്‍ പണമയച്ചു തുടങ്ങിയതോടെ അതിന് പരിഹാരമായി. നാട്ടില്‍ ഒരാള്‍ സംരംഭം തുടങ്ങുമ്പോള്‍ നിക്ഷേപകരായി ഗള്‍ഫിലുള്ള ആരെങ്കിലും ഉണ്ടാവുക എന്നത് അടുത്ത കാലത്ത് ഈ മേഖലയില്‍ പതിവാണ്. മലബാര്‍ മേഖലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രവാസികളായി പോയിരിക്കുന്നത്. തെക്കന്‍ ജില്ലകളിലുള്ളവര്‍ അമേരിക്ക, ഓസ്‌ട്രേലിയ, യുറോപ്പ് തുടങ്ങിയ മേഖലകളിലേക്കാണ് കുടിയേറിയിരിക്കുന്നത്. അതുകൊണ്ടു തന്നെ അവരില്‍ പലരും തിരിച്ചുവവന്ന് നാട്ടില്‍ സ്ഥിരതാമസമാക്കുന്നില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാകട്ടെ വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തുന്നവര്‍ സ്വന്തമായി ബിസിനസ് തുടങ്ങുക എന്ന ലക്ഷ്യവുമായാണ് എത്തുന്നത്. ഇതും സംരംഭങ്ങളുടെ എണ്ണം കൂടാന്‍ കാരണമാകുന്നുണ്ട്.
ഭൂമി ലഭ്യത
തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് മലബാര്‍ മേഖലയില്‍ ഭൂമിയുടെ ലഭ്യത ഏറെയാണ്. കാസര്‍കോട് അടക്കമുള്ള ജില്ലകളില്‍ സര്‍ക്കാരിന്റെ കൈവശം തന്നെ നൂറുകണക്കിന് ഏക്കര്‍ ഭൂമിയുണ്ട്. നിരവധി സ്വകാര്യ വ്യവസായ പാര്‍ക്കുകളും തയാറായി വരുന്നു. ചില വ്യവസായങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും വ്യവസായികളെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പോലും ആകര്‍ഷിക്കുന്നുണ്ട്. അടുത്തിടെ നടന്ന റൈസിംഗ് കാസര്‍കോടിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദില്‍ നിന്നും രണ്ട് ലാറ്റക്‌സ് കമ്പനികളും പൂനെയില്‍ നിന്നുള്ള പ്ലൈവുഡ് പാര്‍ട്ടിക്ക്ള്‍ ബോര്‍ഡ് നിര്‍മാതാക്കളും കാസര്‍കോട്ട് ബിസിനസ് തുടങ്ങുന്നുണ്ടെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സജിത്കുമാര്‍ പറയുന്നു.
മുസ്ലിം ജനസംഖ്യ
മുസ്ലിം വിഭാഗക്കാര്‍ പണ്ടുതൊട്ടേ വ്യാപാരവും വ്യവസായവും തുടങ്ങാന്‍ മുന്നിലാണ്. ഇതര വിഭാഗങ്ങള്‍ ജോലി നേടുന്നതിന് പ്രാധാന്യം നല്‍കിയപ്പോള്‍ ചെറുതായെങ്കിലും സ്വന്തമായി ഒരു ബിസിനസ് എന്നതായിരുന്നു മലബാറിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലിങ്ങളുടെയും ചിന്താഗതി. ബിസിനസില്‍ എന്ത് റിസ്‌ക് എടുക്കാനും അവര്‍ സന്നദ്ധരാണ്. ബിസിനസ് പരാജയപ്പെട്ടാലും ആത്മഹത്യയിലേക്കൊന്നും പോകാതെ വലിയ ഭാവമാറ്റമില്ലാതെ ഏറ്റവും ചെറിയ ബിസിനസിലേക്ക് കടക്കാനും അവര്‍ തയാറാണ്. പ്ലൈവുഡ് വ്യവസായം പരാജയപ്പെട്ട് വീടും മറ്റു ആസ്തികളും നഷ്ടപ്പെട്ട് വെറും സൈക്കിളിലേക്ക് ചുരുങ്ങിയ മമ്മദ് കോയ എന്ന യുവാവാണ് വി.കെ.സി എന്ന വമ്പന്‍ ബ്രാന്‍ഡ് കെട്ടിപ്പടുത്തത് എന്നോര്‍ക്കണം. മറ്റു മതസ്ഥരെ അപേക്ഷിച്ച് സഹായ മന:സ്ഥിതി മുസ്ലിങ്ങള്‍ക്ക് കൂടുതലാണ് എന്നതും പരസ്പരം സഹായിക്കാന്‍ സന്നദ്ധരാകുന്നുവെന്നതും മറ്റൊരു നേട്ടമാണ്. ബിസിനസില്‍ പരാജയപ്പെട്ടവരെ കൂട്ടി ബിസിനസ് ചെയ്യാന്‍ മറ്റുള്ളവര്‍ തയാറാകുന്നുവെന്നതാണ് ശ്രദ്ധേയം. എന്ത് കഠിനാധ്വാനം ചെയ്തും ബിസിനസ് വിജയിപ്പിക്കാന്‍ അവര്‍ ഒരുക്കവുമാണ്. വ്യാപാര രംഗത്തും മുസ്ലിങ്ങള്‍ മികവ് പുലര്‍ത്തുന്നുണ്ട്.
