സ്വര്‍ണ വില താഴുന്നില്ല; വ്യാപാരികള്‍ രണ്ടു തട്ടില്‍, ജുവലറികള്‍ സ്വന്തം നിലയ്ക്ക് കുറയ്ക്കാനും നീക്കം

Update: രാവിലെ നടന്ന മീറ്റിംഗില്‍ സ്വര്‍ണവിലയില്‍ മാറ്റം വരുത്താതിരുന്ന അസോസിയേഷന്‍ 11 മണിക്കു ശേഷം വിലകുറച്ചു. ഗ്രാമിന് 6,300 രൂപയിലും പവന് 50,400 രൂപയിലുമാണ് ഇപ്പോള്‍ വ്യാപാരം. വിശദമായി വായിക്കാം.- അമ്പോ, സ്വര്‍ണ വിലയില്‍ 11 മണിക്ക് ശേഷം വമ്പന്‍ ട്വിസ്റ്റ്, പവന് ഒറ്റയടിക്ക് 800 രൂപ കുറവ്!


സംസ്ഥാനത്ത് ഇന്നലെ നാല് മാസത്തെ താഴ്ന്ന നിലയിലേക്ക് ഇറങ്ങിയ സ്വര്‍ണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 6,400 രൂപയിലും പവന് 51,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വിവാഹാവശ്യത്തിനും മറ്റുമായി സ്വര്‍ണം വാങ്ങേണ്ടവര്‍ക്ക് ആശ്വാസമാണ് വിലക്കുറവ്. മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയില്‍ നിന്ന് 3,920 രൂപയോളം കുറവുണ്ട്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് മാറ്റമില്ല. ഗ്രാമിന് 5,310 രൂപയിലാണ് വ്യാപാരം. വെള്ളി വിലയും മാറ്റമില്ലാതെ 89 രൂപയില്‍ തുടരുന്നു.

വില ഇനിയും കുറയുമോ?

ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറച്ചതിനു പിന്നാലെയാണ് സ്വര്‍ണ വില താഴ്ന്നത്. എന്നാല്‍ തീരുവ കുറവിന് ആനുപാതികമായ വിലിയിടിവ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇപ്പോഴും ഉണ്ടായിട്ടില്ലെന്നാണ് ആരോപണങ്ങള്‍. ബജറ്റിനു ശേഷം ഇതുവരെ പവന് 2,760 രൂപയാണ് കേരളത്തില്‍ കുറവ് വരുത്തിയത്. എന്നാല്‍ ഏകദേശം 4,000 രൂപയോളം കുറവ് വരേണ്ടതാണ്.
വന്‍കിട വ്യാപാരികള്‍ക്കിടയില്‍ വില സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്നാണ് വില കുറയാത്തതെന്നാണ് സൂചന. എന്നാല്‍ രാജ്യത്തെമ്പാടും ശൃംഖലകളുള്ള ചില ഗ്രൂപ്പുകള്‍ സ്വന്തം നിലയ്ക്ക് വില കുറയ്ക്കാന്‍ നീക്കം നടത്തുന്നതായും അറിയുന്നു. അടുത്തിടെ ഉയര്‍ന്ന വിലയ്ക്ക് സ്വര്‍ണം ശേഖരിച്ച വ്യാപാരികള്‍ക്ക് പെട്ടെന്നുള്ള വിലയിടിവ് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പഴയ സ്റ്റോക്ക് വിറ്റഴിച്ച ശേഷം വിലകുറച്ചേക്കാമെന്ന നിലപാടിലാണിവര്‍.
രാജ്യാന്തര വില
അന്താരാഷ്ട്ര സ്വര്‍ണ വിലയും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താഴ്ന്ന് നില്‍ക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി 1.86 ശതമാനം കുറവാണ് രാജ്യാന്തര വിലയിലുണ്ടായിരിക്കുന്നത്. ഇന്നലെ ഔണ്‍സിന് 2,364.50 ഡോളറില്‍ വ്യാപാരം അവസാനിപ്പിച്ച സ്വര്‍ണം ഇന്ന് 2,355 ഡോളര്‍ വരെ താഴ്ന്നിരുന്നു. നിലവിൽ നേരിയ തോതിൽ
ഉയര്‍ന്ന്
2,373 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.

വിലയില്‍ കാര്യമായ കുറവ് വന്നതോടെ ബജറ്റിനു ശേഷം സ്വര്‍ണക്കടകളില്‍ വില്‍പ്പനയില്‍ 20-30 ശതമാനം വരെ വര്‍ധന വര്‍ധനയുണ്ടായിട്ടുണ്ട്.പലപ്പോഴും വില താഴ്ന്നു തുടങ്ങുമ്പോള്‍ വീണ്ടും കുറയുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന രീതി ഇത്തവണയും കാണുന്നുണ്ടെന്നും ഇനി വില കയറി തുടങ്ങുമ്പോഴാണ് ആ ട്രെന്‍ഡ് മനസിലാകുകയെന്നും പ്രേംദീപ് ജുവല്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ ദേവരാജ് പറഞ്ഞു.

അഡ്വാന്‍സ് ബുക്കിംഗിനും പ്രിയം

നിലവില്‍ ജുവലറികളുടെ അഡ്വാന്‍സ് ബുക്കിംഗിനും ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. മുന്‍കൂര്‍ ബുക്ക് ചെയത പലരും ഇപ്പോഴത്തെ വിലയില്‍ സ്വന്തം കിട്ടുമോ എന്നറിയാനായും ജുവലറികളെ വിളിക്കുന്നുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വില, ആഭരണം വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്യുകയും ഏതാണോ ഏറ്റവും കുറഞ്ഞ വില , ആ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ അവസരം നല്‍കുകയും ചെയ്യുന്നുവെന്നതാണ് ബുക്കിംഗിന്റെ നേട്ടം. സ്വര്‍ണ വില ഉയര്‍ന്നപ്പോള്‍ ബുക്ക് ചെയ്തവര്‍ക്ക് ഇപ്പോഴത്തെ വിലയില്‍ സ്വര്‍ണാഭരണം വാങ്ങാനാകും.

Related Articles
Next Story
Videos
Share it