Begin typing your search above and press return to search.
കൊറിയന്‍, ഫ്രഞ്ച് പ്രതിസന്ധിയില്‍ അടിച്ചുകയറി സ്വര്‍ണം! ഇടവേളക്ക് ശേഷം വീണ്ടും വര്‍ധന
കേരളത്തിലെ സ്വര്‍ണ വില ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ഇന്ന് വര്‍ധിച്ചു. ഗ്രാമിന് 10 രൂപ കൂടി 7,140 രൂപയിലെത്തി. പവന് 80 രൂപ വര്‍ധിച്ച് 57,120 രൂപയാണ്. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയില്‍ ഗ്രാമിന് 5 രൂപ കൂടി. വെള്ളി വില തുടര്‍ച്ചയായ രണ്ടാം ദിവസവും ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 99 രൂപയിലെത്തി.
കൊറിയന്‍, ഫ്രഞ്ച് പ്രതിസന്ധി
ഫ്രാന്‍സിലും ദക്ഷിണ കൊറിയയിലുമുണ്ടായ രാഷ്ട്രീയ അസ്ഥിരതയാണ് സ്വര്‍ണത്തിന് വില വര്‍ധിക്കാന്‍ കാരണമായി വിദഗ്ധര്‍ പറയുന്നത്. രാജ്യഭരണം അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രസിഡന്റ് യൂന്‍ സുക്ക് യൂള്‍ പട്ടാളഭരണം ഏര്‍പ്പെടുത്തിയതോടെയാണ് ദക്ഷിണ കൊറിയയില്‍ പ്രതിസന്ധി രൂപപ്പെട്ടത്. 6 മണിക്കൂര്‍ മാത്രം നീണ്ടുനിന്ന പട്ടാള ഭരണത്തിനൊടുവില്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ പാര്‍ലമെന്റ് തീരുമാനിക്കുകയും ചെയ്തു. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,656 ഡോളറെന്ന നിലയിലാണ് വ്യാപാരം. കഴിഞ്ഞ ദിവസം പുറത്തുവന്ന അമേരിക്കയിലെ ഒക്ടോബറിലെ തൊഴില്‍ കണക്കുകളും വിലയെ സ്വാധീനിച്ചു. അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് ഫ്രഞ്ച് സര്‍ക്കാര്‍ രാജിവക്കേണ്ട സാഹചര്യമുണ്ടായതും മഞ്ഞലോഹത്തിന്റെ കയറ്റത്തിനിടയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഭരണം വാങ്ങാന്‍ എത്ര വേണം
ഡിസംബറില്‍ ഇതുവരെ പവന് 400 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ ഒരു പവന് ഇന്ന് 57,120 രൂപയാണെങ്കിലും അതുമാത്രം നല്‍കിയാല്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കഴിയില്ല. നികുതിയും പണിക്കൂലിയും അടക്കം ഇന്ന് 62,000 രൂപയോളം ഉണ്ടെങ്കിലേ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ കഴിയൂ. ആഭരണങ്ങളുടെ പണിക്കൂലി വ്യത്യാസമായതിനാല്‍ ഈ നിരക്കില്‍ വ്യത്യാസമുണ്ടാകും.
Next Story
Videos