Begin typing your search above and press return to search.
ഇരുട്ടടി വരുന്നു; വൈദ്യുതി നിരക്ക് വീണ്ടും കൂട്ടാന്‍ സര്‍ക്കാര്‍
വൈദ്യുതിനിരക്ക് വർധന അടുത്തയാഴ്ച പ്രഖ്യാപിക്കും. റെഗുലേറ്ററി കമ്മിഷൻ അടുത്ത നാലുവർഷത്തെ താരിഫ് നിർണയിക്കുന്നത് സംബന്ധിച്ച് നടപടികൾ ആരംഭിച്ചിട്ടുണ്ട്. 40 പൈസ വർധനയാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം പകുതിയോടെ പുതിയ താരിഫ് വേണമെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി. എന്നാൽ, നിലവിലെ നിരക്ക് 31 വരെ തുടരുമെന്ന് റെഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കിയതിനാൽ നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലായിരിക്കും പ്രഖ്യാപനം.
40 പൈസയ്ക്ക് താഴെ വര്‍ധനയാകും റെഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിക്കുകയെന്നാണ് സൂചന. നടപ്പു സാമ്പത്തിക വര്‍ഷവും അടുത്ത സാമ്പത്തിക വര്‍ഷവും ശരാശരി 40 പൈസ വീതവും (6 ശതമാനം), അതിനുശേഷമുള്ള രണ്ടുവർഷങ്ങളിൽ 20 പൈസ (3 ശതമാനം), 5 പൈസ (1 ശതമാനം) എന്ന ക്രമത്തിലും വർധിപ്പിക്കണമെന്നാണ് വൈദ്യുതി ബോർഡിന്റെ ആവശ്യം.
നിലവിലെ താരിഫിന്റെ കാലാവധി ജൂൺ 30ന് അവസാനിച്ചതിനെ തുടർന്നാണ് താരിഫ് പരിഷ്‌കരണം ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചത്. ഒരുവർഷത്തെ കമ്മിയുടെ ഒരുഭാഗം നികത്താനാണ് ചാർജ് വർധിപ്പിക്കാൻ അനുമതിതേടി കമ്മിഷൻ മുമ്പാകെ ബോർഡ് എത്തിയത്. വ്യവസായികൾ ഇതിനെതിരേ ഹര്‍ജി നൽകിയതിനെ തുടർന്ന് ഹൈക്കോടതി ഇടപെട്ടിരുന്നു. വർധന ഹൈക്കോടതി പൂർണമായും തടഞ്ഞിട്ടില്ല. ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്കുള്ള ബോർഡിന്റെ ബാധ്യത താരിഫ് വർധനയിലൂടെ ഈടാക്കരുതെന്നാണ് നിർദേശം.
റദ്ദാക്കിയ വൈദ്യുതികരാർ, സർക്കാർ ആശയക്കുഴപ്പത്തിൽ
ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ വൈദ്യുതികരാറുകൾ പുനഃസ്ഥാപിക്കുന്നതിൽ കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനമെടുത്തെങ്കിലും കമ്മിഷനെ ഏതുരീതിയിൽ അറിയിക്കണമെന്നതിൽ സർക്കാർ ആശയക്കുഴപ്പത്തിലാണ്. കമ്മിഷന് സർക്കാർ ഉത്തരവാണോ കത്താണോ അയയ്‌ക്കേണ്ടത് എന്നതിലാണ് ആശയക്കുഴപ്പം. ഇതുമൂലം കരാറുകൾ പുനരുജ്ജീവിപ്പിക്കുന്നത് നീളുകയാണ്. ഉത്തരവല്ല കത്താണ് നൽകേണ്ടതെന്ന തീരുമാനത്തിൽ ഇന്നലെ എത്തിയതായാണ് സൂചന. കത്തായി അറിയിച്ചാൽ കമ്മിഷൻ അംഗീകരിക്കുമോ എന്നുറപ്പില്ലാത്തതിനാൽ നിയമോപദേശം തേടിയ ശേഷമായിരിക്കും തീരുമാനമെടുക്കുക.
പിരിച്ചെടുക്കാനുള്ളത് 3,000 കോടി
നഷ്ടക്കണക്ക് പറഞ്ഞ് ഉപയോക്താക്കൾക്കുമേൽ നിരക്കുവർധന അടിച്ചേൽപ്പിക്കുന്ന കെ.എസ്.ഇ.ബി, കുടിശിക ഇനത്തിൽ പിരിച്ചെടുക്കാനുള്ളത് 3000 കോടിയോളം രൂപ. ബോർഡിന്റെ കണക്കുകൾ പ്രകാരം 2022 സെപ്റ്റംബർ 31 വരെ പിരിഞ്ഞുകിട്ടാനുള്ളത് 2981.16 കോടി രൂപയാണ്. 2022 മാർച്ച് 31ലെ കണക്കിൽ കുടിശിക 2788.89 കോടിയായിരുന്നു. 6 മാസം കൊണ്ട് 192.27 കോടിയുടെ വർധയാണുണ്ടായത്. ഈ തുക പിരിക്കാൻ നടപടിയെടുക്കാതെയാണ് നിരക്കുവർധനയ്ക്കായി റെഗുലേറ്ററി കമ്മിഷന് ബോർഡ് അപേക്ഷ നൽകിയത്. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളാണ് കുടശികക്കാരുടെ പട്ടികയിൽ ഒന്നാമത് (1319.78 കോടി). സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് കിട്ടാനുള്ളത് 1006.38 കോടിയാണ്.
Next Story
Videos