സംരംഭകരെ, നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്കിതാ ഉടനടി പരിഹാരം

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഊര്‍ജസ്വലവും ചലനാത്മകവുമായ മേഖലയായി സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. രാജ്യത്തെവ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്കാധാരം സൂക്ഷ്മ, ചെറുകിട മേഖലകളുടെ വളര്‍ച്ചയാണ്. ഈ മേഖലകള്‍ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഗണ്യമായ സംഭാവനകള്‍ നല്‍കിവരുന്നുമുണ്ട്. നിലവില്‍ വ്യവസായ രംഗം കൂടുതല്‍ സുതാര്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സൂക്ഷ്മ, ചെറുകിട സംരംഭകരുടെ സ്ഥായിയായ വളര്‍ച്ചയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും ശക്തമായ ഇടപെടലുകള്‍ നടത്തി, അവരെ ചേര്‍ത്തുപിടിക്കുകയാണ് സര്‍ക്കാര്‍. അതില്‍ ഏറ്റവും ശക്തമായ ഇടപെടലാണ് എം.എസ്.ഇ (മൈക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസ്) ഫസിലിറ്റേഷന്‍ കൗണ്‍സില്‍. സര്‍ക്കാര്‍, പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് ചെറുകിട വ്യവസായികള്‍ നല്‍കുന്ന സാധനങ്ങളുടെ വില 45 ദിവസത്തിനകം ലഭിച്ചില്ലെങ്കില്‍ പരാതി നല്‍കി തുക പലിശ സഹിതം ഈടാക്കാന്‍ നിയമപരമായ അധികാരമുള്ള വേദിയാണ് എം.എസ്.ഇ ഫസിലിറ്റേഷന്‍ കൗണ്‍സില്‍.
90 ദിവസത്തിനകം പരിഹാരം
2006ലെ (എം.എസ്.എം.ഇ.ഡി ആക്ട്) നിയമത്തിലെ 15 മുതല്‍ 24 വരെയുള്ള വകുപ്പുകളിലാണ് സൂക്ഷ്മ, ചെറുകിട സംരംഭകര്‍ നടത്തുന്ന പണമിടപാടുകളെ സംബന്ധിച്ച് തര്‍ക്കമുണ്ടാകുമ്പോള്‍ അത് പരിഹരിക്കുന്നതിന് എം.എസ്.ഇ ഫസിലിറ്റേഷന്‍ കൗണ്‍സില്‍ രൂപീകരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നത്. ഒരു എം.എസ്.ഇ സപ്ലയറില്‍ നിന്ന് എം.എസ്.ഇ ബയര്‍ വാങ്ങുന്ന സാധനങ്ങളുടെ വില 45 ദിവസത്തിനുള്ളില്‍ കൊടുക്കാത്ത പക്ഷം ബയര്‍ക്ക് എതിരെ, എം.എസ്.ഇ സപ്ലയര്‍ക്ക് കേസ് ഫയല്‍ ചെയ്ത് തര്‍ക്കം പരിഹരിക്കുന്നതിന് അവസരം ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന പരാതിയിന്‍മേല്‍ കൗണ്‍സില്‍ 90 ദിവസത്തിനകം പരിഹാരം കാണും.
അതത് സംസ്ഥാനങ്ങളിലെ വ്യവസായ- വാണിജ്യ വകുപ്പ് ഡയറക്ടറായിരിക്കും കൗണ്‍സില്‍ അധ്യക്ഷന്‍. കൂടാതെ എസ്.എല്‍.ബി.സി കണ്‍വീനര്‍, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ്/സെക്രട്ടറി, നിയമ വകുപ്പില്‍ നിന്ന് സര്‍ക്കാര്‍ അഡീഷനല്‍ സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍ എന്നിവര്‍ അംഗങ്ങളാണ്.
സംസ്ഥാന സര്‍ക്കാര്‍ ഈ കൗണ്‍സില്‍ കൃത്യമായി യോഗം ചേരുന്നുണ്ടെന്നും ലഭിക്കുന്ന അപേക്ഷകള്‍ 90 ദിവസത്തിനകം തീര്‍പ്പാക്കുന്നുണ്ടെന്നും ഉറപ്പാക്കും. അതത് സംസ്ഥാനങ്ങളിലെ എം.എസ്.ഇ.എഫ്.സി മുമ്പാകെ ഫയല്‍ ചെയ്യുന്ന ഓണ്‍ലൈന്‍ കേസുകളുടെ കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടത് ഡെവലപ്‌മെന്റ് കമ്മിഷണര്‍ (എം.എസ്.എം.ഇ) ആണ്.
