മുത്തൂറ്റ് സമരം: ആശങ്കകളോടെ വ്യവസായ കേരളം

മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തിവരുന്ന സമരത്തില്‍ ആശങ്കയോടെ വ്യവസായ കേരളം. ജോലി ചെയ്യാന്‍ തയ്യാറായ ജീവനക്കാരെ സമരക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് ഇന്നലെ മുത്തൂറ്റ് ഫിനാന്‍സ് എം.ഡി ജോര്‍ജ്ജ് അലക്‌സാണ്ടര്‍ കൊച്ചിയിലെ ഹെഡ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത് ദേശീയ മാധ്യമങ്ങളും വാര്‍ത്തയാക്കിയിരുന്നു.

കേരളത്തിലെ ഇതര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലേക്ക് കൂടി സമരം വ്യാപിപ്പിക്കാന്‍ സിഐടിയു തയ്യാറെടുക്കുന്നതായുള്ള സൂചനകള്‍ ഇതിനിടെ ശക്തമായിട്ടുണ്ട്.

കാലങ്ങളായി തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തന രംഗം പരമ്പരാഗത തൊഴില്‍ മേഖലകളാണ്. ഇപ്പോള്‍ ആ രംഗം തകര്‍ന്നടിഞ്ഞ സ്ഥിതിയിലാണ്. ഇത് മൂലം ഐ.ടി, ന്യൂജനറേഷന്‍ ബാങ്ക് തുടങ്ങിയ മേഖലകളില്‍ സി.പി.എമ്മിന്റെ കുടക്കീഴിലുള്ള യൂണിയനുകള്‍ ആധിപത്യം ഉറപ്പിക്കണമെന്ന മോഹവും പാര്‍ട്ടി നേതൃത്വം സിഐടിയുവിലേക്കു പകര്‍ന്നിട്ടുണ്ടത്രേ.

സാമ്പത്തിക മേഖല ഗുരുതരമായ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന, നിലവിലുള്ള തൊഴിലുകള്‍ പോലും നഷ്ടമാകുന്ന കാലഘട്ടത്തില്‍ തൊഴിലാളി സമരങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നിട്ടിറങ്ങാത്തതിലും വ്യവസായ ലോകം അസംതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്.

സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇന്ന് വൈകീട്ട് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുന്നുണ്ട്. ഇതിനിടെ, കേരളത്തിലെ 15 ശാഖകള്‍ നിര്‍ത്താന്‍ കൈക്കൊണ്ട തീരുമാനം പത്രപ്പരസ്യത്തിലൂടെ മുത്തൂറ്റ് ഫിനാന്‍സ് പ്രഖ്യാപിക്കുകയും ചെയ്തു.

സമരം മൂലം അടച്ചിട്ടിരിക്കുന്ന മുന്നൂറിലേറെ ശാഖകള്‍ മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ പൂട്ടേണ്ടിവരുമെന്നു ബാനര്‍ജി റോഡിലെ ഹെഡ് ഓഫിസ് സിഐടിയു ഉപരോധിച്ച സംഭവത്തിനു ശേഷം മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
രണ്ടര വര്‍ഷത്തിനിടെ, 8 തവണയാണു സമരം മൂലം ശാഖകള്‍ അടച്ചിടേണ്ടിവന്നത്. 800 ശാഖകള്‍ ഉണ്ടായിരുന്നത് 611 ആയി കുറഞ്ഞു. അതില്‍ മുന്നൂറിലേറെയും തുറക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി പലവട്ടം ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. മുത്തൂറ്റ് ഫിനാന്‍സില്‍ തൊഴിലാളി യൂണിയനില്ല. ഹെഡ് ഓഫിസിലെ 351 ജീവനക്കാരില്‍ ഒരാള്‍ പോലും യൂണിയനില്‍ അംഗമല്ലെന്നും മാനേജിങ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.

മുത്തൂറ്റിന്റെ മൊത്ത വരുമാനം 36,000 കോടി രൂപയാണ്.കേരളത്തിന്റെ വിഹിതം 10 ശതമാനമായിരുന്നത് സമരം മൂലം 4 % ആയി. വരുമാനം കുറവാണെങ്കിലും കമ്പനി ആസ്ഥാനം കേരളത്തിലായതിനാല്‍ നികുതിയായി 1100 കോടി രൂപ സംസ്ഥാനത്തിനു നല്‍കുന്നുണ്ട്. മേഖലയിലെ ഏറ്റവും മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യവുമാണു മുത്തൂറ്റിലേത്. ജീവനക്കാര്‍ക്കു കമ്പനിയുടെ ഓഹരി (ഇഎസ്ഒപി) പോലും നല്‍കുന്നതായും മാനേജിങ് ഡയറക്ടര്‍ പറഞ്ഞു.സിഎസ്ആര്‍ ഫണ്ട് വിനിയോഗത്തിലും, പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചു കമ്പനി.

