കൊച്ചി വഴി ഇക്കൊല്ലം പറന്നത് ഒരുകോടി യാത്രക്കാർ; നേട്ടത്തിന്റെ റൺവേയിൽ സിയാൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ (സിയാൽ) ഈ വര്‍ഷം പറന്നത് ഒരു കോടി യാത്രക്കാര്‍. വ്യാഴാഴ്ച വൈകിട്ട് ബംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 173 യാത്രക്കാര്‍ പറന്നതോടെയാണ്, വര്‍ഷം അവസാനിക്കാന്‍ 11 ദിവസം ബാക്കിയിരിക്കെ നിർണായക റെക്കോഡ് നേട്ടം സിയാൽ സ്വന്തമാക്കിയത്.

പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ കടന്നു പോകുന്ന നാലാമത്തെ ദക്ഷിണേന്ത്യൻ വിമാനത്താവളമാണ് സിയാല്‍. കേരളത്തിലെ ഒരേയൊരു വിമാനത്താവളവും.
20 ലക്ഷത്തിലധികം പേരുടെ വര്‍ധന
സംസ്ഥാനത്തെ മൊത്തം വിമാനയാത്രക്കാരുടെ 63.50 ശതമാനവും കൈകാര്യം ചെയ്യുന്നത് സിയാലാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 20 ലക്ഷത്തിലധികം പേരുടെ വര്‍ധനയാണ് സിയാല്‍ രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇതുവരെ സിയാലിലൂടെ പറന്ന ഒരുകോടി യാത്രക്കാരില്‍ 54.04 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരും 46.01 ലക്ഷം പേര്‍ രാജ്യാന്തര യാത്രക്കാരുമാണ്.
മൊത്തം 66,540 വിമാനങ്ങള്‍ ഇക്കാലയളവില്‍ സര്‍വീസ് നടത്തി. 2022ൽ 80.23 ലക്ഷം പേരാണ് സിയാലിലൂടെ യാത്രചെയ്തത്. വിമാന സര്‍വീസുകള്‍ 57,006.
അടിസ്ഥാന സൗകര്യ വികസനത്തിലും വിമാനത്താവള മാര്‍ക്കറ്റിംഗിലും സിയാല്‍ നടത്തുന്ന ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് യാത്രക്കാര്‍ക്കുള്ള നന്ദി സൂചകമായി സിയാല്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക സന്ദേശത്തിലൂടെ വ്യക്തമാക്കി. സ്വകാര്യ കോര്‍പറേറ്റുകള്‍ രാജ്യത്തെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കുന്ന കാലഘട്ടത്തില്‍ സിയാല്‍ കൈവരിക്കുന്ന മികവ് പൊതുമേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. വരും വര്‍ഷങ്ങളിലും ഒരു കോടിയില്‍ കുറയാതെ യാത്രക്കാര്‍ എത്തുമെന്ന പ്രതീക്ഷയാണ് മാനേജ്മെന്റിനുള്ളത്. അതിനുവേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു കോടി തൊട്ട് 'കുഞ്ഞ് ലയ'
കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരിയായ അഞ്ചു വയസ്സുകാരി ലയ റിനോഷ് ആണ് സിയാലിലെ 2023 വര്‍ഷത്തെ ഒരു കോടി യാത്രക്കാരുടെ എണ്ണം തൊട്ടത്.

സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.സുഹാസ്,​ ലയയ്ക്ക് പ്രത്യേക ഉപഹാരം നൽകുന്നു. സിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സജി.കെ.ജോര്‍ജ്, ജയരാജന്‍ വി., സി.ഐ.എസ്.എഫ് സീനിയര്‍ കമാന്‍ഡന്റ് സുനീത് ശര്‍മ, സിയാൽ കൊമേഴ്സ്യൽ ഹെഡ് ജോസഫ് പീറ്റർ തുടങ്ങിയവര്‍ സമീപം

Related Articles
Next Story
Videos
Share it