വായ്പ 1 ലക്ഷം കോടിയെന്ന നാഴികക്കല്ല് പിന്നിട്ട് മുത്തൂറ്റ് ഫിനാന്‍സ്, മികച്ച നേട്ടങ്ങളുമായി അര്‍ധ വാര്‍ഷിക ഫലം

2025 സാമ്പത്തിക വര്‍ഷത്തെ അര്‍ധ വാര്‍ഷിക ഫലം മുത്തൂറ്റ് ഫിനാന്‍സ് പുറത്തു വിട്ടു. വായ്പ, വാർഷിക വളർച്ച, ലാഭം തുടങ്ങിയവയില്‍ വലിയ നേട്ടമാണ് കമ്പനി സ്വന്തമാക്കിയത്. ആദ്യമായി സംയോജിത വായ്പ ആസ്തികള്‍ 1 ലക്ഷം കോടി രൂപ കടക്കുക എന്ന നാഴികക്കല്ലും കമ്പനി പിന്നിട്ടു. 2024 സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തില്‍ 1,04,149 കോടി രൂപയാണ് കമ്പനിയുടെ സംയോജിത വായ്പ ആസ്തികള്‍. കഴിഞ്ഞ വര്‍ഷം ഇത് 79,493 കോടി രൂപയായിരുന്നു.

സംയോജിത ലോൺ അസറ്റുകളില്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. 31 ശതമാനം വർധിച്ച് 24,656 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയത്. സംയോജിത ലോൺ അസറ്റുകളില്‍ എക്കാലത്തെയും ഉയർന്ന നികുതിക്ക് ശേഷമുള്ള ലാഭവും കമ്പനി സ്വന്തമാക്കി. 2,517 കോടി രൂപയുടെ ലാഭമാണ് കമ്പനി സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്.

സ്റ്റാന്‍ഡ് എലോണ്‍ വായ്പ അസറ്റ് 90,000 കോടി രൂപ പിന്നിടാനും കമ്പനിക്ക് സാധിച്ചു. സ്റ്റാന്‍ഡ് എലോണ്‍ വായ്പ അസറ്റുകള്‍ 90,197 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്റ്റാന്‍ഡ് എലോണ്‍ ലോണ്‍ അസറ്റില്‍ നികുതിക്ക് ശേഷമുള്ള ലാഭം എക്കാലത്തെയും ഉയർന്ന നിലവാരത്തില്‍ എത്തിക്കാനും കമ്പനിക്കായി. ഈ സാമ്പത്തിക വര്‍ഷത്തിലെ അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് നികുതിക്ക് ശേഷമുള്ള ലാഭം 2,330 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വര്‍ധനയാണ് നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ കമ്പനിക്കുണ്ടായിരിക്കുന്നത്.

സ്വര്‍ണ വായ്പയിലും കമ്പനി പുതിയ നേട്ടം കുറിച്ചു. ഗോൾഡ് ലോൺ അസറ്റുകള്‍ 28 ശതമാനം വര്‍ധിച്ച് 18,646 കോടി രൂപയിലെത്തി.
ജനങ്ങള്‍ക്ക് കമ്പനിയിലുളള വിശ്വാസത്തിൻ്റെയും ഞങ്ങളുടെ ജീവനക്കാരുടെ കഠിന പരിശ്രമത്തിൻ്റെയും പ്രതിഫലനമാണ് കമ്പനിക്കുണ്ടായ ഈ മികച്ച നേട്ടങ്ങളെന്ന് മൂത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോർജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. ഉപഭോക്തൃ സംതൃപ്തിക്കാണ് ഞങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നത്. സമാനമായ കമ്പനികളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ ഉപഭോക്തൃ പരാതികൾ ലഭിക്കുന്നത് മുത്തൂറ്റ് ഫിനാൻസിനാണെന്നും ജോർജ് ജേക്കബ് ചൂണ്ടിക്കാട്ടി.
ആർ.ബി.ഐ മാനദണ്ഡങ്ങള്‍ പാലിച്ച് ഉത്തരവാദിത്തമുള്ള വായ്പാ രീതികൾ മുത്തൂറ്റ് ഫിനാൻസ് തുടരാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ സാമ്പത്തിക, നിക്ഷേപ പ്രവർത്തനങ്ങൾ നിലവില്‍ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. സ്വർണ്ണ വായ്പകൾക്കപ്പുറം പോർട്ട്ഫോളിയോ വൈവിധ്യവത്കരണത്തില്‍ ശ്രദ്ധയൂന്നി സമഗ്ര സാമ്പത്തിക സേവനം നല്‍കുന്ന കമ്പനിയായി മുത്തൂറ്റ് ഗ്രൂപ്പ് തുടരുമെന്നും ജോർജ് ജേക്കബ് പറഞ്ഞു.
സ്വർണേതര വായ്പാ പോർട്ട്‌ഫോളിയോയിലെ ശ്രദ്ധേയമായ വളര്‍ച്ച മികച്ച പ്രകടനം തുടരാന്‍ പ്രോത്സാഹനം നല്‍കുന്നതാണെന്ന് മാനേജിങ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു. മൈക്രോഫിനാൻസ്, വ്യക്തിഗത വായ്പകൾ, ഭവന വായ്പകൾ തുടങ്ങിയവയിലെ നേട്ടങ്ങള്‍ വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിന് ഗ്രൂപ്പിന് ശക്തി പകരുന്നതാണെന്നും ജോർജ് അലക്‌സാണ്ടർ അറിയിച്ചു.
Related Articles
Next Story
Videos
Share it