റഷ്യന്‍ നീക്കത്തില്‍ ഭയന്ന് സ്വര്‍ണം, കേരളത്തിലും പിടിവിട്ടു, ഈ ആഴ്ച കൂടിയത് 1,440 രൂപ

റഷ്യ-യുക്രൈന്‍ യുദ്ധ ആശങ്കകള്‍ വീണ്ടും ഉയര്‍ന്നത് സ്വര്‍ണ വിലയിലും കുതിപ്പിന് കളമൊരുക്കി. യുക്രൈനെതിരെ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന സൂചന റഷ്യ നല്‍കിയതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് ചേക്കേറുന്നതാണ് വില ഉയര്‍ത്തുന്നത്. ഇതിനൊപ്പം ഫെഡറല്‍ റിസര്‍വ് ഡിസംബറില്‍ നിരക്ക് കുറയ്ക്കുമെന്ന സൂചനകളും സ്വര്‍ത്തെ ഉയര്‍ത്തുന്നുണ്ട്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യാന്തര സ്വര്‍ണ വിലയില്‍ മുന്നേറ്റമുണ്ടാകുന്നത്. തിങ്കളാഴ്ച ഔണ്‍സ് വില രണ്ട് ശതമാനം ഉയര്‍ന്ന് 2,612 ഡോളര്‍ എത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 16ന് ശേഷം ആദ്യമായാണ് ഒറ്റ ദിവസം രണ്ട് ശതമാനത്തിലധികം രാജ്യാന്തര വില ഉയരുന്നത്. ഇന്നലെ 0.75 ശതമാനം ഉയർന്ന സ്വർണം ഇന്ന് നേരിയ നേട്ടത്തോടെ 2,641 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.

കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും മറ്റ് ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങളുമെല്ലാം സ്വര്‍ണത്തെ സ്വാധീനിക്കുന്നുണ്ട്. നവംബര്‍ അഞ്ചിന് 2,750 ഡോളര്‍ വരെ എത്തിയ സ്വര്‍ണം ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേക്ക് എത്തുമെന്ന്‌ ഉറപ്പായതിനു ശേഷം തുടര്‍ച്ചയായി ഇടിവിലായിരുന്നു. നവംബര്‍ 15 വരെ ആറ് ശതമാനത്തോളം ഇടിഞ്ഞ ശേഷമാണ് ഇപ്പോഴത്തെ മുന്നേറ്റം.

കേരളത്തിലും വില കുതിപ്പ്

രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വര്‍ണ വില മുന്നേറ്റത്തിലാണ്. ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7,115 രൂപയായി. പവന്‍ വില 400 രൂപ ഉയര്‍ന്ന് 56,920 രൂപയിലുമെത്തി.
ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഉയര്‍ന്നു. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 56,920 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വെള്ളി വില മാറ്റമില്ലാതെ ഗ്രാമിന് 99 രൂപയില്‍ തുടരുന്നു.
നവംബര്‍ ഒന്നിനു ശേഷം കേരളത്തില്‍ സ്വര്‍ണ വിലയില്‍ കാര്യമായ ഇടിവുണ്ടായത് ആഭരണ പ്രേമികള്‍ക്കും വിവാഹ പര്‍ച്ചേസുകാര്‍ക്കും വലിയ ആശ്വാസം പകര്‍ന്നിരുന്നു. പലരും താഴ്ന്ന വിലയില്‍ സ്വര്‍ണം സ്വന്തമാക്കാനായി മുന്‍കൂര്‍ ബുക്കിംഗ് സൗകര്യങ്ങളും പ്രയോജനപപെടുത്തി. എന്നാല്‍ ഇപ്പോള്‍ വീണ്ടും സ്വര്‍ണ വില ഉയര്‍ന്നു തുടങ്ങിയത് ആശങ്കയാകുന്നുണ്ട്. ഈ ആഴ്ച മൂന്ന് ദിവസം കൊണ്ട് 1,440 രൂപയുടെ വര്‍ധനയാണുണ്ടായത്. ഇന്നത്തെ സ്വര്‍ണത്തിന്റെ വിലയനുസരിച്ച് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് അഞ്ച് ശതമാനം പണിക്കൂലിയും മറ്റ് നികുതികളുമടക്കം 61,600 രൂപയ്ക്ക് മുകളില്‍ നല്‍കണം.
Related Articles
Next Story
Videos
Share it