കാലതാമസം വന്നാല്‍ മേല്‍ കൗണ്‍സിലുകളെ സമീപിക്കാം
സൂക്ഷ്മ, ചെറുകിട വ്യവസായ സംരംഭകര്‍ ഏര്‍പ്പെട്ടിരിക്കുന്ന സാധന, സേവന വിപണനവുമായി ബന്ധപ്പെട്ട് ഉല്‍പ്പന്നത്തിന്/സേവനത്തിന് ലഭിക്കേണ്ടതായ പണത്തിന് കാലതാമസം നേരിടുകയോ ലഭിക്കാതെ വരികയോ ചെയ്യുന്ന സാഹചര്യത്തില്‍ അവയുടെ പരിഹാരത്തിനായി മേല്‍ കൗണ്‍സിലുകളെ സമീപിക്കാം.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള, ഒരുകോടി രൂപയ്ക്ക് മുകളില്‍ അവകാശവാദം ഉന്നയിച്ചിട്ടുള്ള എം.എസ്.ഇകളുടെ അപേക്ഷകള്‍ തിരുവനന്തപുരത്തെവ്യവസായ വാണിജ്യ ഡയറക്ടറേറ്റിലെ സംസ്ഥാന സൂക്ഷ്മ, ചെറുകിട സംരംഭ ഫസിലിറ്റേഷന്‍ കൗണ്‍സില്‍ പരിഗണിക്കും. മറ്റെല്ലാ അപേക്ഷകളും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ സൂക്ഷ്മ, ചെറുകിട സംരംഭ ഫസിലിറ്റേഷന്‍ കൗണ്‍സിലുകളില്‍ അതിന്റെ അധികാരപരിധി അനുസരിച്ച് പരിഗണിക്കും.
സംരംഭകര്‍ സംസ്ഥാനത്തിനുള്ളില്‍ ഉദ്യോഗ്‌ രജിസ്‌ട്രേഷന്‍/ഉദ്യോഗ് ആധാര്‍ മെമ്മോറാണ്ടം രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളവരായിരിക്കണം. സംരംഭകര്‍ അവരുടെ പരാതികള്‍ https://samadhaan.msme.gov.in എന്ന വെബ്‌പോര്‍ട്ടല്‍ വഴി വേണ്ട രേഖകള്‍ ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കണം. വ്യവസായ മേഖല കൂടുതല്‍ സുതാര്യമാക്കാന്‍ ലക്ഷ്യമിട്ടും സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമതയും വിശ്വാസ്യതയും വര്‍ധിപ്പിക്കാനും നടത്തുന്ന ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നു എന്നത് സംരംഭകരുടെ ഭാവി സുരക്ഷിതമാക്കും.
മേഖലകള്‍ കേന്ദ്രീകരിച്ച് ഫസിലിറ്റേഷന്‍ കൗണ്‍സില്‍
രാജ്യത്തുടനീളമുള്ള സൂക്ഷ്മ, ചെറുകിട സംരംഭങ്ങളുടെ ഫസിലിറ്റേഷന്‍ കൗണ്‍സിലുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ മാതൃകാ ചട്ടങ്ങള്‍ തയ്യാറാക്കിയിരുന്നു. 2006ലെ എം.എസ്.എം.ഇ.ഡി ആക്ട് പ്രകാരം വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ തിരുവനന്തപുരത്ത് വ്യവസായ വാണിജ്യ ഡയറക്ടറേറ്റില്‍ സംസ്ഥാന എം.എസ്.ഇ.എഫ് കൗണ്‍സില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കൂടാതെ കേരളത്തെ മൂന്ന് മേഖലകളായി തരംതിരിച്ച് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ റീജ്യണല്‍ ഫസിലിറ്റേഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.
എം.എസ്.എം.ഇ സമാധാന്‍ വെബ് പോര്‍ട്ടലിലൂടെ സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളുടെ ബാഹുല്യം പരിഗണിച്ച് സമയബന്ധിതമായി സംരംഭകരുടെ പരാതികള്‍/അപേക്ഷകള്‍ വളരെ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായാണ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ റീജ്യണല്‍ കൗണ്‍സിലുകള്‍ രൂപീകരിച്ചിട്ടുള്ളത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ഉള്‍പ്പെടുത്തി തിരുവനന്തപുരംജില്ലാ വ്യവസായ കേന്ദ്രത്തിലാണ് ഫസിലിറ്റേഷന്‍ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. രണ്ടാമത്തെ ഫസിലിറ്റേഷന്‍ കേന്ദ്രം എറണാകുളം കേന്ദ്രീകരിച്ച് ഇടുക്കി, കോട്ടയം, തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും.
മൂന്നാമത്തെ ഫസിലിറ്റേഷന്‍ കേന്ദ്രം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍േകാട് ജില്ലകള്‍ക്ക് വേണ്ടി കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കും.
മൂന്ന് റീജ്യണുകളുടെയും ചെയര്‍പേഴ്‌സണ്‍ അതത് റീജ്യണുകളിലെ ജില്ലാ വ്യവസായ കേന്ദ്രം (തിരുവനന്തപുരം, എറണാകുളം, കോഴിക്കാട്) ജനറല്‍ മാനേജര്‍ ആയിരിക്കും. ലീഡ് ബാങ്ക് മാനേജര്‍, ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള ലോ ഓഫീസര്‍, കെ.എസ്.എസ്.ഐ.എയുടെ അതത് മേഖലയിലെ വൈസ് പ്രസിഡന്റുമാര്‍ എന്നിവരും അംഗങ്ങളായിരിക്കും.

(This article was originally published in Dhanam Business Magazine 2023 October 1st issue)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it