മിന്നല്‍ വേഗത്തില്‍ റെക്കോഡില്‍ കയറി സ്വര്‍ണം, രാജ്യാന്തര വിലയിലും കയറ്റം

സംസ്ഥാനത്ത് സ്വര്‍ണ വില ഒറ്റ ദിവസം കൊണ്ട് മലക്കം മറിഞ്ഞു. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 7,140 രൂപയും പവന് 360 രൂപ വര്‍ധിച്ച് 57,120 രൂപയുമായി. കേരളത്തില്‍ ഇതു വരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒക്ടോബര്‍ നാലിന് കുറിച്ച ഗ്രാമിന് 7,120 രൂപയും പവന് 56,960 രൂപയുമെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്.

18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് ഇന്ന് 5,900 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79 ലക്ഷം രൂപ കടന്നു.

വെള്ളി വിലയ്ക്ക് ഇന്നും അനക്കമില്ല. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം.

അന്താരാഷ്ട്ര വിലയ്‌ക്കൊപ്പം

അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 2,665 ഡോളറിലെത്തി. കഴിഞ്ഞ രണ്ട് ദിവസമായി സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണവിലയുടെ മുന്നേറ്റം തുടരുകയാണ്. വില 2,700 ഡോളര്‍ കടന്നേക്കുമെന്ന് സൂചനകളാണ് വരുന്നത്. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 84.04 ആണ്.

അമേരിക്കന്‍ പലിശ നിരക്ക്, ഡോളര്‍ വിനിമയ നിരക്ക്, മറ്റ് ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ തുടങ്ങി പല കാരണങ്ങളാണ് സ്വര്‍ണ വിലയെ ഉയര്‍ത്തുന്നത്. കേരളത്തില്‍ വിവാഹ പര്‍ച്ചേസുകാര്‍ക്ക് ഉള്‍പ്പെടെ തിരിച്ചടിയാണ് സ്വര്‍ണ വിലയിലെ മുന്നേറ്റം. ദീപാവലി ഉള്‍പ്പെടെയുള്ള ഉത്സവകാല പര്‍ച്ചേസുകള്‍ ആരംഭിക്കാനിരിക്കെയാണ് വിലക്കയറ്റം.

ഒരു പവന്‍ ആഭരണം വാങ്ങാന്‍

ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞത് അഞ്ചു ശതമാനം പണിക്കൂലി, മൂന്നു ശതമാനം ജിഎസ്ടി, എച്ച്‌.യു.ഐ.ഡി ചാര്‍ജുകള്‍ എന്നിവയും ചേര്‍ത്താല്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 62,000 രൂപ വരും.
Related Articles
Next Story
Videos
Share it