വഴുതിക്കളിച്ച് സ്വര്‍ണം, വില മാറ്റമില്ലാതെ വെള്ളി; ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ വില ഇങ്ങനെ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് തിരിച്ചിറക്കം. ഗ്രാം വില 45 രൂപ കുറഞ്ഞ് 7,315 രൂപയും പവന്‍ വില 360 രൂപ താഴ്ന്ന് 58,520 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 35 രൂപ കുറഞ്ഞ് 6,025 രൂപയായി. വെള്ളി വില തുടര്‍ച്ചയായ രണ്ടാം ദിനത്തിലും ഗ്രാമിന് 104 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായി അന്താരാഷ്ട്ര വിലയില്‍ ചാഞ്ചാട്ടമുണ്ടായതാണ് കേരളത്തിലും വിലയെ ബാധിച്ചത്. ഒക്ടോബര്‍ 23ന് 2,578 ഡോളര്‍ വരെയെത്തി റെക്കോഡിട്ട സ്വര്‍ണ വില ഇന്ന് 2,729.90 ഡോളറിലാണ് വ്യാപാരം.
ഡോളര്‍ കരുത്താര്‍ജിക്കുന്നതും ഫെഡറല്‍ റിസര്‍വ് അടിസ്ഥാനപലിശ നിരക്കുകള്‍ കുറയ്ക്കുന്നത് മന്ദഗതിയിലാക്കിയേക്കുമെന്ന സൂചനകളുമാണ് സ്വര്‍ണത്തെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

സ്വർണ വില കുറയുമോ?

സ്വര്‍ണ വില സമീപ ഭാവിയില്‍ ഉയരത്തില്‍ തന്നെ തുടരാനാണ് സാധ്യതയെന്നാണ് നിരീക്ഷകര്‍ കണക്കാക്കുന്നത്. യു.എസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതങ്ങള്‍ തുടരുന്നതും മിഡില്‍ ഈസിറ്റില്‍ ഉയര്‍ന്നു വരുന്ന യുദ്ധസാഹചര്യവും സ്വര്‍ണ വിലയെ ഉയര്‍ത്തുന്ന ഘടകങ്ങളാണ്. അനിശ്ചിതത്വങ്ങളില്‍ സുരക്ഷിത നിക്ഷേപമെന്ന ഖ്യാതിയുള്ള സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതലായി ചേക്കേറുന്നതാണ് ഇതിന് കാരണം. ഇതിനൊപ്പം യു.എസ് ട്രഷറി നിക്ഷേപങ്ങളുടെ നേട്ടം കുറയുന്നതും സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കും. ഈ വര്‍ഷം തന്നെ അന്താരാഷ്ട്ര സ്വര്‍ണ വില 3,000 ഡോളര്‍ മറികടക്കുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടല്‍. ഈ വര്‍ഷം ഇതുവരെ സ്വര്‍ണ വിലയില്‍ 32 ശതമാനത്തിലധികം വര്‍ധനയാണ് ഉണ്ടായത്

ഇന്ന് ഒരു പവന്‍ ആഭരണ വില

ഉത്സവ പര്‍ച്ചേസുകാര്‍ക്കും വിവാഹ പര്‍ച്ചേസുകാര്‍ക്കും താത്കാലിക ആശ്വാസമാണ് സ്വര്‍ണ വിലയിലെ ഇടിവ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞത് അഞ്ചു ശതമാനം പണിക്കൂലി, മൂന്നു ശതമാനം ജിഎസ്ടി, എച്ച്.യു.ഐ.ഡി ചാര്‍ജുകള്‍ എന്നിവയും ചേര്‍ത്ത് 63,342 രൂപയെങ്കിലും ചെലവഴിക്കേണ്ടി വരും. പണിക്കൂലി 10 ശതമാനം കണക്കാക്കിയാല്‍ ഇത് 66,220 രൂപയുമാകും. ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ചാണ് പണിക്കൂലി വ്യത്യാസപ്പെടുന്നത്.
Related Articles
Next Story
Videos
Share it