സ്വകാര്യ മേഖലയുടെ പിന്തുണ
തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് സര്‍ക്കാര്‍ തലത്തില്‍ വ്യവസായ പിന്തുണ കാര്യമായി മലബാര്‍ മേഖലയ്ക്ക് ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. എന്നാല്‍ സ്വകാര്യ മേഖല ഇവിടെ സഹായത്തിനെത്തുന്നു. സ്വകാര്യ കൂട്ടായ്മയില്‍ കണ്‍സോര്‍ഷ്യങ്ങള്‍ രൂപീകരിച്ച് പരസ്പരം സഹായിക്കുന്ന നിരവധി സംരംഭങ്ങള്‍ മലബാര്‍ മേഖലയിലുണ്ട്. കണ്ണൂരിലെ മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം തന്നെ ഉദാഹരണം. കണ്ണൂരിലെ മൈസോണ്‍ പോലെ സ്വകാര്യ മേഖലയില്‍ സംരംഭക വികസനത്തിനായി രൂപീകരിച്ച ഇടങ്ങളും ഉണ്ട്. സര്‍ക്കാര്‍ സ്വകാര്യ മേഖലയ്ക്ക് വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതോടെ മലബാര്‍ ജില്ലകളില്‍ നൂറോളം വ്യവസായ പാര്‍ക്കുകളും വരാനിരിക്കുന്നു.
ഹൈ നെറ്റ്‌വര്‍ത്ത് ആളുകള്‍ നിക്ഷേപകരാകുന്നു
സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപകരായി മലബാര്‍ ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് പോലുള്ള കൂട്ടായ്മകള്‍ രംഗത്തുണ്ട്. എന്നാല്‍ വന്‍കിടക്കാരായ ഇത്തരം നിക്ഷേപകര്‍ വലിയ സ്റ്റാര്‍ട്ടപ്പുകളിലാണ് കണ്ണുവെയ്ക്കുന്നത്. എന്നാല്‍ ചെറുകിട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപം ലഭ്യമാക്കുന്നതിനായി പുതിയ വിഭാഗം ആളുകള്‍ കടന്നുവരുന്നത് ഈ മേഖലയ്ക്ക് തുണയാകുന്നുണ്ട്. പരമ്പരാഗത ബിസിനസുകളിലും മറ്റും സജീവമായ ധനികരായ ആളുകള്‍ ചെറു സ്റ്റാര്‍ട്ടപ്പുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് നിക്ഷേപിക്കാന്‍ തയാറാകുന്നുണ്ട്. അടുത്തിടെ ഒരു 30 വയസുകാരന്‍ ഒരു കോടി രൂപയാണ് സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിച്ചത്. എന്നാല്‍ കണ്ണുംപൂട്ടി ഏതെങ്കിലും സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്ന ശീലം ഇപ്പോഴില്ല. നോക്കിയും കണ്ടും മാത്രമാണ് നിക്ഷേപം. മലബാറുകാരനായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പിന്റെ തകര്‍ച്ച പലരുടെയും കണ്ണു തുറപ്പിച്ചിട്ടുണ്ട്.
