സ്വര്‍ണവിലയില്‍ ക്രിസ്മസ് ദിനത്തില്‍ മുന്നേറ്റം, വെള്ളിക്ക് അനക്കമില്ലാതെ മൂന്നാം നാള്‍

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ മുന്നേറ്റം. ഗ്രാം വില 10 രൂപ വര്‍ധിച്ച് 7,100 രൂപയും പവന്‍ വില 80 രൂപ വര്‍ധിച്ച് 56,800 രൂപയിലുമെത്തി. ഇതോടെ ചൊവ്വാഴ്ച രേഖപ്പെടുത്തിയ 10 രൂപയുടെ കുറവ് ഇല്ലാതായി. ഡിസംബര്‍ 20ന് സ്വര്‍ണ വില പവന് 56,320 രൂപ വരെ താഴ്ന്നതിനു ശേഷം മുന്നേറ്റത്തിലാണ്. ഡിസംബര്‍ 11ന് രേഖപ്പെടുത്തിയ പവന് 58,280 രൂപയാണ് ഈ മാസത്തെ ഉയര്‍ന്ന വില.

കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് അഞ്ച് രൂപ വര്‍ധിച്ചു. ഗ്രാമിന് 5,865 രൂപയിലാണ് വ്യാപാരം. വെള്ളി വിലയ്ക്ക് ഇന്നും മാറ്റമില്ല. തുടര്‍ച്ചയായ മൂന്നാമത്തെ ദിവസത്തിലും ഗ്രാമിന് 95 രൂപയിലാണ് വ്യാപാരം.

രാജ്യാന്തര വിലയിലെ നേരിയ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. ക്രിസ്മസ് അവധിയുടെ ആലസ്യവും ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ നയങ്ങളും ഫെഡറല്‍ റിസര്‍വിന്റെ പലിശ തീരുമാനവുമെല്ലാം നിക്ഷേപകരെ തത്കാലത്തേക്കെങ്കിലും സ്വര്‍ണത്തിലെ വലിയ നീക്കത്തില്‍ നിന്ന് പിന്‍വലിക്കുന്നത് അന്താരാഷ്ട്ര വിലയില്‍ വലിയ ചാഞ്ചാട്ടമില്ലാതെ നിറുത്തുന്നുണ്ട്.

ഇന്ന് ആഭരണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 56,800 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ കൂടുതല്‍ തുക മുടക്കണം. ഇന്നത്തെ പവന്‍ വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 61,482 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.
Related Articles
Next Story
Videos
Share it