സ്വര്‍ണം വാങ്ങാന്‍ മികച്ച അവസരമോ? കേരളത്തില്‍ വില താഴേക്ക്, രണ്ടു ദിവസത്തില്‍ 1,160 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കുത്തനെ ഇടിഞ്ഞു. ഗ്രാം വില 90 രൂപ താഴ്ന്ന് 7,140 രൂപയും പവന്‍ വില 720 കുറഞ്ഞ് 57,120 രൂപയുമായി.
18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 75 രൂപ കുറഞ്ഞ് 5,895 രൂപയിലെത്തി. വെള്ളി വിലയും ഇന്ന് താഴേക്കാണ്. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 97 രൂപയിലാണ് വ്യാപാരം. കേരളത്തില്‍ ഡിസംബര്‍ 12ന് 58,280 രൂപ വരെ ഉയര്‍ന്ന ശേഷം സ്വര്‍ണ വില താഴേക്കാണ്. രണ്ടു ദിവസം കൊണ്ട് വില 1,160 രൂപ കുറഞ്ഞു.
ചൈനയുടെ വാങ്ങലും ലാഭമെടുപ്പും
രാജ്യന്തരവിലയാണ് കേരളത്തിലും ബാധിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ചൈന വീണ്ടും സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയത് രാജ്യാന്തര സ്വര്‍ണ വിലയെ 2,700 ഡോളറിന് മുകളില്‍ എത്തിച്ചിരുന്നു. ആറ് മാസം സ്വര്‍ണത്തോട് മുഖം തിരിച്ച ചൈനീസ് പീപ്പിള്‍സ് ബാങ്ക് നവംബറില്‍ അഞ്ച് ടണ്‍ സ്വര്‍ണമാണ് വാങ്ങിയത്. എന്നാല്‍ ഉയര്‍ന്ന വിലയില്‍ നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതോടെ വില ഇടിയുകയായിരുന്നു. നിലവില്‍ ഔണ്‍സിന് 2,648 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം.
റിസര്‍വ് ബാങ്കിന്റെ പലിശ തീരുമാനത്തിനായി കാത്തിരിക്കുന്ന നിക്ഷേപകര്‍ വലിയ നിക്ഷേപത്തിന് മുതിരുന്നില്ല. കഴിഞ്ഞയാഴ്ച പുറത്തുവന്ന യു.എസിന്റെ മൊത്ത വ്യാപാര പണപ്പെരുപ്പം 3 ശതമാനം ഉയര്‍ച്ചയാണ് കാണിച്ചത്. ഇത് ഉപയോക്തൃ വിലപ്പെരുപ്പം നിലനില്‍ക്കുമെന്ന സൂചനയാണ് നല്‍കിയത്. ഫെഡറല്‍ റിസര്‍വിന്റെ പലിശ തീരുമാനത്തെ ഇത് സ്വാധീനിക്കാനിടയുണ്ട്. അടുത്തയാഴ്ച ഫെഡറല്‍ റിസര്‍വ് പിലശ നിരക്ക് കാല്‍ ശതമാനം കുറയ്ക്കുമെന്നാണ് പൊതുവേ പ്രതീക്ഷകള്‍. പലിശ കുറഞ്ഞാല്‍ സ്വര്‍ണ വില വീണ്ടും ഉയരും.
ഒരു പവന്‍ ആഭരണത്തിന് വില
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് വില 57,120 രൂപയാണ്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാന്‍ ഈ തുക മതിയാകില്ല. ഇന്നത്തെ പവന്‍ വിലയ്ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുത, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 61,828 രൂപ നല്‍കേണ്ടി വരും. തിരഞ്ഞെടുക്കുന്ന ആഭരണങ്ങളുടെ ഡിസൈനുകള്‍ക്കനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.