സ്വര്‍ണ വിലയില്‍ ഇന്ന് കുറവ്‌! അക്ഷയ തൃതീയയ്ക്ക് മികച്ച പ്രതികരണം; കേരളത്തില്‍ വിറ്റത് 1,500 കിലോ സ്വര്‍ണം

ആഭരണപ്രേമികളെയും വിവാഹ പര്‍ച്ചേസുകാര്‍ക്കും ആശ്വാസം നല്‍കി കേരളത്തില്‍ ഇന്ന്‌ സ്വര്‍ണ വില കുറഞ്ഞു. ഗ്രാം വില 30 രൂപ കുറഞ്ഞ്‌ 6,725 രൂപയും പവന്‍വില 240 രൂപ താഴ്ന്ന്‌ 53,800 രൂപയിലുമെത്തി. ഇന്നലെ അക്ഷയ തൃതീയ ദിനത്തില്‍ പവന് 680 രൂപ വര്‍ധിച്ചിരുന്നു.

18ഗ്രാം സ്വര്‍ണവിലയും ഇന്ന് കുറഞ്ഞു. ഗ്രാമിന് 25 രൂപ താഴ്ന്ന്‌ 5,595 രൂപയാണ് വില. വെള്ളിവില മാറ്റമില്ലാതെ 90 രൂപയില്‍ തുടരുന്നു. ഇന്നലെ രണ്ട് രൂപ വര്‍ധിച്ചിരുന്നു.

യു.എസിലെ സ്വര്‍ണവിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില കുറഞ്ഞത്. ഇന്നലെ സ്‌പോട്ട് സ്വര്‍ണം ഔണ്‍സിന് ഒരു ശതമാനം ഉയര്‍ന്ന് 2,369.49 രൂപയിലെത്തിയിരുന്നു. യു.എസില്‍ നിന്നുള്ള തൊഴില്‍ വിവരകണക്കുകള്‍ മോശമായ സാഹചര്യത്തില്‍ ഫെഡറല്‍ റിസര്‍വ് ഉടന്‍ പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനയാണ് സ്വര്‍ണത്തെ ബാധിച്ചത്.

കഴിഞ്ഞ മാസം 19ന് കുറിച്ച ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമാണ് സ്വര്‍ണ വിലയിലെ കേരളത്തിലെ റെക്കോഡ്.

വില്‍പ്പന പൊടിപൊടിച്ച് അക്ഷയ തൃതീയ

ഇന്നലെ സ്വര്‍ണ വില ഉയര്‍ന്ന് നിന്നിട്ടും അക്ഷയ തൃതീയ ദിനത്തിന് മികച്ച പ്രതികരണമാണ് കേരളത്തിലെ ഉപയോക്താക്കളില്‍ നിന്ന് ലഭിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു. ചെറിയ ഗ്രാമങ്ങളിലെ ജുവലറികളില്‍ പോലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍, ഡയമണ്ട് ആഭരണങ്ങള്‍, നാണയങ്ങള്‍, ബാറുകള്‍ എന്നിവയക്കായിരുന്നു ആവശ്യക്കാര്‍ ഏറെയെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ദേശീയ ഡയറക്ടര്‍ എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു. 18 കാരറ്റ് ആഭരണങ്ങള്‍ക്കും ഡിമാന്‍ഡ് വലിയതോതില്‍ ഉയര്‍ന്നിട്ടുണ്ട്.

കേരളത്തില്‍ സാധാരണ 600 കിലോ സ്വര്‍ണമാണ് പ്രതിദിനം വില്‍ക്കുന്നത്. ഇന്നലെ അക്ഷയ തൃതീയ ദിനത്തില്‍ അത് 1,500 കിലോ ആയെന്നാണ് പ്രാഥമിക കണക്കുകള്‍ പറയുന്നത്. ഇന്നലെ രാത്രി വൈകിയും സ്വര്‍ണകടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ അഞ്ചു മുതല്‍ ഏഴ് വരെ ശതമാനം വ്യാപാരത്തോത് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. അക്ഷയതൃതീയ ദിനത്തില്‍ ഇന്ത്യ ഒട്ടാകെ 20 മുതല്‍ 23 ടണ്‍ വരെ സ്വര്‍ണം വിറ്റതായാണ് കണക്കുകള്‍.

കഠിനം, വിലകയറ്റം

കഴിഞ്ഞ വര്‍ഷം അക്ഷയതൃതീയ ദിനത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റ ഒരു ഗ്രാമിന് വില 5,575 രൂപയായിരുന്നു. അതേസമയം ഇന്നലെ 18 കാരറ്റിന്റെ വില 5,575 രൂപയെത്തി.

ഒരു വര്‍ഷത്തിനിടെ 1,125 രൂപയുടെ വര്‍ധനയാണ് ഒരു ഗ്രാം സ്വര്‍ണത്തിലുണ്ടായത്. പവന് 9,000 രൂപയുടെ വര്‍ധന. എന്നാല്‍ സ്വര്‍ണാഭരണ ശാലകളുടെ ഓഫറുകളും മുന്‍കൂര്‍ ബുക്കിംഗ് സൗകര്യവുമെല്ലാം പ്രയോജനപ്പെടുത്തി ആളുകള്‍ സ്വര്‍ണം വാങ്ങാനെത്തിയതാണ് അക്ഷയ തൃതീയ ദിനത്തില്‍ വില്‍പ്പന ഉയര്‍ത്തിയത്.

Resya R
Resya R  

Related Articles

Next Story

Videos

Share it