സംരംഭങ്ങള്‍ വാഴാതെ കേരളം, രണ്ട് വര്‍ഷത്തിനുള്ളില്‍ പൂട്ടികെട്ടി 1,500ലധികം ഫാക്ടറികള്‍

കേരളത്തെ വ്യവസായ സൗഹൃദമാക്കാനുള്ള ശ്രമങ്ങളുമായി ഒരുവശത്ത് സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ മറുവശത്ത് വ്യവസായങ്ങള്‍ പൂട്ടികെട്ടുകയാണ് സംരംഭകര്‍. സംസ്ഥാന ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്‌സിന്റെ കണക്കു പ്രകാരം ഈ സാമ്പത്തിക വര്‍ഷം മാത്രം 864 ചെറുകിട ഫാക്ടറികളാണ് പൂട്ടിയത്. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷം 707 എണ്ണം പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

കടക്കെണിയും കെടുകാര്യസ്ഥതയും
കടക്കെണിക്കു പുറമേ മാനേജ്മെന്റ് രംഗത്തെ കെടുകാര്യസ്ഥതയും അടച്ചുപൂട്ടലിന് കാരണമാവുന്നതായി ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. വൈദ്യുതി മുഖ്യഘടകമായി ഉപയോഗിക്കുന്ന ചെറുകിട ഫാക്ടറികള്‍ക്ക് നിരക്കുവര്‍ധനയും പ്രശ്‌നമായി. ലഘു എന്‍ജിനീയറിങ്, കശുവണ്ടി-മുള മൂല്യവര്‍ധിത ഉത്പന്നം, ലഘുഭക്ഷണം, സമുദ്രോത്പന്നം, കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നം എന്നിവ അധിഷ്ഠിതമാക്കി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളാണ് പൂട്ടിയവയിലേറെയും. പ്രവാസികള്‍ സംഘാടകരോ സഹകാരികളോ ആയ 174-ഓളം സംരംഭങ്ങളും ഇക്കൂട്ടത്തിലുണ്ട്.
മൂലധനലഭ്യതയിലെ തടസം, വിദഗ്ധതൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക്, വിപണിയിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ് അടച്ചു പൂട്ടലിന് കാരണം.
അടച്ചു പൂട്ടി വ്യാപാര സ്ഥാപനങ്ങളും
പേരിനുപോലും കച്ചവടമില്ലാതായതോടെ സംസ്ഥാനത്ത് വ്യാപാര സ്ഥാപനങ്ങളും പൂട്ടുന്നുണ്ട്. കൊവിഡിനു ശേഷം വ്യാപാരമേഖലയില്‍ ചെറിയൊരുണര്‍വ് പ്രകടമായെങ്കിലും വീണ്ടും നഷ്ടക്കച്ചവടത്തിലേക്ക് കൂപ്പുകുത്തുകയാണ് ഹോട്ടല്‍ മേഖല അടക്കമുള്ള സംരംഭങ്ങള്‍. ഒരു വര്‍ഷത്തിനിടെ ചെറുതും വലുതുമായ പതിനായിരത്തോളം കച്ചവട സ്ഥാപനങ്ങളാണ് അടച്ചത്.
തിരുവനന്തപുരം ജില്ലയില്‍ മാത്രം രണ്ടായിരത്തിലധികം കടകള്‍ക്കാണ് രണ്ടു വര്‍ഷത്തിനിടെ താഴുവീണത്. ഒരു മാസം മുമ്പ് പ്രവര്‍ത്തനം നിര്‍ത്തിയ പ്രമുഖ വസ്ത്ര ഷോറും ഉള്‍പ്പെടെ തലസ്ഥാനത്ത് ഇക്കാലയളവില്‍ അടച്ചുപൂട്ടിയത് പ്രധാനപ്പെട്ട 80 സ്ഥാപനങ്ങള്‍.
ചെലവഴിക്കാന്‍ കാശില്ല
വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകളുടെ വരവും ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിലേക്കു മാറുന്നതും കാരണമായി പറയാമെങ്കിലും ജനങ്ങളുടെ കൈയില്‍ കാശില്ലെന്നതു തന്നെയാണ് വ്യാപാരമേഖലയിലെ മന്ദിപ്പിനു കാരണം. കാര്‍ഷികമേഖലയുടെ മുരടിപ്പും നാണ്യവിളകളുടെ വിലയിടിവും ജനങ്ങളുടെ ക്രയശേഷി കുറച്ചു.
അതിഥി തൊഴിലാളിക്ക് ദിവസം ശരാശരി 800 രൂപ കൂലി ലഭിക്കുമ്പോള്‍ അതില്‍ 100 രൂപയില്‍ താഴെയേ സംസ്ഥാനത്ത് ചെലവഴിക്കുന്നുള്ളൂ. ഇത്തരത്തില്‍ ശതകോടികളാണ് ഓരോ വര്‍ഷവും ബംഗാളിലേക്കും ബിഹാറിലേക്കും നേപ്പാളിലേക്കും ഒഴുകുന്നത്.
ദേശീയപാത ഉള്‍പ്പെടെ സംസ്ഥാനത്തെ മിക്ക വഴിയോരങ്ങളിലും നൂറുകണക്കിന് കെട്ടിടങ്ങളാണ് കച്ചവടക്കാരെ കാത്തുകിടക്കുന്നത്. മുമ്പ് ഒരു കെട്ടിടം വാടകയ്ക്ക് കിട്ടണമെങ്കില്‍ വന്‍തുക മുന്‍കൂര്‍ നല്‍കേണ്ടിയിരുന്നു. മാസാമാസം കനത്ത വാടകയും. അഡ്വാന്‍സും ഡെപ്പോസിറ്റും ഒഴിവാക്കിയിട്ടും ആര്‍ക്കും കടമുറികള്‍ വേണ്ടാത്ത സ്ഥിതിയാണിപ്പോള്‍. മാസവാടക കുറച്ചിട്ടുപോലും സംസ്ഥാനത്ത് പണി പൂര്‍ത്തിയായ പകുതിയിലേറെ കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

Related Articles

Next Story

Videos

Share it