കേരളത്തില്‍ സ്വര്‍ണത്തിന് വമ്പന്‍ വിലക്കയറ്റം, ഒറ്റയടിക്ക് 960 രൂപ കൂടി, വിവാഹ പര്‍ച്ചേസുകാര്‍ക്ക് കനത്ത തിരിച്ചടി

അന്താരാഷ്ട്ര സ്വര്‍ണ വില റെക്കോഡ് കുതിപ്പ് കാഴ്ചവച്ചത് കേരളത്തിലും വിലയില്‍ വന്‍ വര്‍ധനയ്ക്കിടയാക്കി. ഒറ്റയടിക്ക് പവന് 960 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 120 രൂപയും. ഇതോടെ ഗ്രാം വില 6,825 രൂപയും പവന്‍ വില 54,600 രൂപയുമായി.

ഇക്കഴിഞ്ഞ ജൂലൈ 18ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണം. അന്ന് 54,880 രൂപയായിരുന്നു വില. 2024 മേയ് 20ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വില. ഇന്നത്തെ വിലക്കയറ്റത്തോടെ റെക്കോഡിന് അടുത്തെത്തിയിരിക്കുകയാണ് സ്വര്‍ണ വില.
ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 100 രൂപ വര്‍ധിച്ച് 5,660 രൂപയിലെത്തി.
വെള്ളി വിലയും ഇന്ന് കുതിപ്പിലാണ്. ഗ്രാമിന് മൂന്ന് രൂപ വര്‍ധിച്ച് 93 രൂപയിലെത്തി.
അന്താരാഷ്ട വിലയിൽ റെക്കോഡ്
അന്താരാഷ്ട്ര സ്വര്‍ണം സര്‍വകാല റെക്കോഡായ 2,570 ഡോളര്‍ തൊട്ടു. ഇന്നലെ 1.88 ശതമാനം ഉയര്‍ന്ന് പുതിയ ഉയരം തൊട്ട സ്വര്‍ണം ഇന്നും കുതിപ്പ് തുടരുകയായിരുന്നു. രാവിലെ 0.35 ശതമാനം ഉയര്‍ന്ന് 2,567.61 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
യു.എസിലെ പണപ്പെരുപ്പം പ്രതീക്ഷയിലും താഴെയായതും തൊഴിലില്ലായ്മ കണക്കുകള്‍ ഉയര്‍ന്നതും സാമ്പത്തിക രംഗം മാന്ദ്യത്തിലേക്കെന്ന സൂചനകളാണ് നല്‍കിയത്. ഇത് ഫെഡറല്‍ റിസര്‍വിനെ അടുത്ത ആഴ്ചയില്‍ തന്നെ പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിന് നിര്‍ബന്ധിതമാക്കുമെന്നതാണ് സ്വര്‍ണത്തില്‍ പെട്ടെന്നുള്ള മുന്നേറ്റത്തിന് കാരണം. ആഗസ്റ്റില്‍ യു.എസ് ഉത്പാദന വില സൂചിക പ്രതീക്ഷിച്ചതിനേക്കാള്‍ നേരിയ തോതില്‍ കൂടിയെങ്കിലും നിരക്ക് കുറയ്ക്കല്‍ ഉടനുണ്ടാകുമെന്ന് വിപണി വിശ്വസിക്കുന്നു
സമ്പദ് വ്യവസ്ഥയിലേക്ക് പണം വരണമെന്നുണ്ടെങ്കില്‍ കമ്പനികള്‍ക്കും മറ്റും കുറഞ്ഞ പലിശ നിരക്കില്‍ വായപ ലഭ്യമാക്കേണ്ടതുണ്ട്. എന്നാല്‍ ഒറ്റയടിക്ക് വന്‍ കുറവ് വരുത്തുന്നതിനേക്കാള്‍ വിവിധ തവണയായി കുറയ്ക്കാനുള്ള സാധ്യതയാണ് നിരീക്ഷകര്‍ പങ്കുവയ്ക്കുന്നത്. ചെറിയൊരു കുറവു വന്നാല്‍ പോലും കടപ്പത്രങ്ങളുടെയും മറ്റും നേട്ടം കുറയുകയും നിക്ഷേപകര്‍ സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ചേക്കേറാന്‍ ഇടയാക്കുകയും ചെയ്യും. ഇത് സ്വര്‍ണ വിലയില്‍ ഉയര്‍ച്ചയുണ്ടാക്കും.
ഇന്ന് ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്
ഒരു പവന്‍ ആഭരണത്തിന്റെ വിലയേക്കാള്‍ 4,503 രൂപയെങ്കിലും അധികമായി ചെലവാക്കിയാലേ ഇന്ന് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് സ്വന്തമാക്കാനാകുക. അതായത് ഇന്നത്തെ സ്വര്‍ണ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 59,103 രൂപയെങ്കിലും വേണ്ടി വരും. വിവിധ ആഭരണങ്ങള്‍ക്ക് അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരും. അത് വിലയേയും ബാധിക്കും.


Related Articles
Next Story
Videos
Share it