സ്വര്‍ണ വില കുതിക്കുന്നു, സാധാരണക്കാരുടെ പോക്കറ്റിന് താങ്ങാനാകാത്ത ഉയരങ്ങളിലേക്ക്

സംസ്ഥാനത്ത് തുടര്‍ച്ചയായി ഉയരങ്ങളിലേക്ക് കുതിക്കുകയാണ് സ്വര്‍ണ വില. വിവാഹ പര്‍ച്ചേസുകാര്‍ക്കും ആഭരണ പ്രേമികള്‍ക്കും തിരിച്ചടിയായി ഇന്ന് ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 6,880 രൂപയിലെത്തി. പവന്‍ വില 120 കൂടി 55,040 രൂപയുമെത്തി. സ്വര്‍ണത്തിന്റെ എക്കാലത്തെയും ഉയരത്തിലേക്കാണ് സ്വര്‍ണത്തിന്റെ കുതിപ്പ്. കഴിഞ്ഞ മേയ് 20ന് കുറിച്ച പവന് 55,120 രൂപയാണ് കേരളത്തില്‍ റെക്കോഡ്.

മേയ് 20ന് ശേഷം ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറഞ്ഞിരുന്നു. ഇത് രാജ്യത്ത് സ്വര്‍ണ വിലയില്‍ കാര്യമായി കുറവ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വില ഉയര്‍ന്നതോടെ സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡ് തകര്‍ത്ത് മുന്നേറാനുള്ള ശ്രമത്തിലാണ്. ഈ നിലയില്‍ തുടര്‍ന്നാല്‍ അടുത്ത ദിവസങ്ങളില്‍ തന്നെ റെക്കോഡ് പഴങ്കഥയായേക്കും.

18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,700 രൂപയായി. വെള്ളി വിലയും മുന്നേറ്റം തുടരുന്നു. ഗ്രാം വില ഒരു രൂപ വര്‍ധിച്ച് 96 രൂപയിലെത്തി.

റെക്കോഡുകള്‍ പഴങ്കഥയാക്കി അന്താരാഷ്ട്ര വില
അന്താരാഷ്ട്ര സ്വര്‍ണ വില അനുദിനമെന്നോണം റെക്കോഡുകള്‍ തിരുത്തി മുന്നേറുകയാണ്. ഇന്ന് ഔണ്‍സിന് 2,589.02 ഡോളര്‍ എന്ന സര്‍വകാല റെക്കോഡ് കുറിച്ചു. ഈ ആഴ്ച അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്നുള്ള പ്രതീക്ഷയാണ് സ്വര്‍ണത്തെ ഉയര്‍ത്തുന്നത്. പലിശ നിരക്ക് പ്രതീക്ഷകള്‍ സ്വര്‍ണത്തെയും ഡോളറിനേയും വിരുദ്ധ ദിശകളിലേക്ക് നയിക്കുന്നുണ്ട്. ഡോളര്‍ താഴ്ച തുടരുന്നത് സ്വര്‍ണത്തില്‍ കുതിപ്പുണ്ടാക്കും. സെപ്റ്റംബര്‍ 17-18 തീയതികളിലാണ് അടുത്ത ഫെഡറല്‍ റിസര്‍വ് കൂടിക്കാഴ്ച. ബാങ്ക് ഓഫ് ഇംഗ്‌ളണ്ടും ബാങ്ക് ഓഫ് ജപ്പാനും ഈ ആഴ്ച അവസാനത്തോടെ പുതിയ പോളിസി തീരുമാനം പ്രഖ്യാപിക്കുന്നുണ്ട്.
നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും വധശ്രമമുണ്ടായത് രാഷ്ട്രീയ സാഹചര്യം മോശമാക്കുന്നുണ്ട്.
ആഭരണം വാങ്ങുന്നവരുടെ പോക്കറ്റ് കീറും
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വില 55,040 രൂപയാണ്. പക്ഷേ, അത്രയും തുക നല്‍കിയാല്‍ ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകില്ല. ഇന്നത്തെ സ്വര്‍ണ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 60,000 രൂപയോളം വേണം. അതായത് ഒരു പവന്‍ ആഭരണത്തിന്റെ വിലയേക്കാള്‍ 5,000 രൂപയെങ്കിലും അധികമായി കൈയില്‍ കരുതേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ഇത് ആഭരണത്തിന്റെ വിലയിലും മാറ്റമുണ്ടാക്കും.

Related Articles

Next Story

Videos

Share it