സ്വര്‍ണത്തിന് ഇന്ന് അനക്കമില്ല, കുതിപ്പിനു മുന്‍പേയുള്ള ശാന്തതയോ?

കഴിഞ്ഞയാഴ്ചയത്തെ ചെറിയ കയറ്റിറക്കങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് നിശ്ചലാവസ്ഥയില്‍. വില ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലും മാറ്റമില്ലാതെ തുടരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 7ന് രേഖപ്പെടുത്തിയ 54,080 രൂപയാണ് കഴിഞ്ഞ ഒരു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വില. ജൂണ്‍ എട്ട് മുതല്‍ 10 വരെ വില 52,560 രൂപ എന്ന താഴ്ന്ന നിലവാരത്തിലുമായിരുന്നു. പിന്നീടങ്ങോട്ട് ചാഞ്ചാടി നില്‍ക്കുന്ന കാഴ്ചയാണ്. ഇതുവരെ കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില മേയ് 20ലേതാണ്. അന്ന് ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമായിരുന്നു. അതുമായി നോക്കുമ്പോള്‍ പവന്‍ വിലയില്‍ 2,120 രൂപയുടെ കുറവുണ്ടായിട്ടുണ്ട്.

ഇന്ന് 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 5,510 രൂപയില്‍ തുടരുന്നു. വെള്ളി വിലയിലും മാറ്റമില്ല. ഗ്രാമിന് 94 രൂപ.
വില കുതിക്കുമോ?
രാജ്യാന്തര വില ചാഞ്ചാടി നില്‍ക്കുന്നതാണ് കേരളത്തില്‍ സ്വര്‍ണ വില മാറ്റമില്ലാതെ നിറുത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി നേരിയ താഴ്ചയിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഇന്നലെ 0.03 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 2,324.98 ഡോളറായിരുന്നു. ഇന്ന് 0.03 ശതമാനം ഉയര്‍ന്ന് 2,325.61 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പും പലിശ നിരക്ക് കുറയ്ക്കലുമാണ് സ്വര്‍ണം ഇപ്പോള്‍ ഉറ്റു നോക്കുന്ന സംഭവങ്ങള്‍. അതുകൊണ്ട് തന്നെ ഈ ദിവസങ്ങളില്‍ വലിയ കുതിപ്പിനുള്ള സാധ്യത കാണുന്നില്ലെന്ന് നിരീക്ഷകര്‍ പറുന്നു. അതേ സമയം പലിശ നിരക്ക് കുറയ്ക്കുന്നതിന്റെ സൂചനകള്‍ വ്യക്തമാകുന്നതോടെ സ്വര്‍ണവിലയില്‍ കുതിപ്പുണ്ടാകാനും സാധ്യതയുണ്ട്.
ഇന്നത്തെ ഒരു പവന്‍ ആഭരണത്തിന്റെ വില
ഇന്നൊരു പവന്‍ സ്വര്‍ണത്തിന്റെ വില 53,000 രൂപ. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+18% ജി.എസ്.ടി), മിനിമം 5 ശതമാനം പണിക്കൂലി എന്നിവ ചേര്‍ത്താല്‍ 57,373 രൂപ കൊടുത്താലെ ഒരു പവന്‍ ആഭരണം കിട്ടു. ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലി 20 ശതമാനം വരെ കൂടാറുണ്ട്.
Related Articles
Next Story
Videos
Share it