ബൈജൂസിന് പ്രതിസന്ധികളില്‍ നിന്ന് മോചനമില്ല, വായ്പാദാതാക്കള്‍ക്ക് പിന്നാലെ നിക്ഷേപകരും സുപ്രീംകോടതിയില്‍

തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിടുന്ന എഡ്‌ടെക്‌ (EdTech) സ്ഥാപനമായ ബൈജൂസിന് കനത്ത പ്രഹരമായി വായ്പാദാതാക്കള്‍ക്ക് പിന്നാലെ പ്രമുഖ നിക്ഷേപകരും സുപ്രീം കോടതിയെ സമീപിച്ചു. ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ പണം തിരിമറിയും ഭരണകെടുകാര്യസ്ഥതയും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ (എന്‍.സി.എല്‍.ടി)യെ സമീപിച്ച നാല് നിക്ഷേപകരാണ് ഇപ്പോള്‍ സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്.

ബൈജൂസിന്റെ മുഖ്യ നിക്ഷേപകരായ ജനറല്‍ അറ്റ്‌ലാന്റിക്, പീക്ക് എക്‌സ്‌വി, സോഫിന എസ്.എം, പ്രോസസിന്റെ ഉപകമ്പനിയായ എം.ഐ.എച്ച് എഡ്‌ടെക് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നിവയാണ് നിയമപോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. ബൈജൂസില്‍ 25 ശതമാനത്തിലധികം ഓഹരിയാണ് ഇവര്‍ക്ക് സംയുക്തമായി ഉള്ളത്. യു.എസ് വായ്പാദാതാക്കളായ ഗ്ലാസ് ട്രസ്റ്റ് ബൈജൂസിന്റെ പാപ്പരത്ത നടപടികള്‍ നിര്‍ത്തിവച്ചതിനെയും ബോര്‍ഡ് പുനസ്ഥാപിക്കുന്നതിനെയും ചോദ്യം ചെയ്ത് നല്‍കിയ കേസില്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

പാപ്പരത്ത കേസ് നാൾവഴികൾ

ബൈജൂസിനെതിരെയുള്ള പാപ്പരത്ത കേസ് ഇന്ന് കോടതി കേള്‍ക്കാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ പുതിയ അപേക്ഷകള്‍ കൂടി വന്നതോടെ ഓഗസ്റ്റ് 30ലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് (ബി.സി.സി.ഐ) നല്‍കാനുള്ള 158 കോടി രൂപയുടെ കുടിശിക വീട്ടാന്‍ സമ്മതിച്ചതിനെതിരെയാണ് യു.എസ് വായ്പാദാതാക്കള്‍ സുപ്രീം കോടതയില്‍ പരാതി നല്‍കിയത്. ബൈജൂസ്-ബി.സി.സി.ഐ സെറ്റില്‍മെന്റിന് എന്‍.സി.എല്‍.ടി നേരത്തെ അനുമതി നല്‍കിയിരുന്നു. പിന്നീട് ഓഗസ്റ്റ് 14 സുപ്രീം കോടതി ഇതിന് സ്‌റ്റേ നല്‍കുകയും പാപ്പരത്ത നടപടികളുമായി മുന്നോട്ട് പോകാന്‍ ഉത്തരവിടുകയുമായിരുന്നു.

യു.എസ് വായ്പാദാതാക്കളില്‍ നിന്നെടുത്ത 10,000 കോടിയോളം രൂപയുടെ വായ്പാ തിരിച്ചടവില്‍ ബൈജൂസ് വീഴ്ച വരുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ബൈജൂസിനെതിരെ പാപ്പരത്ത നടപടികള്‍ വേണമെന്ന ആവശ്യവുമായി വായ്പാദാതാക്കള്‍ കോടതിയിലെത്തിയത്. വായ്പാദാതാക്കളെ കബളിപ്പിച്ച് നേടിയ പണമാണ് ബി.സി.സി.ഐയ്ക്ക് നല്‍കുന്നതെന്നതാണ് ഇവര്‍ ഉയര്‍ത്തുന്ന വാദം. ഇതിനു മുമ്പ് ബി.സി.സി.ഐയും ബൈജൂസിനെതിരെ പാപ്പരത്ത നടപടി ആവശ്യപ്പെട്ട് എന്‍.സി.എല്‍.ടിയെ സമീപിച്ചിരുന്നു.

Related Articles

Next Story

Videos

Share it