അമേരിക്കന്‍ പലിശപ്പേടിയില്‍ വീണ്ടും ഉയര്‍ന്ന് സ്വര്‍ണം; കേരളത്തില്‍ ഒറ്റയടിക്ക് വന്‍ വര്‍ധന

കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ വന്‍ മുന്നേറ്റം. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 6,400 രൂപയിലും പവന് 640 രൂപ കൂടി 51,200 രൂപയിലുമാണ് വ്യാപാരം. അന്താരാഷ്ട്ര വിലയുടെ ചുവടു പിടിച്ചാണ് കേരളത്തിലും വില മുന്നേറുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി അന്താരാഷ്ട്ര വില ഉയരുകയാണ്. തിങ്കളാഴ്ച 1.04 ശതമാനവും ഇന്നലെ 0.36 ശതമാനവും ഉയര്‍ന്ന് ഔണ്‍സിന് 2,417.22 രൂപയിലാണ് ഇന്ന് സ്വര്‍ണത്തിന്റെ വ്യാപാരം.

അന്താരാഷ്ട വിലയ്‌ക്കൊപ്പം

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഇന്ന് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ചുള്ള തീരുമാനം പ്രഖ്യാപിക്കുന്നതാണ് സ്വര്‍ണ വിലയെ ബാധിച്ചത്. ഇത്തവണ നിരക്ക് കുറയ്ക്കില്ലെങ്കിലും സെപ്റ്റംബറില്‍ നിരക്ക് കുറയ്ക്കും എന്ന സൂചന ഇന്ന് നല്‍കിയേക്കും. ഇതിനെ ആശ്രയിച്ചായിരിക്കും സ്വര്‍ണ വിലയുടെ ഇനിയുള്ള നീക്കം.

അടിസ്ഥാന പലിശ നിരക്കുകള്‍ കുറയുന്നത് കടപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷകമല്ലാതാക്കും. ഇത് സ്വര്‍ണത്തിലേക്ക് നീക്ഷപ ഒഴുക്കു വര്‍ധിപ്പിക്കുകയും വില കൂടാനിടയാക്കുകയും ചെയ്യും. പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിക്കുന്നതും സ്വര്‍ണത്തിന്റെ വില ഉയര്‍ത്താനിടയാക്കുന്നുണ്ട്. യുദ്ധം ഉള്‍പ്പെടെയുള്ള രാഷ്ട്രിയ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുമ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നതാണ് ഇതിനു കാരണം.
18 കാരറ്റും വെള്ളിയും
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് മുന്നേറി. ഗ്രാമിന് 70 രൂപ വര്‍ധിച്ച് വില 5,300 രൂപയിലെത്തി. വെള്ളിവിലയും ഒരിടവേളയ്ക്ക് ശേഷം ഇന്ന് ഉയര്‍ന്നു. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 90 രൂപയിലേക്ക് തിരിച്ചെത്തി.



Related Articles
Next Story
Videos
Share it