നല്ല തുടക്കം, മാറ്റത്തിന് വേണം നിതാന്ത ജാഗ്രത

നിലവിലുള്ളവയെ കീഴ്‌മേല്‍ മറിക്കുന്ന നവീന ആശയങ്ങളും സാങ്കേതിക വിദ്യയും കണക്റ്റിവിറ്റിയും അതിവേഗം മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ കാലത്ത് കേരളം അതോടൊപ്പം സഞ്ചരിക്കാന്‍ സജ്ജമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായി കൊച്ചിയില്‍ സമാപിച്ച ദ്വിദിന # (ഹാഷ്) ഫ്യൂച്ചര്‍ ഉച്ചകോടി.

സംസ്ഥാനത്തിന്റെ ഐറ്റി നയ പ്രഖ്യാപനത്തിന് ശേഷം സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിക്കപ്പെട്ട ഹൈ പവര്‍ ഐടി കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കപ്പെട്ട ഉച്ചകോടി സംസ്ഥാന വികസനത്തില്‍ സ്വീകരിക്കേണ്ട ഒരു മാതൃക കൂടിയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.

ഐറ്റി രംഗത്തെ സമുന്നതരായ വ്യവസായ സാരഥികളും സര്‍ക്കാരും ഒരേ മനസോടെ ഒപ്പം ചേര്‍ന്നാണ് #ഫ്യൂച്ചര്‍ ഒരു യാഥാര്‍ത്ഥ്യമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംവിധാനവും ഇന്‍ഫോസിസ് മുന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ എസ് ഡി ഷിബുലാല്‍ ചെയര്‍മാനായ, കേരളത്തിന്റെ ഐറ്റി വികസനത്തിന് ക്രിയാത്മക ഇടപെടല്‍ നടത്താന്‍ രൂപീകരിക്കപ്പെട്ട ഹൈ പവര്‍ ഐറ്റി കമ്മിറ്റിയും ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചപ്പോള്‍ #ഫ്യൂച്ചര്‍ ഡിജിറ്റല്‍ കേരളത്തിന്റെ സൃഷ്ടിയിലേക്കുള്ള കരുത്തുറ്റ ചുവടുവെപ്പായി മാറുകയായിരുന്നു.

നൂറിലേറെ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്ന കേരളത്തിന്റെ സ്വന്തം മൊബീല്‍ ആപ്, 'എം കേരളം' പുറത്തിറക്കി കൊണ്ട് മുഖ്യമന്ത്രി ഉച്ചകോടിക്ക് സമുചിതമായ തുടക്കം കുറിച്ചു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ തികച്ചും സാധാരണക്കാരിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇതിലൂടെ വ്യക്തമാക്കിയ മുഖ്യമന്ത്രി ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദഗ്ധരുമായി ചര്‍ച്ചയും നടത്തി.

സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് നയങ്ങള്‍ പുതുക്കുന്നത് അടക്കമുള്ള നവീകരണത്തിന് കേരളം തയാറാണെന്ന് വ്യവസായ സമൂഹത്തിന് ചര്‍ച്ചയില്‍ വാഗ്ദാനം നല്‍കാനും മുഖ്യമന്ത്രി തയാറായി. സംസ്ഥാന സര്‍ക്കാരിന്റെ ഐ. റ്റി നയത്തില്‍ സാങ്കേതിക വളര്‍ച്ചയ്ക്ക് അനുസരിച്ച് വര്‍ഷം തോറും മാറ്റം വരുത്തുമെന്നും ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഉച്ചകോടിയില്‍ സംസാരിക്കവേ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കല്‍, സാമ്പത്തിക രംഗത്തെ സംരംഭങ്ങള്‍ക്കുള്ള മുന്‍ഗണന, സംസ്ഥാനമാകെ ഫൈബര്‍ ഒപ്റ്റിക് കേബിള്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ഉപയോഗിക്കുന്ന സംരംഭങ്ങള്‍ക്ക് പിന്തുണ, സൈബര്‍ സുരക്ഷ ഉറപ്പാക്കല്‍, ബാറ്ററിയില്‍ ഓടുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം, സ്‌പേസ് ടെക്‌നോളജി പാര്‍ക്ക് എന്നിവയ്‌ക്കെല്ലാം ഊന്നല്‍ നല്‍കുന്ന ഐറ്റി നയമാണ് സര്‍ക്കാരിന്റേതെന്ന് എം ശിവശങ്കര്‍ വ്യക്തമാക്കുന്നു.

ഡിജിറ്റല്‍ മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഉപകരിക്കും വിധം ഭാവിയില്‍ പൊതു - സ്വകാര്യ പങ്കാളിത്തം ഈ മേഖലയില്‍ വളര്‍ത്തിയെടുക്കാനാകുമെന്ന ശുഭപ്രതീക്ഷയാണ് #ഫ്യൂച്ചര്‍ ശേഷിപ്പിക്കുന്നത്.

