അപ്രതീക്ഷിത നീക്കത്തില്‍ കേരളത്തില്‍ സ്വര്‍ണവില, അന്താരാഷ്ട്രവിലയില്‍ വന്‍ വീഴ്ച

സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച തുടര്‍ച്ചയായ മുന്നേറ്റം കാഴ്ചവച്ച സ്വര്‍ണത്തിന് ഇന്ന് വന്‍വീഴ്ച. പവന്‍ വില 800 രൂപ കുറഞ്ഞ് 57,600 രൂപയും ഗ്രാം വില 100 രൂപ കുറഞ്ഞ് 7,200 രൂപയുമെത്തി.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് താഴ്ന്നു. ഗ്രാമിന് 80 രൂപ കുറഞ്ഞ് 5,940 രൂപയിലാണ് വ്യാപാരം.
വെള്ളി വില ഇന്നും മാറ്റമില്ലാതെ ഗ്രാമിന് 98 രൂപയില്‍ തുടരുന്നു. വെള്ളിയാഴ്ചയാണ് ഗ്രാം വില ഒരു രൂപ കുറഞ്ഞ് 98 രൂപയിലെത്തിയത്.

വില ഇടിവിന് പിന്നിൽ

മൂന്നാഴ്ചയ്ക്കിടയിലുള്ള ഉയര്‍ന്ന വിലയില്‍ നിന്നാണ് സ്വര്‍ണം താഴേക്ക് പതിച്ചതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്ന വിലയില്‍ സ്വര്‍ണത്തില്‍ ലാഭമെടുപ്പുണ്ടായതാണ് പ്രധാന കാരണം. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്നുള്ള പ്രതീക്ഷകളുണ്ടെങ്കിലും കൂടുതല്‍ കണക്കുകള്‍ പുറത്തുവരാന്‍
കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ഓഹരി വിപണിയിലെ കുത്തനെയുള്ള നേട്ടവും സ്വര്‍ണ വിലയെ ബാധിച്ചു.
ട്രംപ് അമേരിക്കയില്‍ അധികാരത്തില്‍ തിരിച്ചുവരുമെന്ന് ഉറപ്പായതിനു ശേഷം ഇടിവിലായിരുന്ന സ്വര്‍ണ വില നവംബര്‍ 18 മുതലാണ് ഉയര്‍ച്ച തുടങ്ങിയത്. ആറ് ദിവസം കൊണ്ട് 2,920 രൂപയുടെ വര്‍ധനയും രേഖപ്പെടുത്തി. അതിനു ശേഷമാണ് ഇപ്പോള്‍ അപ്രതീക്ഷിതമായ വിലയിടിവ്.
യുദ്ധം ഉള്‍പ്പെടെയുള്ള ആഗോള രാഷ്ട്രീയ സാഹചര്യങ്ങളാണ് സ്വര്‍ണ വിലയെ മുന്നോട്ട് നയിച്ചത്. അതേ സമയം ഇന്ന് ഡോളര്‍ താഴ്ചയിലാണ്. ഡോളര്‍ സൂചിക വെള്ളിയാഴ്ച 107.55 ഡോളര്‍ വരെ കുതിച്ചു കയറിയിരുന്നു. ഇന്ന് 106.84ലേക്ക് ഇടിഞ്ഞു.
രാജ്യാന്തര സ്വര്‍ണ വിലയില്‍ ഇന്ന് 1.65 ശതമാനത്തിന്റെ ഇടിവുണ്ടായി. 2,719.48 ഡോളറില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണം 2,675 ഡോളറിലേക്ക് കുത്തനെ ഇടിഞ്ഞു.

ഇന്ന് ഒരു പവന്‍ ആഭരണത്തിന് വില

സ്വര്‍ണ വിലയിലെ കുറവ് വിവാഹ പര്‍ച്ചേസുകാര്‍ക്കും മറ്റും നേട്ടമാണ്. കുറഞ്ഞ വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഇന്ന് ഒരു പവന്റെ വില 57,600 രൂപയാണെങ്കിലും ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഈ തുക പോര. ഇന്നത്തെ സ്വര്‍ണ വിലയ്ക്കൊപ്പം ഹോള്‍മാര്‍ക്കിംഗ് ചാര്‍ജും നികുതികളും കൂടാതെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേര്‍ത്താല്‍ 62,348 രൂപയുണ്ടെങ്കിലെ ആഭരണം വാങ്ങാനാകു. ആഭരണങ്ങള്‍ക്കനുസരിച്ച് പണിക്കൂലി വ്യത്യാസം വരും. ഇത് വിലയിലും പ്രതിഫലിക്കും.

Related Articles
Next Story
Videos
Share it