യുദ്ധ-മാന്ദ്യ ഭീതിക്ക് ഇടയിലും ലാഭമെടുക്കല്‍ സമ്മര്‍ദ്ദം, സ്വര്‍ണ വിലയില്‍ നേരിയ കുറവ്

ആഭരണപ്രമേികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വിലക്കുറവ് ദൃശ്യമാകുന്നത്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,555 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 52,440 രൂപയിലുമാണ് വ്യാപാരം.

വില്‍പ്പന സമ്മര്‍ദ്ദം
ഇറാന്‍-ഇസ്രായേല്‍ യുദ്ധ ഭീതിക്കൊപ്പം റഷ്യ-യുക്രൈന്‍ സംഘര്‍ഷവും കനത്തത് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര സ്വര്‍ണ വില ഔണ്‍സിന് 2,476 ഡോളര്‍ വരെ എത്തിച്ചിരുന്നു. കേരളത്തിലും ഇതനുസരിച്ച് ഇന്നലെ പവന്‍ വില 760 രൂപയും ഗ്രാം വില 95 രൂപയും എത്തിയശേഷമാണ് ഇന്ന് ഇടിവ് രേഖപ്പടുത്തിയത്. കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം എത്തുകയും ചെയ്തു.
സംഘര്‍ഷഭീതിയില്‍ ഉയര്‍ന്ന് നിന്ന സ്വര്‍ണവിലയില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് ലാഭമെടുക്കല്‍ കൂടിയതാണ് വീണ്ടും ഇടിവുണ്ടാക്കിയത്. ഇന്നലെ 0.48 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 2,464.18 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ച സ്വര്‍ണം ഇന്ന് 0.10 ശതമാനം ഇടിഞ്ഞ് 2,461.73 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.
18 കാരറ്റും വെള്ളിയും
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,420 രൂപയിലെത്തി. ഇന്നലെ ഒരു രൂപ ഉയര്‍ന്ന വെള്ളി വില ഇന്ന് മാറ്റമില്ലാതെ ഗ്രാമിന് 88 രൂപയില്‍ തുടരുന്നു.
ഇന്ന് ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്
ഇന്ന് ഒരു പവന്‍ സ്വര്‍ണവില 52,440 രൂപയാണ്. ഇതിനോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ് (45 രൂപ+ 18 ശതമാനം ജി.എസ്.ടി), കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ ഉള്‍പ്പെടെ 56,767 രൂപ നല്‍കിയാലേ ഒരു പവന്‍ ആഭരണം വാങ്ങാനാകൂ.
Related Articles
Next Story
Videos
Share it