ഇന്‍ഫോസിസ് മുന്‍ സിഇഒ ക്രിസ് ഗോപാലകൃഷ്ണന്‍, ഐബിഎസ് ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ വി കെ മാത്യൂസ് തുടങ്ങിയ ഹൈ പവര്‍ ഐറ്റി കമ്മിറ്റി അംഗങ്ങള്‍ ഐറ്റി വ്യവസായ സമൂഹത്തെ പ്രതിനിധീകരിച്ച് #ഫ്യൂച്ചറില്‍ സജീവമായി പങ്കാളിത്തം വഹിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ സജി ഗോപിനാഥ്, കേരള ഐറ്റി പാര്‍ക്ക്‌സ് സിഇഒ ഋഷികേശ് നായര്‍, ഏണ്സ്റ്റ് ആന്‍ഡ് യംഗ് ഡയറക്റ്റര്‍ രാജേഷ് നായര്‍ തുടങ്ങിയവരും ഡിജിറ്റല്‍ മേഖലയിലേക്കുള്ള കേരളത്തിന്റെ പുതിയ കാല്‍വെപ്പിന്റെ അണിയറയില്‍ സജീവമായി പ്രവര്‍ത്തിച്ചു.

ഇനി വേണ്ടത് തുടര്‍ച്ച

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് പോലുള്ള സാങ്കേതിക വിദ്യകള്‍ നിലവിലുള്ള തൊഴിലുകള്‍ അപഹരിക്കുമ്പോള്‍ പിടിച്ചുനില്‍ക്കാനും പുതിയ തൊഴിലവസര പാതകള്‍ വെട്ടിത്തുറക്കാനുമുള്ള നല്ല തുടക്കമാണ് #ഫ്യൂച്ചര്‍.

കേരളത്തോട് താല്‍പ്പര്യമുള്ള പ്രൊഫഷണലുകളുടെയും സംരംഭകരുടെയും രാജ്യാന്തര ശൃംഖല സൃഷ്ടിക്കുക എന്നതും ഉച്ചകോടിയുടെ ഒരു ലക്ഷ്യമായിരുന്നു. ലോകമെമ്പാടുമുള്ള വിദഗ്ധരുടെ ഒരു സംഘത്തെ #ഫ്യൂച്ചര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിക്കാന്‍ സാധിച്ചതോടെ ആ ലക്ഷ്യത്തിന്റെ പ്രാരംഭ ഘട്ടം പിന്നിട്ടും കഴിഞ്ഞു.

ഇനി ഇക്കാര്യത്തില്‍ വേണ്ടത് അതി ശക്തമായ തുടര്‍ച്ചയാണ്. വികസനത്തിനുള്ള ലാസ്റ്റ് ബസ് പലവട്ടം നഷ്ടപ്പെട്ടു പോയ സമൂഹമാണ് കേരളത്തിന്റേത്. വികസന രംഗത്ത് നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിലും നമ്മള്‍ പിന്നിലായിരുന്നില്ല.

ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ്, എമര്‍ജിംഗ് കേരള തുടങ്ങി സംസ്ഥാന വികസനം ത്വരിതപ്പെടുത്താന്‍ പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഒട്ടനവധി ഉച്ചകോടികള്‍ക്ക് കേരളം ഇതിനകം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംസ്ഥാനത്ത് സംഘടിപ്പിക്കാന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്ന #ഫ്യൂച്ചര്‍, മുന്‍കാലങ്ങളില്‍ സംസ്ഥാനത്ത് നടന്ന ഉച്ചകോടികള്‍ക്ക് സമാനമായ വിധത്തില്‍ തുടര്‍ച്ചയില്ലാതെ പോകരുത്. അതിനുള്ള ജാഗ്രത വ്യവസായ സമൂഹവും പൊതുജനങ്ങളും രാഷ്ട്രീയ - ഭരണ നേതൃത്വവും പുലര്‍ത്തണം.

അറിവ് അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിപ്ലവമാണ് ഭാവിയില്‍ വരുന്നത്. അറിവും കഴിവും വൈദഗ്ധ്യവുമുള്ള കേരളീയര്‍ക്ക് ആ സാഹചര്യം ഏറെ അനുകൂലമാണ്.

#ഫ്യൂച്ചര്‍ ഉച്ചകോടിയിലൂടെ കേരളം ഡിജിറ്റല്‍ രംഗത്തേക്ക് വെച്ചിരിക്കുന്ന കരുത്തുറ്റ ചുവട് ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാന്‍ നമുക്ക് സാധിക്കണം. ഇതിന് നിതാന്ത ജാഗ്രതയോടെ വ്യവസായ സമൂഹവും പൊതുജനങ്ങളും നിലകൊള്ളേണ്ടിയിരിക്കുന്നു.

മാറ്റങ്ങള്‍ സ്വാഭാവികമായി കടന്നുവരുന്നതിനു വേണ്ടി കാത്തുനില്‍ക്കാതെ അവസരങ്ങള്‍ ആദ്യമേ മുതലാക്കാന്‍ കേരളത്തിന് സാധിക്കണമെങ്കില്‍ ഈ ജാഗ്രത അനിവാര്യമാണ്.

Related Articles

Next Story

Videos

Share it