ബിസിനസ് എന്ന് മെച്ചപ്പെടും, അവസരങ്ങള്‍ ഏതൊക്കെ മേഖലകളില്‍?

സോപ്പിട്ട് കൈകഴുകിയാല്‍ നശിച്ചു പോകുന്ന കുഞ്ഞന്‍ വൈറസിന് മുന്നില്‍ വിറച്ചുനില്‍ക്കുകയാണ് ലോകം. ലോകം മുഴുവന്‍ കോവിഡ് 19 പടര്‍ന്നുപിടിക്കുമ്പോള്‍ ലോകത്തിലെ എല്ലാ സാമ്പത്തിക ശക്തികളും ബിസിനസുകളും ജനസമൂഹവുമെല്ലാം പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ നിങ്ങളുടെ ബിസിനസിന്റെ ഭാവിയെന്താണ്? പ്രതിസന്ധികളെ മറികടക്കാനുള്ള വഴികളേതൊക്കെയാണ്? ധനം ഓണ്‍ലൈന്‍ ഡോട്ട് കോം സംഘടിപ്പിച്ച ഓണ്‍ലൈന്‍ പാനല്‍ സെഷന്‍ ഈ ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ ഉത്തരമാണ് നല്‍കിയത്.

പ്രതിസന്ധികളെ അതിജീവിച്ചവരുടെ അനുഭവത്തില്‍ നിന്നുള്ള കാര്യങ്ങള്‍

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്കായി ഒട്ടനവധി സേവനങ്ങള്‍ ലഭ്യമാക്കുന്ന, എംഎസ്എംഇകള്‍ക്കായി അടുത്തിടെ 'റീ സ്റ്റാര്‍ട്ട് ഇന്ത്യ' എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അവതരിപ്പിച്ചിരിക്കുന്ന മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, പ്രീമിയം സാനിറ്ററിവെയര്‍ ബ്രാന്‍ഡായ സ്റ്റാര്‍ സാനിറ്ററിവെയര്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്ന സ്റ്റാര്‍ പൈപ്പ്‌സ് ആന്‍ഡ് ഫിറ്റിംഗ്‌സ് എന്നിവയുടെ സഹകരണത്തോടെ ധനം ഓണ്‍ലൈന്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ പാനല്‍ ചര്‍ച്ച, വിദഗ്ധരുടെ മൗലികവും ആര്‍ജ്ജവുമുള്ള നിരീക്ഷണങ്ങള്‍ കൊണ്ടാണ് വേറിട്ട് നിന്നത്.

ഐബിഎസ് ഗ്രൂപ്പിന്റെ സ്ഥാപകനും എക്‌സിക്യൂട്ടിവ് ചെയര്‍മാനുമായ വി കെ മാത്യൂസ്, പോപ്പുലര്‍ വെഹിക്ക്ള്‍സ് ആന്‍ഡ് സര്‍വീസസ് മാനേജിംഗ് ഡയറക്റ്റര്‍ ജോണ്‍ കെ പോള്‍, വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ വി നൗഷാദ്, ജ്യോതി ലബോറട്ടറീസ് ജോയ്ന്റ് മാനേജിംഗ് ഡയറക്റ്റര്‍ ഉല്ലാസ് കമ്മത്ത്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്റ്റര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി എന്നിവരാണ് പാനല്‍ ചര്‍ച്ചയില്‍ സംബന്ധിച്ചത്.

നിലവിലുള്ള പ്രതിസന്ധിയുടെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുത്തിക്കൊണ്ടാണ് വി കെ മാത്യൂസ് പ്രഭാഷണം ആരംഭിച്ചത്. ലോകമെമ്പാടുമുള്ള ചീഫ് എക്‌സിക്യുട്ടീവുകള്‍ക്കിടയില്‍ മക്കിന്‍സി നടത്തിയ സര്‍വെ ഫലം വിശകലനം ചെയ്ത് ബിസിനസ്, സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ച് വ്യക്തമായ രൂപം നല്‍കിയ വി കെ മാത്യൂസ് ബിസിനസുകാര്‍ ഇപ്പോള്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങളും വിശദീകരിച്ചു.

സ്വന്തം ബിസിനസ് ഗ്രൂപ്പ് ഡിസ്‌റപ്ഷനുകളെ നേരിട്ട വിധം വിവരിച്ചുകൊണ്ടാണ് ജോണ്‍ കെ. പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിസിനസുകാര്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ വ്യക്തമാക്കിയത്.

ഉപഭോക്താവിനെ, അവരുടെ ആവശ്യങ്ങളെ ഇപ്പോള്‍ എത്രമാത്രം പ്രാധാന്യത്തോടെ കണക്കാക്കണമെന്ന് വി നൗഷാദ് വ്യക്തമാക്കിയത് വികെസി ഗ്രൂപ്പിലെ തന്നെ ഒരു കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു.

ജ്യോതി ലാബോറട്ടറീസ് ലോക്ക്ഡൗണ്‍ നാളുകളില്‍ ചെയ്ത കാര്യങ്ങളില്‍ പറഞ്ഞുകൊണ്ട് ഈ പ്രതിസന്ധിഘട്ടങ്ങളില്‍ സംരംഭകര്‍ സ്വീകരിക്കേണ്ട മാനുഷിക സ്പര്‍ശമുള്ള നിലപാടുകള്‍ ഉല്ലാസ് കമ്മത്ത് വ്യക്തമാക്കി. പരാജയങ്ങളില്‍ മനസ്സ് മടുക്കാതെ വളരുന്ന ഇന്ത്യയിലെ അവസരങ്ങളില്‍ ഊന്നി വളരാനുള്ള തന്ത്രമായിരുന്നു ഉല്ലാസ് കമ്മത്ത് വിശദീകരിച്ചത്. ഇപ്പോള്‍ ബിസിനസുകളെ നിലനിര്‍ത്താനാണ് ശ്രമിക്കേണ്ടത്. അതിനുശേഷം പുനഃരുജ്ജീവനത്തിനായി വഴികള്‍ നോക്കാനും അദ്ദേഹം ബിസിനസുകാരോട് പറഞ്ഞു.

മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് വേഗത്തിലും അനായാസമായും ചലിക്കാനുള്ള ശേഷിയും മികച്ച ബാലസന്‍സ് ഷീറ്റുമാകും വരും കാലത്ത് ബിസിനസുകളുടെ നിലനില്‍പ്പുകളെ തന്നെ നിശ്ചയിക്കുന്ന സുപ്രധാന ഘടകമെന്ന് മിഥുന്‍ ചിറ്റിലപ്പിള്ളി ചൂണ്ടിക്കാട്ടി. അതുകൊണ്ട് സാധ്യമായത്ര ചെലവുകള്‍ കുറച്ച്, മാറിയ സാഹചര്യങ്ങളോട് അതിവേഗം പ്രതികരിച്ച്, പണം പരമാവധി സൂക്ഷിച്ചുകൊണ്ട് ബിസിനസ് രംഗത്ത് മുന്നേറണമെന്ന് മിഥുന്‍ വ്യക്തമാക്കി.

ജൂലൈ 30ന് വൈകീട്ട് രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ഓണ്‍ലൈന്‍ പാനല്‍ സെഷന്‍ ലോകമെമ്പാടുമുള്ള പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ടുകൂടിയാണ് ശ്രദ്ധേയതമായത്. സജീവമായ ചോദ്യോത്തര വേളയുമുണ്ടായിരുന്നു.

വിദഗ്ധരുടെ കാമ്പുള്ള നിരീക്ഷണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും വിശദമായി കേള്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ധനം യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്ത വീഡിയോ കാണുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it