ബിസിനസ് സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നു മുഖ്യമന്ത്രി പറയുമ്പോഴും സിഐടിയുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന അതിക്രമങ്ങള്‍ കേരളത്തില്‍ ബിസിനസ് നടത്തുന്നതില്‍ നിന്നും എല്ലാവരെയും പിന്തരിപ്പിക്കുകയേയുള്ളൂവെന്ന് മൂത്തൂറ്റ് മാനേജ്‌മെന്റ് പറയുന്നു. ബ്രാഞ്ച് ഓഫീസുകളുടെ പൂട്ടില്‍ ഈയം ഉരുക്കി ഒഴിച്ച സംഭവം വരെയുണ്ടായി. മര്‍ദ്ദനവും അസഭ്യവര്‍ഷവും നടത്തുന്നു. ഇതിലൊന്നും നടപടി സ്വീകരിക്കാനോ ന്യായം നടപ്പാക്കാനോ സര്‍ക്കാര്‍ ശ്രമം നടത്തുന്നില്ല.

സമരത്തിന്റെ മറവില്‍ അക്രമത്തിനു മുതിരുന്നതിനെ എങ്ങനെ ന്യായീകരിക്കാനാകുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബു ജോണ്‍ മലയില്‍ ചോദിക്കുന്നു. ജീവനക്കാരില്‍ വളരെ കുറച്ചു പേര്‍ മാത്രമാണ് സമരം ചെയ്യുന്നത്. ബാക്കി ഭൂരിഭാഗം പേരും സ്ഥാപനത്തിനൊപ്പം നില്‍ക്കുന്നവരാണ്. എഴുപത് ശതമാനത്തോളം ജീവനക്കാരും സ്ത്രീകള്‍ ആയതുകൊണ്ട് അവരെ പേടിപ്പിച്ചു നിര്‍ത്താന്‍ സിഐടിയുവിന് കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

'കേരളത്തില്‍ മൊത്തം 655ഓളം ബ്രാഞ്ചുകള്‍ ഉണ്ട്. ഇവയിലെല്ലാം കൂടി മൂവായിരത്തി അഞ്ഞൂറോളം ജീവനക്കാരുണ്ട്. മാന്യമായി ശമ്പളം വാങ്ങി ജോലി ചെയ്തു വന്നിരുന്നവരെ തൊഴിലില്ലാത്തവരാക്കി മാറ്റുന്നതിന് ഉത്തരവാദിത്വം പറയേണ്ടത് സിഐടിയുവാണ്' ബാബു ജോണ്‍ മലയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, കേരളം വിടുന്നെന്നും ബ്രാഞ്ചുകള്‍ പൂട്ടുന്നുവെന്നുമൊക്കെ പറയുന്നതിനു പിന്നില്‍ സ്ഥാപനത്തിനുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയായിരിക്കാം യഥാര്‍ത്ഥ കാരണമെന്ന് സിഐടിയു നേതൃത്വം നല്‍കുന്ന നോണ്‍ ബാങ്കിംഗ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ ആരോപിക്കുന്നു. തടഞ്ഞുവച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, ശമ്പള വര്‍ദ്ധനവ് നടപ്പില്‍ വരുത്തുക തുടങ്ങിയവയാണ് തങ്ങളുടെ ആവശ്യങ്ങള്‍. അത് അംഗീകരിക്കുന്നതുവരെ സമരം പിന്‍വലിക്കില്ലെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.സി രതീഷും മുത്തൂറ്റ് ഫിനാന്‍സ് യൂണിറ്റ് സംസ്ഥാന സെക്രട്ടറി നിഷ കെ. ജയനും പറയുന്നു.

ഇന്നലെ രാവിലെ എറണാകുളത്തെ ഹെഡ് ഓഫീസിനുമുന്നില്‍ പ്രതിഷേധിച്ച ജീവനക്കാരുടെ ഇടയിലേക്ക് കമ്പനി മാനേജിങ് ഡയറക്ടറുടെ നേതൃത്വത്തില്‍ നൂറോളംപേര്‍ ഇരച്ചുകയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷമായി മാറിയതെന്ന് നേതാക്കള്‍ അറിയിച്ചു. സമാധാനപരമായി നടത്തുന്ന സമരത്തിനിടെ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാനായിരുന്നു ആ നീക്കമെന്ന് സമരത്തിനു നേതൃത്വം നല്‍കിവരുന്ന സിഐടിയു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ് ആരോപിച്ചു. നാലുവര്‍ഷമായിട്ടും തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളെയും തൊഴിലാളി സംഘടനയെയും അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തൊഴില്‍മന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുത്തൂറ്റ് ഫിനാന്‍സിനെ സംബന്ധിച്ചിടത്തോളം കേരളത്തിലെ ശാഖകള്‍ അടയ്ക്കുന്നത് കമ്പനിക്കു ഗുണകരമാവുകയേയുള്ളൂവെന്ന നിരീക്ഷണം സാമ്പത്തിക മേഖലയില്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. മൊത്തം ലാഭത്തിന്റെ ഒരു ശതമാനം മാത്രമാണ് നിലവില്‍ കേരളത്തില്‍ നിന്നുള്ളത്. ശാഖകളും ജീവനക്കാരും അധികമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിനു പുറത്താകട്ടെ പൊതുവേ തലവേദനയില്ലാത്ത ബിസിനസ് രംഗമാണ് മുത്തൂറ്റ് ഫിനാന്‍സിനു മുന്നിലുള്ളത്.

Related Articles

Next Story

Videos

Share it