മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ 23ന്; ചരിത്രം കുറിക്കാന്‍ നിര്‍മല സീതാരാമന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈ 23ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ധനമന്ത്രി നിര്‍മല സീതാരാമനാകും സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജൂലൈ 22ന് ആരംഭിച്ച് ഓഗസ്റ്റ് 12ന് അവസാനിക്കും. ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള തീയതി സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതായി പാർലമെൻ്റ്റികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. ലോക്സഭയിൽ രാവിലെ 11 നാണ് ബജറ്റ് അവതരണം.

ചരിത്രമാകാന്‍

തുടര്‍ച്ചയായ ഏഴാം തവണയാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതോടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന നേട്ടം നിര്‍മലയ്ക്ക് സ്വന്തമാകും. ആറു തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച മൊറാര്‍ജി ദേശായിയുടെ റെക്കോഡാണ് പഴങ്കഥയാകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നിര്‍മലാ സീതാരാമന്‍ ഇടക്കാല ബജറ്റാണ് അവതരിപ്പിച്ചത്. 10 വർഷത്തിനു ശേഷം ബിജെപിക്ക് തനിച്ചു ഭൂരിപക്ഷമില്ലാത്ത സർക്കാരിൻ്റെ ആദ്യ ബജറ്റെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.

പ്രതീക്ഷകളേറെ

ഉപഭോക്തൃ ചെലവ് ഉത്തേജിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷകള്‍. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ആര്‍.ബി.ഐ ഉടന്‍ പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ല. അതിനാല്‍ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള പ്രഖ്യാപനങ്ങള്‍ വിപണിയിലുണ്ടാകുമെന്നാണ് കരുതുന്നത്. ശമ്പള വരുമാനക്കാരും മധ്യവരുമാനക്കാരും ആദായ നികുതി ഘടനയില്‍ മാറ്റം വരുത്തുമെന്ന പ്രതീക്ഷയിലുമാണ്. ആളുകളുടെ കൈയില്‍ ചെലവഴിക്കാനുള്ള വരുമാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ആദായ നികുതി പരിധിയില്‍ ഇളവ് വരുത്തുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

Related Articles

Next Story

Videos

Share it