അമ്പോ, സ്വര്‍ണ വിലയില്‍ 11 മണിക്ക് ശേഷം വമ്പന്‍ ട്വിസ്റ്റ്, പവന് ഒറ്റയടിക്ക് 800 രൂപ കുറവ്!
ഇന്ന് രാവിലെ 9.30 നടന്ന മീറ്റിംഗില്‍ സ്വര്‍ണ വിലയില്‍ മാറ്റം വരുത്തേണ്ടെന്ന് തീരുമാനമെടുത്ത കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പിന്നീട് മനസു മാറ്റി. ഗ്രാം വില 100 രൂപ കുറച്ച് 6,300 രൂപയും പവന്‍ വില 800 രൂപ കുറച്ച് 50,400 രൂപയുമാക്കി പുനര്‍നിശ്ചയിച്ചു.
രാവിലെ സ്വര്‍ണ വിലയില്‍ വ്യാപാരികള്‍ക്കിടയില്‍ ധാരണ വരാതിരുന്നതിനാല്‍ ഇന്നലത്തെ വിലയില്‍ തന്നെ വ്യാപാരം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് ഗ്രാമിന് 100 രൂപ കുറയ്ക്കാന്‍ തീരുമാനിച്ചത്.
കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവയില്‍ വരുത്തിയ മാറ്റം കേരളത്തിലെ വിലയില്‍ പ്രതിഫലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. കഴിഞ്ഞയിടെ വില ഉയര്‍ന്നു നിന്നപ്പോള്‍ സ്വര്‍ണം ശേഖരിച്ച വ്യാപാരികള്‍ക്ക് പെട്ടെന്നുണ്ടായ കുറവ് വലിയ നഷ്ടത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നികുതി കുറവിന് ആനുപാതികമായ വില കുറവ് വരുത്താതിരുന്നതെന്നാണ് കരുതുന്നത്. ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയ സ്റ്റോക്ക് വിറ്റു തീരുന്ന മുറയ്ക്ക് വില കുറച്ചേക്കുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാലിതിനിടെ ചില ഗ്രൂപ്പുകള്‍ സ്വന്തം നിലയ്ക്ക് വില കുറയ്ക്കുമെന്ന നിലപാടെടുത്തതാണ് ഇപ്പോള്‍ വില കുറയ്ക്കാനുള്ള തീരുമാനത്തിലെത്താനുള്ള കാരണമെന്നാണ് അറിയുന്നത്.
സ്വര്‍ണ ആഭരണ പ്രേമികള്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങേണ്ടവര്‍ക്കും വലിയ ആശ്വാസമാണ് വില കുറവ്.
ഇന്ന് ഒരു പവന്‍ ആഭരണത്തിന് വില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,400 രൂപ. പക്ഷെ ഈ വിലയ്ക്ക് ഒരു പവന്‍ ആഭരണം വാങ്ങാന്‍ ആകില്ല. ഇന്നത്തെ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+18% ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 54,561 രൂപയെങ്കിലും നല്‍കിയാലേ ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകൂ. അതായത് ഇന്നത്തെ സ്വര്‍ണ വിലയേക്കാള്‍ 4,161 രൂപയെങ്കിലും കൂടുതലായി കൈയില്‍ കരുതേണ്ടി വരും.