Begin typing your search above and press return to search.
ആഭരണ പ്രേമികള്‍ക്ക് നേരിയ ആശ്വാസം, കേരളത്തില്‍ സ്വര്‍ണവില റെക്കോഡില്‍ നിന്ന് അല്‍പം താഴേക്ക്
ആഭരണപ്രേമികള്‍ക്ക് നേരിയ ആശ്വാസം പകര്‍ന്ന് സ്വര്‍ണവിലയുടെ റെക്കോഡ് കുതിപ്പിന് താത്കാലിക വിരാമം. ഇന്ന് പവന് 360 രൂപ കുറഞ്ഞ് 49,080 രൂപയായി. ഗ്രാം വില 45 രൂപ കുറഞ്ഞ് 6,135 രൂപയുമായി.
ഇന്നലെ രേഖപ്പെടുത്തിയ പവന് 49,440 രൂപയും ഗ്രാമിന് 6,180 രൂപയുമാണ് കേരളത്തിലെ ഇതു വരെയുള്ള റെക്കോഡ്. ആദ്യമായി സ്വര്‍ണ വില 49,000 ഭേദിച്ചതും ഇന്നലെയായിരുന്നു. 18 കാരറ്റിന് ഗ്രാമിന് വില 35 രൂപ കുറഞ്ഞ് 5,105 രൂപയായി.
വെള്ളി വിലയിലും ഇന്ന് കുറവുണ്ടായി. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 79 രൂപയിലാണ് വെള്ളിയുള്ളത്. ഇന്നലെ രേഖപ്പെടുത്തിയ 81 രൂപയാണ് വെള്ളിയുടെ ഇതുവരെയുള്ള റെക്കോഡ്.
അന്താരാഷ്ട്ര നീക്കത്തിനൊപ്പം
അന്താരാഷ്ട സ്വര്‍ണ വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണ വിലയില്‍ കുറവു വന്നത്. യു.എസ് ഫെഡ് തീരുമാനത്തെ തുടര്‍ന്ന് ഇന്നലെ കുതിച്ചു കയറിയ സ്വര്‍ണം ഇന്ന് തിരുത്തലിലാണ്. ഔണ്‍സിന് 2,181 ഡോളറിലേക്ക് കുറഞ്ഞു. ഇന്നലെ ഔണ്‍സിന് 2,222.30 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം പിന്നീട് 2,185.33ലാണ് ക്ലോസ് ചെയ്തത്.
എന്നാല്‍ ഇപ്പോഴത്തേത് താത്കാലിക ഇടിവായിരിക്കുമെന്നും ഇനിയും മുന്നേറിയേക്കാമെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ധനകാര്യ ആസ്തികളുടെ പലിശ കുറയുമ്പോള്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിക്കും. ഈ വര്‍ഷം ജൂണ്‍ മുതല്‍ പലിശ മൂന്നു തവണ കുറയ്ക്കും എന്ന നിഗമനത്തിലാണ് സ്വര്‍ണ വിപണി നീങ്ങുന്നത്. അതില്‍ മാറ്റം വന്നാല്‍ ചെറിയ ചാഞ്ചാട്ടുമുണ്ടാകും. കേന്ദ്രബാങ്കുകള്‍ സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നതും സ്വര്‍ണ വില ഉയര്‍ത്താനിടയാക്കുന്നുണ്ട്.
തൊട്ടാൽ കൈപൊള്ളും
വിലയില്‍ നേരിയ കുറവുണ്ടെങ്കിലും പൊന്നില്‍ തൊട്ടാല്‍ കൈപൊള്ളും. ഇന്നത്തെ നിരക്കനുസരിച്ച് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ 53,000 രൂപയിലധികം നല്‍കേണ്ടി വരും. സ്വര്‍ണ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്കിംഗ് (HUID) ഫീസും അതിന്റെ 18 ശതമാനം ജി.എസ്.ടിയും, കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേര്‍ത്താണ് ആഭരണ വില കണക്കാക്കുന്നത്. കടകളെ അനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും.
Next Story
Videos