ടാലന്റ് ലഭ്യം
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉന്നത ജോലികള്‍ നോക്കിയിരുന്ന മികച്ച ആളുകള്‍ കോവിഡ് കാലത്ത് കോഴിക്കോട് അടക്കമുള്ള സ്വന്തം നാട്ടിലേക്ക് വന്നിരുന്നു. വര്‍ക്ക് ഫ്രം ഹോം എന്ന പേരിലായിരുന്നു അത്. എന്നാല്‍ പിന്നീട് ഇവിടുത്തെ ജീവിത നിലവാരവും അടിസ്ഥാന സൗകര്യങ്ങളും കണ്ട അവര്‍ തിരിച്ചുപോക്കിന് തയാറായില്ല. അതോടെ പല ഐടി കമ്പനികളും പ്രവര്‍ത്തനം തന്നെ ഇങ്ങോട്ട് മാറ്റിയതായി ഈ രംഗത്തുള്ളവര്‍ പറയുന്നു. കോഴിക്കോട്ടെ സൈബര്‍ പാര്‍ക്ക്, യു.എല്‍.സി.സി സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങള്‍ ഇപ്പോള്‍ നിറഞ്ഞിരിക്കുകയാണ്. കൂടുതല്‍ സ്ഥലം ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. മുന്‍കാലങ്ങളില്‍ വിദ്യാഭ്യാസത്തിന് അത്ര പ്രാധാന്യം നല്‍കാതിരുന്ന തലമുറയായിരുന്നു മലബാറിലേത്. ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. പുതിയ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളുടെ ലഭ്യത മലബാര്‍ മേഖലയില്‍ കൂടിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനം
റോഡുകളും മറ്റുമായി അടിസ്ഥാന സൗകര്യത്തില്‍ മലബാര്‍ ഇന്ന് ഏറെ മുന്നേറുന്നുണ്ട്. ദേശീയപാത കൂടി വരുന്നതോടെ എവിടെ നിന്നും എവിടേക്കും എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുമെന്ന സ്ഥിതിയാകും. ഇതോടെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും സ്ഥലലഭ്യത കൂടുതലുള്ള മലബാറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്കും അത് സഹായകമാകുന്നുണ്ട്. ടൂറിസം മേഖലയില്‍ കൂടുതല്‍ സംരംഭങ്ങള്‍ വരാനും ഇത് അവസരമൊരുക്കും. സംരംഭകരെ സഹായിക്കുന്ന നിരവധി സ്ഥാപനങ്ങളുടെ കടന്നുവരവാണ് മറ്റൊന്ന്. കോഴിക്കോട്ട് എന്‍.ഐ.ടി, ഐ.ഐ.എം, സുഗന്ധവിള ഗവേഷണ കേന്ദ്രം, പാലക്കാട്ട് ഐ.ഐ.ടി, കണ്ണൂരില്‍ നിഫ്റ്റ്, കാസര്‍കോട്ട് കേന്ദ്ര സര്‍വകലാശാല, സി.പി.സി.ആര്‍.ഐ തുടങ്ങിയവയൊക്കെ സംരംഭകര്‍ക്ക് സഹായകമാകുന്നുണ്ട്.
ആശങ്കകളുമുണ്ട്
വൈദ്യുതി ലഭ്യതയാണ് വലിയൊരു ആശങ്ക. പുതിയ സംരംഭങ്ങള്‍ വരുന്നതിനനുസരിച്ച് വൈദ്യുതി ലഭ്യത വര്‍ധിപ്പിക്കുന്നില്ല എന്നത് തിരിച്ചടിയായേക്കും. വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുമെന്ന് കെ.എസ്.ഇ.ബിയുടെ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് വ്യവസായ വകുപ്പ് അധികൃതര്‍ പറയുന്നത്. സംരംഭക മേഖല നേരിടുന്ന മറ്റൊരു പ്രശ്‌നം, സര്‍ക്കാര്‍ തലത്തില്‍ മാര്‍ക്കറ്റിംഗ് സഹായം ഇവിടെ ലഭ്യമല്ല എന്നതാണ്. കൊച്ചി പോലുള്ള പ്രദേശങ്ങളിലേക്ക് മാത്രം സര്‍ക്കാര്‍ ഒതുങ്ങുന്നുവെന്നാണ് സംരംഭകരുടെ പരാതി.
