യൂറോപ്പിലെ മൂല്യമേറിയ ആസ്തി ഉടമകളുടെ പട്ടികയില്‍ മലയാളിയും

യൂറോപ്പില്‍ മൂല്യമേറിയ ആസ്തികള്‍ സ്വന്തമായുള്ള മിഡില്‍ ഈസ്റ്റ് വ്യവസായികളുടെ ഫോര്‍ബ്‌സ് പട്ടികയില്‍ ഇന്ത്യന്‍ സാന്നിധ്യമായി ഒരു മലയാളി. ട്വന്റി14 ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹ്മദിന്റെ നേതൃത്വത്തിലുള്ള ഗ്രേറ്റ് സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് ഹോട്ടലാണ് പട്ടികയില്‍ ഇടം നേടിയത്.

അദീബ് അഹ്മദിനു പുറമെ ഈ ഫോര്‍ബ്‌സ് പട്ടികയില്‍ ഇടംപിടിച്ചവരെല്ലാം അറബ് വ്യവസായികളാണ്. ലണ്ടനിലെ ലോകപ്രശസ്തമായ പൈതൃക കെട്ടിടമായ ഗ്രേറ്റ് സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് 2014ലാണ് ട്വന്റി14 ഹോള്‍ഡിങ്‌സ് 1,100 കോടി രൂപ മുടക്കി സ്വന്തമാക്കിയത്. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസിന്റെ ആസ്ഥാനമായിരുന്ന ഈ പൗരാണിക കെട്ടിടം ഇപ്പോള്‍ പഞ്ചനക്ഷത്ര സൗകര്യമുള്ള ആഢംബര ഹോട്ടലാക്കി മാറ്റിയിരിക്കുകയാണ്. 92,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഗ്രേറ്റ് സ്‌കോട്‌ലാന്‍ഡ് യാര്‍ഡില്‍ 153 ആഢംബര മുറികള്‍, അഞ്ച് എഫ് ആന്റ് ബി കോണ്‍സെപ്റ്റ്, ജിം, കോണ്‍ഫറന്‍സ് മുറികള്‍, മറ്റു വിനോദ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്.

യു.കെ, യൂറോപ്പ്, ജിസിസി രാജ്യങ്ങള്‍, ഇന്ത്യ എന്നിവിടങ്ങളിലായി ഹോട്ടല്‍ വ്യവസായ രംഗത്ത് ട്വന്റി14 ഹോള്‍ഡിങ്‌സിന് 750 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ആസ്തികളുണ്ട്. കൊച്ചിയിലെ പോര്‍ട്ട് മുസിരിസ്, യുഎഇയിലെ ദുബായ് സ്റ്റൈഗന്‍ബര്‍ഗര്‍ ഹോട്ടല്‍ ബിസിനസ് ബേ, മസക്കറ്റിലെ ഷെരാട്ടണ്‍ ഒമാന്‍, സ്‌കോട്‌ലാന്‍ഡില്‍ വാല്‍ഡോര്‍ഫ് അസ്റ്റോറിയ എഡിന്‍ബര്‍ഗ്, ദി കാലിഡോണിയന്‍ എന്നിവയാണ് നിലവിലുള്ള ഹോട്ടലുകള്‍.

ചരിത്രത്തെ കുറിച്ചുള്ള അനേകം ഭാവനകള്‍ ഉണര്‍ത്തുന്നതാണ് ഗ്രേറ്റ് സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് കെട്ടിടത്തിന്റെ കാഴ്ച. 1829-1890 കാലഘട്ടത്തില്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് സേനയുടെ ആസ്ഥാനമായിരുന്നു. പ്രവേശന കവാടം സ്‌കോട്‌ലന്‍ഡ് യാര്‍ഡ് തെരുവില്‍ നിന്നായതിനാല്‍ പിന്നീട് പോലീസിന്റെ പേര് തന്നെ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് എന്നായി.

പ്രശസ്ത സാഹിത്യകാരന്മാരായ ചാള്‍സ് ഡിക്കന്‍സ്, സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ എന്നിവരുടെ നോവലുകളില്‍ ഈ കെട്ടിടം പല തവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നിലവിലെ കെട്ടിടം പണികഴിച്ചത് 1910ലാണ്. തുടര്‍ന്ന് ബ്രിട്ടീഷ് സൈനിക റിക്രൂട്ട്‌മെന്റ് കേന്ദ്രവും റോയല്‍ സൈനിക പോലീസ് ആസ്ഥാനവും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു. 1982-ല്‍ കെട്ടിടം നവീകരിക്കുകയും, പിന്നീട് 2004 വരെ പ്രതിരോധ മന്ത്രാലയ ലൈബ്രറിയായും പ്രവര്‍ത്തിച്ചു.

Related Articles
Next Story
Videos
Share it