മലയാളികളുടെ പൊന്ന് തിരിച്ചിറക്കം തുടരുന്നു, ഇന്ന് വില ഇങ്ങനെ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തിരിച്ചിറക്കം തുടരുന്നു. ഇന്നലെ ഒറ്റയടിക്ക് ഗ്രാമിന് 70 രൂപ കുറഞ്ഞ സ്വര്‍ണ വിലയില്‍ ഇന്ന് ഗ്രാമിന് 5 രൂപയുടെ കുറവുണ്ട്. ഇതോടെ ഗ്രാം വില 7,025 രൂപയായി. പവന്‍ വില 40 രൂപ കുറഞ്ഞ് 56,200 രൂപയുമായി. ഈ ആഴ്ച ഇതു വരെ പവന്‍ വിലയില്‍ 760 രൂപയുടെ കുറവുണ്ടായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും 5 രൂപ കുറഞ്ഞ് ഗ്രാമിന് 5,805 രൂപയിലെത്തി.

വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 96 രൂപയിലാണ് വ്യാപാരം.

രാജ്യാന്തര വിലയ്‌ക്കൊപ്പം

കഴിഞ്ഞ ഒരാഴ്ചയോളമായി രാജ്യാന്തര സ്വര്‍ണ വില ഇടിയുന്നതാണ് കേരളത്തിലും വിലക്കുറവിന് കളമൊരുക്കിയത്. ഇന്നലെ ഔണ്‍സിന് 0.54 ശതമാനം ഇടിഞ്ഞ് 2,607.77 ഡോളറിലാണ് സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്.
ഡോളറിന്റെ മുന്നേറ്റവും ഇസ്രയേല്‍- റാന്‍ സംഘര്‍ഷത്തിന് അയവു വരുന്നതായുള്ള റിപ്പോര്‍ട്ടുകളുമാണ് രാജ്യന്തര വിലയില്‍ കുറവുണ്ടാക്കിയത്. അതേസമയം, ഇന്ന് 0.17 ശതമാനം ഉയര്‍ന്ന് 2,612.31 ഡോളറിലെത്തിയിട്ടുണ്ട്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ അടുത്ത ധനനയ പ്രഖ്യാപനത്തിലാണ് സ്വര്‍ണ നിക്ഷേപകരുടെ ശ്രദ്ധ. ഇന്ന് പുറത്തു വരുന്ന യു.എസിലെ വിലക്കയറ്റ സൂചികകളും സ്വര്‍ണ വിലയെ സ്വാധീനിച്ചേക്കാം.

ഇന്ന് ഒരു പവന്‍ ആഭരണത്തിന്റെ വില

ഇന്ന് ഒരു പവന്റെ വില 56,200 രൂപയാണെങ്കിലും ഒരു പവന്‍ ആഭരണത്തിന് ആ തുക മതിയാകില്ല. ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ്, അതിന്റെ 18 ശതമാനം ജി.എസ്.ടി, പിന്നെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 60,833 രൂപയെങ്കിലും ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനായി നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. 10 ശതമാനം പണിക്കൂലി വരുന്ന ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ 63,728 രൂപയെങ്കിലും നല്‍കേണ്ടി വരും. സ്വര്‍ണത്തിന്റെ കേരളത്തിലെ റെക്കോഡ് വിലയുമായി നോക്കുമ്പോള്‍ ഇന്ന് ഒരു പവന്‍ ആഭരണത്തിന്റെ വിലയില്‍ 822 രൂപയോളം കുറവു വന്നിട്ടുണ്ട്.


Related Articles
Next Story
Videos
Share it