ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന്‌ വര്‍ണാഭമായ തുടക്കം

ധനം റീറ്റെയ്ല്‍ & ഫ്രാഞ്ചൈസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നെറ്റിന് വര്‍ണാഭമായ തുടക്കം. ആദിത്യ ബിര്‍ള റീറ്റെയ്ലിന്റെ മുന്‍ മാനേജിംഗ് ഡയറക്റ്ററും സി.ഇ.ഒയുമായ തോമസ് വര്‍ഗീസ്, സാമ്പത്തിക വിദഗ്ധനും വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് മുന്‍ മാനേജിംഗ് പാര്‍ട്ണറുമായ വേണുഗോപാല്‍ സി. ഗോവിന്ദ്, അസ്വാനി ലച്മന്‍ദാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ദീപക് അസ്വാനി, റീറ്റെയ്ല്‍ കണ്‍സള്‍ട്ടന്റും ഗ്രന്ഥകാരനും സ്ട്രാറ്റജിക് ഡിസൈന്‍ വിദഗ്ധനും എന്‍.ഐ.ഡി മുന്‍ ഡയറക്റ്ററുമായ ഡാര്‍ലി കോശി, ബാങ്ക് ഓഫ് ബറോഡ സോണല്‍ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തില്‍, ധനം ചീഫ് എഡിറ്ററും ചെയര്‍മാനുമായ കുര്യന്‍ ഏബ്രഹാം, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മരിയ ഏബ്രഹാം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

ഇന്ത്യന്‍ ജി.ഡി.പിയില്‍ 10 ശതമാനം പങ്കുവഹിക്കുന്ന റീറ്റെയ്ല്‍ രംഗം അതിവേഗ വളര്‍ച്ചയുമായി വൈകാതെ ലോകത്തെ മൂന്നാമത്തെ വലിയ ശക്തിയായി മാറുമെന്ന് ആദിത്യ ബിര്‍ള ടെക്സ്റ്റൈല്‍സ് മുന്‍ ബിസിനസ് ഹെഡ്ഡും ആദിത്യ ബിര്‍ള റീറ്റെയ്ല്‍ മുന്‍ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ തോമസ് വര്‍ഗീസ് പറഞ്ഞു. കൊച്ചി ലെ മെറിഡിയനില്‍ നടക്കുന്ന സമ്മിറ്റില്‍ മുഖ്യാതിഥിയായി സംബന്ധിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ ലോകത്തെ ഏറ്റവും വലിയ അഞ്ച് റീറ്റെയ്ല്‍ വിപണികളിലൊന്നായ ഇന്ത്യ ഏറെ വൈകാതെ അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നിലായി മൂന്നാമതെത്തും. റീറ്റെയ്ല്‍ രംഗത്ത് ഇന്നൊവേഷനിലും പുതുമകള്‍ അവതരിപ്പിക്കുന്നതിലും കേരളവും ഏറെ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. ടെക്സ്റ്റൈല്‍സ്, ജുവലറി, എഫ്.എം.സി.ജി രംഗങ്ങളില്‍ നൂതനമായ രീതികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ കേരളം അവതരിപ്പിച്ചിട്ടുണ്ടെന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമിറ്റിലും അവാര്‍ഡ്ദാന ചടങ്ങിലുമായി 20 ലേറെ വിദഗ്ധരാണ് പ്രഭാഷണം നടത്തുന്നത്. റീറ്റെയ്ല്‍ മേഖലയിലെ സമകാലികമായ വിഷയങ്ങളെ കേന്ദ്രീകരിച്ച് മൂന്ന് പാനല്‍ ചര്‍ച്ചകളും നടക്കും.
വൈകിട്ട് നടക്കുന്ന അവാര്‍ഡ് നിശയില്‍ ധനം റീറ്റെയ്‌ലര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കല്യാണ്‍ സിൽക്സിന് സമ്മാനിക്കും. ബിയോണ്ട് സ്നാക്കിനാണ് റീറ്റെയ്ല്‍ സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ പുരസ്കാരം.
പോപ്പുലര്‍ വെഹിക്ക്ള്‍സ് ആന്‍ഡ് സര്‍വീസസ് ഹോള്‍ടൈം ഡയറക്റ്റര്‍ ജോണ്‍ കെ പോള്‍, വി ഗാര്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി, ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്റ്റര്‍ വര്‍ഗീസ് ആലുക്ക, ലുലു മാള്‍സ് ഇന്ത്യ ഷോപ്പിംഗ് മാള്‍സ് ഡയറക്റ്റര്‍ ഷിബു ഫിലിപ്സ്, ഫ്രഷ് ടു ഹോം സഹസ്ഥാപകന്‍ മാത്യു ജോസഫ്, റിസള്‍ട്ട്സ് ഗ്രൂപ്പ് ഫൗണ്ടര്‍ & സി.ഇ.ഒ ടിനി ഫിലിപ്പ്, റീറ്റെയ്ലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്റ്റര്‍ - മാര്‍ക്കറ്റിംഗ് & കമ്യൂണിക്കേഷന്‍ ഡോ. ഹിതേഷ് ഭട്ട്, ആദിത്യ ബിര്‍ള ഗ്രൂപ്പ് ന്യൂ ബിസിനസ് വെഞ്ച്വേഴ്സ് സീനിയര്‍ വൈസ് പ്രസിഡന്റ് ബിനോയ് ബി, റോബി ആക്സിയേറ്റ ചീഫ് കമേഴ്സ്യല്‍ ഓഫീസര്‍ പ്രദീപ് ശ്രീവാസ്തവ, ബിസിനസ് സ്ട്രാറ്റജി കോച്ചും ബ്രമ്മ സിഇഒയുമായ രഞ്ജിത് എ.ആര്‍., യുട്യൂബ് ഇന്‍ഫ്ളുവന്‍സേഴ്സായ ബൈജു എന്‍. നായര്‍, പേളി മാണി, ഇബാദു റഹ്‌മാന്‍ എന്നിവരും സമിറ്റില്‍ പ്രഭാഷകരായെത്തും.
Related Articles
Next Story
Videos
Share it