കർഷകർക്ക് കൈത്താങ്ങാവാൻ അഗ്രോ ബിസിനസ് കമ്പനി വരുന്നു

കാർഷിക ഉത്പന്നങ്ങൾക്ക് രാജ്യാന്തര വിപണി ഉറപ്പുവരുത്താനും കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കാനും പൊതു സ്വകാര്യ പങ്കാളിത്തത്തിൽ കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. കൃഷിമന്ത്രി പി. പ്രസാദാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിൽ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവിനും സംസ്‌കരണത്തിനും ഊന്നൽ നൽകുന്നതിനായി അഗ്രി പാർക്കുകളും ഫ്രൂട്ട് പാർക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കമ്പനി രൂപീകരിക്കുന്നതിലൂടെ സാധിക്കും.
കർഷകരുടെ രക്ഷയ്ക്ക്
അഗ്രോ പാർക്കുകളുടെ നടത്തിപ്പിനും കർഷകരെ വിപണിയുമായി ബന്ധപ്പെടുത്തുന്നതിനും ഒരു സ്വതന്ത്ര കമ്പനി ആയിട്ടായിരിക്കും കാബ്കോ പ്രവർത്തിക്കുക.
കേരളത്തിന്റെ കാർഷിക ഉത്പ്പന്നങ്ങളെ അവയുടെ ഗുണമേന്മകൾ പ്രയോജനപ്പെടുത്തുന്ന തരത്തിൽ പൊതു ബ്രാൻഡിങ്ങിൽ കൊണ്ടു വരികയാണ് കമ്പനിയുടെ ലക്ഷ്യം. മൂല്യ വർദ്ധനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഒരു ഏജൻസിയായും കാബ്‌കോ പ്രവർത്തിക്കും. ദേശീയ അന്തർ ദേശീയ കയറ്റുമതി, വിപണന പ്രവർത്തനങ്ങളിൽ കേരളത്തിലെ കർഷകരെ കമ്പനി പ്രാപ്തരാക്കും.
സിയാൽ മാതൃകയിൽ
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്(CIAL) കമ്പനി മാതൃകയിലായിരിക്കും കാബ്കോയുടെ പ്രവർത്തനം.
സംസ്ഥാന സർക്കാരിന് 33 ശതമാനം, കർഷകർക്ക് 24 ശതമാനം, കാർഷിക സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള കർഷക കൂട്ടായ്മകൾക്ക് 25 ശതമാനംഎന്നിങ്ങനെ ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും. പൊതു ഓഹരി വിപണിയിൽ നിന്ന് 13 ശതമാനത്തിൽ അധികരിക്കാത്ത ഓഹരി വിഹിതവും പ്രാഥമിക കാർഷിക സ്ഥാപനങ്ങളുൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് അഞ്ച് ശതമാനത്തിൽ അധികരിക്കാത്ത ഓഹരി വിഹിതവും ഉറപ്പുവരുത്തും.
കൃഷി വകുപ്പ് മന്ത്രിയായിരിക്കും ചെയർമാൻ. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടർ, ധനകാര്യ വകുപ്പിന്റെ പ്രതിനിധി, കേരള അഗ്രോ ഇൻഡട്രീസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എന്നിവർ പ്രാരംഭ ഡയറക്ടർമാരായിരിക്കും.
അടിസ്ഥാന യൂണിറ്റുകൾ
ഇടുക്കിയിലെ വട്ടവട വെജിറ്റബിൾ അഗ്രോപാർക്ക്, തൃശൂർ കണ്ണാറയിലെ ബനാന ഹണി അഗ്രോപാർക്ക്, കോഴിക്കോട്, വേങ്ങേരിയിലെ കോക്കനട്ട് ട്രേഡിംഗ് ആന്റ് മാർക്കറ്റിങ് ഹബ് അഗ്രോപാർക്ക്, കോഴിക്കോട്, കൂത്താളിയിലെ കോക്കനട്ട് മാനുഫാക്ചറിംഗ് ഫെസിലിറ്റി, പാലക്കാട് മുതലമടയിലെ മാംഗോ അഗ്രോപാർക്ക് എന്നിവയാണ് ആദ്യ ഘട്ടത്തിൽ കാബ്‌കോയുടെ അടിസ്ഥാന യൂണിറ്റുകൾ.
മൂന്ന് നഗര കാർഷിക മൊത്തവ്യാപാര വിപണികളും മൂന്ന് ഗ്രാമീണ കാർഷിക മൊത്തവ്യാപാര വിപണികളും കണ്ണാറ, കൂത്താളി അഗ്രോപാർക്കുകളും 30 വർഷത്തേക്ക് കാബ്‌കോയുടെ ബിസിനസ്സ് ആവശ്യത്തിനായി കൈമാറ്റം ചെയ്യും.
സർക്കാരിൽ നിന്ന് 3.3 കോടി രൂപ
10 കോടി രൂപയുടെ മൊത്തം മൂലധനത്തിൽ സർക്കാരിന്റെ പങ്കാളിത്തം 3.3 കോടി രൂപയായിരിക്കും . ബാക്കിയുള്ള മൂലധനത്തിന് ഓഹരി ഉടമകൾക്ക് നിശ്ചയിച്ച പ്രകാരം ആനുപാതികമായി വരിക്കാരാകാവുന്നതാണ്. സർക്കാരിന്റെ വിഹിതമായി ആവശ്യമായ ഭൂമിയായാണ് കമ്പനിക്ക് കൈമാറുക. ബിസിനസിനുള്ള പ്രധാന നിക്ഷേപം ഓഹരി ഉടമകളിൽ നിന്നായിരിക്കും. കൂടുതൽ മൂലധനം ആവശ്യമായി വരുമ്പോൾ മറ്റ് ഓഹരി ഉടമകളിൽ നിന്ന് സമാഹരിക്കും.

Related Articles

Next Story

Videos

Share it