കുപ്പിവെള്ളത്തിനെതിരെ നടക്കുന്നത് വ്യാജപ്രചരണമെന്ന് നിർമ്മാതാക്കൾ

സംസ്ഥാനത്തെ കുപ്പിവെള്ള കമ്പനികൾക്കെതിരെ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റിദ്ധാരണാജനകമാണെന്ന് ഗോള്‍ഡന്‍വാലി പാക്കേജ്ഡ് കുടിവെള്ളത്തിന്റെ നിർമ്മാതാക്കളായ ക്യൂലൈഫ് കൺസ്യൂമർ പ്രോഡക്ട്സ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

"ഗോള്‍ഡന്‍വാലി പാക്കേജ്ഡ് കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ അടങ്ങിയിരിക്കുന്നു എന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് അത്യാധുനിക ശുദ്ധീകരണ പ്രക്രിയയുടെ സഹായത്താല്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിന് യാതൊരുവിധ ഔദ്യോഗിക രേഖകളുടെ പിന്‍ബലവും ഇല്ലാതെയുള്ള വെറുമൊരു കുപ്രചരണമാണിത്." വാര്‍ത്തയില്‍ പ്രചരിച്ചതുപോലുള്ള നിബന്ധനകളോ നടപടിക്രമങ്ങളോ ഭക്ഷ്യസുരക്ഷാ വകുപ്പില്‍നിന്നും ഗോള്‍ഡന്‍വാലി ഇന്നുവരെ നേരിട്ടിട്ടില്ലെന്നും കമ്പനി പറഞ്ഞു.

ഗോള്‍ഡന്‍ വാലിയുടെ അത്യാധുനിക ലാബുകളില്‍ സ്വയം നടത്തുന്ന പരിശോധനകള്‍ക്ക് പുറമേ, നിരന്തരമായി എഫ്.എസ്സ്.എസ്സ്.ഐയും, എന്‍.എ.ബി.എല്ലും അക്രഡിറ്റഡായ മറ്റ് അംഗീകൃത ലാബുകളിലും ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ കൃത്യമായി പരിശോധിച്ചുപോരാറുണ്ടെന്നും കമ്പനി അറിയിച്ചു.

വിവിധ കുടിവെള്ള കമ്പനികളുടെ ഉല്പന്നങ്ങൾക്കൊപ്പം ആലുവ മാറമ്പള്ളി ആസ്ഥാനമായ ഗോള്‍ഡന്‍വാലി നെസ്റ്റിന്റെ ഒരു ബാച്ച് കുപ്പിവെള്ളത്തിലും രോഗാണുക്കളെ കണ്ടെത്തിയതായും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ലാബിലും റഫറല്‍ ലാബായ മൈസൂരിലെ ലാബിലും പരിശോധിച്ചശേഷം പ്രശ്‌നം കണ്ടെത്തിയ ബാച്ച് കുപ്പിവെള്ളം വിപണിയില്‍നിന്നും പിന്‍വലിച്ചതായും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും ഗോള്‍ഡന്‍വാലി പാക്കേജ്ഡ് കുടിവെള്ളം വിപണിയില്‍നിന്നും പിന്‍വലിക്കാനുള്ള ഒരു ഉത്തരവും അധികൃതരില്‍നിന്നും ലഭിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

ഇത്തരത്തില്‍ യാതൊരുവിധ നിയന്ത്രണവും ഗോള്‍ഡന്‍വാലിക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷ്ണറുടെ കാര്യാലയം രേഖാമൂലം സ്ഥാപനത്തെ അറിയിച്ചിട്ടുമുണ്ട്

Related Articles

Next Story

Videos

Share it