കോ-വര്‍ക്കിംഗ് സ്‌പേസുകള്‍
സംരംഭം തുടങ്ങാന്‍ സ്വന്തമായി വലിയ ഓഫീസും മറ്റും ഒരുക്കാന്‍ വലിയ നിക്ഷേപം നടത്തേണ്ട കാര്യമൊന്നും ഇന്നില്ല. കോ-വര്‍ക്കിംഗ് സ്‌പേസ് എന്ന സങ്കല്‍പ്പം ഈ മേഖലയില്‍ വലിയ വിപ്ലവം തന്നെയാണ് വരുത്തിയിരിക്കുന്നത്. ഒറ്റയാള്‍ സംരംഭങ്ങള്‍ക്ക് പോലും ചെറിയ ചെലവില്‍ ഓഫീസ് സൗകര്യം നല്‍കുന്ന നിരവധി കോ-വര്‍ക്കിംഗ് സ്‌പേസുകള്‍ കോഴിക്കോട്ടും മറ്റുമായി ലഭ്യമാണ്. ഹൈലൈറ്റ് ഗ്രൂപ്പിന് കീഴിലുള്ള ദി വര്‍ക്ക് ബുക്ക്, സാന്‍ഡ്‌ബോക്‌സ് തുടങ്ങിയവ ഈ രംഗത്ത് ശ്രദ്ധേയരാണ്.
കൂട്ടായ്മകള്‍ സജീവം
ബിസിനസുകാരുടെ കൂട്ടായ്മകളാണ് മലബാര്‍ മേഖലയുടെ വലിയൊരു ശക്തി. പരസ്പരം സഹായിക്കാന്‍ തയാറായി നില്‍ക്കുന്ന സംരംഭകര്‍ പരമ്പരാഗത ചേംബര്‍ ഓഫ് കൊമേഴ്‌സും വ്യാപാരി സംഘടനകളും കൂടാതെ വാട്ട്‌സ്ആപ്പില്‍ മാത്രമുള്ള ഫലപ്രദമായ കൂട്ടായ്മകളും രൂപീകരിച്ചിട്ടുണ്ട്. കണ്ണൂരിലെ പിസി എന്‍ട്രപ്രണേഴ്‌സ് ക്ലബ് ഇത്തരത്തില്‍ നിരവധി പേര്‍ക്ക് സഹായകമായ കൂട്ടായ്മയാണ്. കാസര്‍കോട്ടെ സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ കൂട്ടായ്മയായ കാസര്‍ 'കോഡ്' ആണ് മറ്റൊന്ന്. മലപ്പുറത്തും ബി.ഒ.സി, ടോക്ക് ടെന്‍ തുടങ്ങിയ കൂട്ടായ്മകളുണ്ട്. പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും അതിന് പരിഹാരം നിര്‍ദേശിക്കാനും ഇത്തരം വാട്ട്‌സ്ആപ്പ് കൂട്ടായ്മകള്‍ സഹായകമാകുന്നുണ്ട്.
ഫുഡ് കോര്‍ട്ടും റിസോര്‍ട്ടും
കോഴിക്കോട് ജില്ലയിലുള്‍പ്പെടെ മറ്റു പ്രധാന നഗരങ്ങളിലുള്ളതുപോലെ വിവിധ ഭക്ഷണങ്ങള്‍ ലഭിക്കുന്ന ഫുഡ് കോര്‍ട്ടുകള്‍ പലയിടങ്ങളിലായി ഉയര്‍ന്നുവരുന്നുണ്ട്. മാസംതോറും വിവിധ തരത്തിലുള്ള വിഭവങ്ങള്‍ ഒരുക്കുന്ന റെസ്റ്റൊറന്റുകളാണ് തുറക്കുന്നത്. കൂടാതെ വയനാടിന്റെ ഭംഗി ആസ്വദിക്കാന്‍ കൂടുതല്‍ പേര്‍ എത്തുന്നതോടെ വലിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി നിരവധി റിസോര്‍ട്ടുകള്‍ മേഖലയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അഭൂതപൂര്‍വമായ വളര്‍ച്ചയാണ് മേഖലയ്ക്കുണ്ടായിരിക്കുന്നത്.
(ധനം ബിസിനസ് മാഗസിന്റെ മെയ് 31 ലക്കം കവര്‍ സ്റ്റോറി)