ദീപാവലി ദിനത്തിലും റെക്കോഡിട്ട് സ്വര്‍ണം, സംസ്ഥാനത്ത് മൂന്ന് ദിവസത്തില്‍ 1,120 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വില മുന്നേറ്റം തുടരുന്നു. ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,455 രൂപയും പവന് 120 രൂപ ഉയര്‍ന്ന് 59,640 രൂപയുമായി. സ്വര്‍ണത്തിന്റെ ഇതു വരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ് മൂന്ന് ദിവസംകൊണ്ട് കേരളത്തില്‍ പവന്‍ വിലയില്‍ 640 രൂപയുടെ വര്‍ധനയുണ്ടായി. ദീപാവലി പര്‍ച്ചേസുകാര്‍ക്കുള്‍പ്പെടെ വന്‍ തിരിച്ചടിയാണ് ഇന്നത്തെ വില വര്‍ധന.

രാജ്യാന്തര വിലയിൽ കുതിപ്പ്

രാജ്യാന്തര വിലയിലെ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഇന്ന് സ്വര്‍ണം ഔണ്‍സിന് 2,790.10 ഡോളര്‍ വരെയെത്തി പുതിയ റെക്കോഡിട്ടു. ഈ മാസം ഇതു വരെ 6 ശതമാനം വര്‍ധനയാണ് രാജ്യാന്തര സ്വര്‍ണ വിലയിലുണ്ടായത്. നിലവിലെ കുതിപ്പ് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ തന്നെ സ്വര്‍ണവില 2,800 ഡോളര്‍ എന്ന നാഴികക്കല്ല് മറികടന്നേക്കാം. ഈ വര്‍ഷം 3,000 ഡോളര്‍ ഭേദിക്കാനുള്ള സാധ്യതയും നിരീക്ഷകര്‍ പ്രവചിക്കുന്നുണ്ട്.

നവംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന യു.എസ് തിരഞ്ഞെടുപ്പും സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങളുമാണ് സ്വര്‍ണ വിലയെ അനിയന്ത്രിതമായി ഉയര്‍ത്തുന്നത്.
യു.എസിലെ വ്യക്തിഗത ഉപഭോക്തൃ ചെലവഴിക്കല്‍ കണക്കുകള്‍ (personal consumption expenditures/PCE) പുറത്തുവരാന്‍ കാത്തിരിക്കുകയാണ് നിക്ഷേപകര്‍. സെപ്റ്റംബര്‍ സൂചിക 0.3 ശതമാനം വര്‍ധന കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സ്വര്‍ണ വിലയെ സ്വാധീനിക്കും. അമേരിക്കന്‍ കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്കുകള്‍ ഉടന്‍ കുറയ്ക്കുമെന്ന സൂചനകളും സ്വര്‍ണ വില മുന്നേറ്റത്തിന് അനുകൂലമാണ്.
രാജ്യത്ത് ഉത്സവകാല ഡിമാന്‍ഡ് കൂടിയതും വില ഉയരാന്‍ ഇടയാക്കുന്നുണ്ട്.

ഇന്ന് ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്

കേരളത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞത് അഞ്ചു ശതമാനം പണിക്കൂലി, മൂന്നു ശതമാനം ജിഎസ്ടി, എച്ച്.യു.ഐ.ഡി ചാര്‍ജുകള്‍ എന്നിവയും ചേര്‍ത്ത് 64,600 രൂപയെങ്കിലും ചെലവഴിക്കേണ്ടി വരും. പണിക്കൂലി 10 ശതമാനം കണക്കാക്കിയാല്‍ ഇത് 66,700 രൂപയുമാകും. ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ചാണ് പണിക്കൂലി വ്യത്യാസപ്പെടുന്നത്.
Related Articles
Next Story
Videos
Share it